തിരുവനന്തപുരം : വിദ്യാർത്ഥിനികളെ ലൈംഗികമായി അധിക്ഷേപിക്കുകയും അദ്ധ്യാപകരുടെ ചെരുപ്പും ആശുപത്രി ശുചിമുറിയും വൃത്തിയാക്കിക്കുകയും ചെയ്ത ചേർത്തല എസ്.എച്ച് നഴ്സിങ് കോളേജിലെ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീത മേരിക്ക് കുരുക്ക് മുറുക്കി കേരള നഴ്സിങ് കൗൺസിൽ. കുട്ടികൾ കൗൺസിലിന് നൽകിയ പരാതികളെല്ലാം തിങ്കളാഴ്ച ഡി.ജി.പി അനിൽകാന്തിന് കൈമാറും. ഡി.ജി.പിചേർത്തല പൊലീസിനാകും പരാതി കൈമാറുക. ചേർത്തല സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്യുക.

ഇതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തേക്കും. അടുത്തെങ്ങും നഴ്സിങ് കൗൺസിൽ ഇത്തരമൊരു കടുത്ത നടപടി കോളേജുകൾക്ക് നേരെ സ്വീകരിച്ചിട്ടില്ല. വൈസ് പ്രിൻസിപ്പലിന്റെ രജിസ്ട്രഷന് സസ്പെൻഡ് ചെയ്തതോടെ സ്വാഭാവികമായും ഇനി സ്ഥാനത്ത് തുടരാനുമാകില്ല. കുട്ടികൾക്ക് ആനുപാതികമായി രോഗികൾക്കുള്ള കിടക്കയില്ലാത്തതും മതി ഫീസ് ഈടാക്കുന്നുവെന്ന പരാതിയും കണക്കിലെടുത്ത് കോളേജിന്റെ അഫിലിയേഷൻ താത്കാലികമായി റദ്ദാക്കുകയും ചെയ്തതോടെ അടുത്തവർഷത്തേക്ക് ഇവിടേക്ക് അഡ്‌മിഷൻ നടത്താനാകില്ല. അതേസമയം എസ്.എച്ച് കോളേജ് നഴ്സിങ് മേഖലയിൽ പാഠമാകുകയാണ്. സമാനമായ പ്രശ്നങ്ങൾ മറ്റുപല കോളേജുകളിലും നിലവിവുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നഴ്സിങ് കൗൺസിൽ മൂന്നംഗ സമിതിയൈ നിയോഗിച്ചിട്ടുണ്ട്.

്കൗൺസിൽ പ്രസിഡന്റ് ഉഷാദേവി, അംഗങ്ങളായ സിബി മുകേഷ്,ബീന.ബി എന്നിവരാണ് അംഗങ്ങൾ. എല്ലാ നഴ്സിങ് കോളേജുകളിലും ഓരോ നിലയിലും ഇവരുടെ ഫോൺ നമ്പർ ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തും. പരാതിയുള്ള വിദ്യാ്രത്ഥികൾക്കും രക്ഷിതാക്കൾക്കും കമ്മീഷനെ ബന്ധപ്പെടാം. ഏത് കോളേജിലും ഏത് സമയത്തും പരിശോധന നടത്താൻ കമ്മീഷന് അധികാരമുണ്ട്. കമ്മീഷൻ ആവശ്യപ്പെട്ടുന്ന ഏത് കുട്ടിയുടേയും രക്ഷിതാവിന്റേയും ഫോൺനമ്പരും വിവരങ്ങളും കൈമാറാനും കോളേജ് അധികൃതർ ബാധ്യസ്ഥരാണ്. ആറുമാസമാണ് കമ്മീഷന്റെ കാലാവധി.

അടുത്തിടെ എസ്.എച്ച്. നഴ്സിങ് കോളേജിനോട് ചേർന്നുള്ള സേക്രട്ട് ഹാർട്ട് ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതിയാണ് വിദ്യാർത്ഥിനികളുടെ ദുരിതം കണ്ടത്. ആലപ്പുഴ സ്വദേശിയായ യുവതി ആസ്‌ട്രേലിയയിൽ നഴ്‌സാണ്. പ്രവസവേദയോടെ ലേബർ റൂമിലേക്ക് കയറാൻ സമീപത്തെ മുറിയിൽ കിടക്കുന്നതിനിടെയാണ് തന്റെ മുന്നിലിരുന്ന് യൂണിഫോമിട്ട് നഴ്‌സിങ് വിദ്യാർത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. സാഹചര്യം മോശമായതിനാൽ യുവതി കൂടുതൽ ശ്രദ്ധിച്ചില്ല. ലേബർ റൂമിൽ പ്രവസ ശേഷം കിടിത്തിയിരുന്നപ്പോഴും തുടർന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കിടത്തിയന്‌പ്പോഴും സമാനമായ കാഴ്ചകൾ കണ്ടു. രണ്ട് ദിവസത്തിന് ശേഷം വാർഡിലെത്തിയപ്പോഴും വിദ്യാർത്ഥികൾ അടിമകളെ പോലെ അടിച്ചുവാരുന്നു. തുടർന്ന് യുവതി ഇതെല്ലാം ഫോണിൽ വീഡിയോ എടുത്തു. ടോയ്‌ലറ്റ് വൃത്തുയാക്കുന്നത് വരെ മാറി നിന്ന് പകർത്തി, തുടർന്ന് നഴ്‌സിങ് കൗൺസിൽ അംഗങ്ങൾ കൈമാറുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച പരിശോധനയ്ക്കെത്തിയ നഴ്സിങ് കൗൺസിൽ അധികൃതരോടാണ് കുട്ടികൾ പരാതികൾ വിവരിച്ചത്. കൗൺസിൽ ഇക്കാര്യം ആരോഗ്യസർവകലാശാല അധികൃതരെയും അറിയിച്ചു. ഇരുകൂട്ടരുടെയും സാന്നിദ്ധ്യത്തിൽ കോളേജിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അടിയന്തര പിടിഎ യോഗം ചേർന്നു. വൈസ് പ്രിൻസിപ്പാളിലെ സ്ഥാനത്ത് നിന്ന് നീക്കാതെ വിട്ടുവീഴ്ചയില്ലെന്നായിരുന്നു രക്ഷിതാക്കളുടെ നിലപാട്. ഈമാസം 21ന് വീണ്ടും യോഗം ചേരാണെന്നും അതിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കോളേജ് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതിന് കാത്തു നിൽക്കാതെയാണ് നഴ്സിങ് കൗൺസിൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കടുത്ത നടപടി സ്വീകരിച്ചത്.

നഴ്‌സിങ് കൗൺസിൽ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വൈസ് പ്രിൻസിപ്പലിനെതിരായ പരാതികൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. വൈസ് പ്രിൻസിപ്പൽ എല്ലാ കാര്യത്തെയും ലൈംഗിക ചുവയോടെയാണ് സമീപിക്കാറുള്ളതെന്നാണ് കുട്ടികളുടെ പ്രധാന പരാതി. പെൺകുട്ടികൾ മാത്രമുള്ള കോളേജിൽ ഒരുമിച്ച് ഇരിക്കാനോ,നടക്കാനോ പാടില്ല. അങ്ങനെ കാണുന്നവരെ സ്വർഗാനുരാഗികളായി മുദ്രകുത്തും. അഞ്ചു മിനിട്ടിൽ കൂടുതൽ ടോയ്‌ലറ്റിൽ ഇരുന്നാൽ പുറത്തേക്ക് വരുന്ന കുട്ടിയോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ചോദ്യം.

യൂണിഫോമിൽ ചുളിവ് കണ്ടാൽ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാ, എന്നും മുഖത്ത് നോക്കി ചോദിക്കും. പരാതി പറഞ്ഞാൽ വൈസ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറിയാലും മറ്റുള്ളവരെ ഉപയോഗിച്ച് ഇന്റേണൽ മാർക്ക് ഉൾപ്പെടെ കുറച്ച് തോൽപ്പിക്കുമെന്നാണ് എല്ലാവരുടെയും പരാതി. സ്വകാര്യ കോളേജ് ആയതിനാൽ സെമസ്റ്ററിന് പണം നൽകിയാണ് പഠിക്കുന്നത് കോഴ് പാസായില്ലെങ്കിൽ ജീവിതം ഇല്ലാതാകുമെന്ന് എല്ലാവരും ഭയക്കുന്നതാണ് വൈസ് പ്രിൻസിപ്പലും കൂട്ടരും മുതലെടുത്ത്. ലൈംഗികാധിക്ഷേപങ്ങൾക്ക് പുറമേയാണ് കുട്ടികളെ കൊണ്ട് ചെരുപ്പ് കഴുകിക്കലും കോളേജിന്റെയും സേക്രട്ട് ഹാർട്ട് ആശുപത്രിയുടെയും തറയും വാഷ് ബേസിനും ഉൾപ്പെടെ കഴുകിക്കലും. ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥിനികളും പള്ളിയിൽ പോകണമെന്ന് നിർബന്ധിക്കും.

കോളേജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനികളെ പുറത്തേക്കോ വീട്ടലേക്കോ വിടില്ല. വീട്ടുകാർക്ക് ഹോസ്റ്റലിലേക്ക് വരാനോ കുട്ടികളെ കാണാനോ അനുവാദമില്ലെന്നും വിദ്യാർത്ഥികൾ നഴ്‌സിങ് കൗൺസിലിന് നൽകിയ പരാതിയിലുണ്ട്.