കൊച്ചി: വർക്ക്ഷോപ്പ് പ്രവർത്തിക്കുന്ന സ്ഥലത്ത് നിന്നും ബലമായി ഒഴിപ്പിക്കാൻ പാടില്ലെന്ന കോടതി നിയമ നിലനിൽക്കുമ്പോഴാണ് ചേർത്തല സ്വദേശി ബിനീഷിന്റെ വർക്ക ഷോപ്പ് സ്ഥല ഉടമയും പൊലീസും ഗുണ്ടകളും ചേർന്ന് പൊളിച്ചുമാറ്റിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, എറണാകുളം റേഞ്ച് ഐ.ജി, കൊച്ചി സിറ്റി പോസീസ് കമ്മീഷണർ എന്നിവർക്ക ബിനീഷ് പരാതി നൽകി.

ബിനീഷിന്റെ വർക്ക്ഷോപ്പ് പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഉടമ മൺപുരയ്ക്കൽ ഷാജി എന്നറിയപ്പെടുന്ന സേവ്യർ ജാൻസൺ ജോസഫാണ് ഗുണ്ടകളെ ഉപയോഗിച്ച് പൊലീസിന്റെ സഹായത്തോടെ ബിനീഷിന്റെ ചളിക്കവട്ടം ധന്യാ ജംഗ്ഷനിലെ ഫ്രെഷ് വീൽസ് ഓട്ടോ മൊബൈൽസ് എന്ന സ്ഥാപനം ഇടിച്ചു നിരത്തിയത്. ഷാജിയുടെ സ്ഥലത്തിന് ബിനീഷ് നൽകുന്നതിനേക്കാൾ കൂടുതൽ വാടക നൽകാമെന്ന് വാഗ്ദാനവുമായി ഏതാനം ചിലർ എത്തിയിരുന്നു. ഇതിനെ തുടർന്ന് ഷാജി ആവശ്യപ്പെട്ടതനുസരിച്ച് ബിനീഷ് വർക്ക്ഷോപ്പ് ഒഴിഞ്ഞുപോകാൻ തയ്യാറായി. താൻ ഡെപ്പോസിറ്റായി നൽകിയ പണവും ചതുപ്പായി കിടന്ന സ്ഥലം വൃത്തിയാക്കി എടുക്കാൻ മുടക്കിയ പണവും തിരികെ വേണമെന്ന് ആവശ്യപ്പെട്ടു.

ഇത് നൽകാമെന്ന് ഷാജി ഉറപ്പ് കൊടുത്തു. ഇതോടെ ബിനീഷ് വർക്ക്ഷോപ്പ് മാറ്റി സ്ഥാപിക്കകയാണെന്ന് തന്റെ കസ്റ്റമേഴ്സിനോട് പറഞ്ഞു. എന്നാൽ ഷാജി ഇയാൾക്ക് പണം തിരികെ കൊടുത്തില്ല. തുടർന്നാണ് ബിനീഷ് കോടതിയിൽ കേസ് കൊടുത്തത്. കോടതിയിൽ ഷാജി വാദിച്ചത് അങ്ങനെയൊരു വർക്ക്ഷോപ്പ് തന്റെ സ്ഥലത്ത് ഇല്ലാ എന്നാണ്. ഈ വാദത്തെ തുടർന്ന് കോടതിയിൽ നിന്നും അമീൻ സന്ദർശ്ശിക്കാനിരുന്നതിന്റെ തൊട്ട് മുൻപാണ് സ്ഥലമുടമ വർക്ക് ഷോപ്പ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. അങ്ങനെ സ്ഥലത്തെ സിപിഎം ഗുണ്ടകളെ കൂട്ടുപിടിച്ചു. പിന്നീട് പാലാരിവട്ടം പൊലീസിനെയും കയ്യിലെടുത്തു.

ഞായറാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ചളിക്കവട്ടത്ത് പ്രവർത്തിക്കുന്ന ബിനീഷിന്റെ വർക്ക് ഷോപ്പ് ഒരു കൂട്ടം ആളുകൾവന്ന് പൊളിച്ചുമാറ്റുന്നുവെന്ന് ഫോണിൽ ഒരു സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്ന് ബിനീഷ് പൊലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു. അൽപ്പം കഴിഞ്ഞപ്പോൾ പാലാരിവട്ടം സ്റ്റേഷനിൽ നിന്നും ബിനീഷിന് ഫോൺ വന്നു എത്രയും പെട്ടെന്ന് സ്റ്റേഷനിൽ വരണമെന്ന്. അപ്പോൾ തന്നെ സ്റ്റേഷനിലെത്തിയ ബിനീഷിനെ എസ്.ഐ വിപിൻ കുമാറും സി.പി.ഒ ശ്രീ രാജും ചേർന്ന് വ്യാജ സന്ദേശം നൽകി പൊലീസിനെ കബളിപ്പിച്ചുവെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിനക്കെതിരെ കേസെടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇവർ പറഞ്ഞ ന്യായം പൊലീസ് അവിടെ എത്തിയപ്പോൾ ഒന്നും കണ്ടില്ല എന്നാണ്. എന്നാൽ പൊലീസ് ബിനീഷിനെ തടഞ്ഞു വച്ചത് ഗുണ്ടകൾക്ക് വർക്ക്‌ഷോപ്പ് പൂർണ്ണമായും പൊളിക്കുവാനുള്ള സൗകര്യത്തിനായിരുന്നു. ബിനീഷിനെ പൊലീസി തടഞ്ഞു വച്ചിരിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ എസ്.ഐ ബിനീഷിനെ വിട്ടയച്ചു. തിരികെ വർക്ക്‌ഷോപ്പ് നിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ അവിടെ അങ്ങനൊരു സ്ഥാപനം നിലനിന്നിരുന്നില്ല എന്ന രീതിയിൽ ഗുണ്ടകൾ പൊളിച്ചു മാറ്റിയിരുന്നു.

ബിനീഷും ഭൂവുടമയും തമ്മിൽ ആറു മാസത്തിലേറെയായി തർക്കമുണ്ട്. പരാതിയിൽ തെളിവെടുപ്പിനായി കോടതി നിയോഗിച്ച ആമീൻ എത്തുംമുൻപായിരുന്നു അക്രമം തെളിവ് നശിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഒരാഴ്ചയായി തുറക്കാൻ കഴിയാത്ത വർക്ഷോപ് ഞായറാഴ്ച വൈകിട്ട് ഒരുകൂട്ടം ആളുകൾ പൂട്ടുപോളിച്ചു കയറി തകർക്കുകയായിരുന്നു. രാവിലെ പക്ഷെ തന്റെ സ്ഥാപനം അക്രമികൾ പൊളിച്ചതിന്റെയും വാഹനങ്ങൾ കടത്തി കൊണ്ടുപോയത്തിന്റെയും പൂർണ വിവരം സഹിതം പരാതിയുമായി സ്റ്റേഷനിൽ എത്തിയ ബിനീഷിനെതിരെ കേസെടുക്കും എന്നായിരുന്നു എസ്ഐ കെജി വിപിൻ കുമാറിന്റെ ഭീഷണി. ബിനീഷിന് വിവരം നൽകിയ ആളെ ചൂണ്ടിക്കാണിച്ച് കൊടുത്തില്ലെങ്കിൽ പുറത്തുവിടില്ലെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ വെട്ടിലായ ബിനീഷ് അനിൽ ഇമ്മാനുവലിനെ ബന്ധപ്പെട്ടു.

ഒരു ദിവസം പിന്നിട്ടിട്ടും ഈ വിഷയത്തിൽ പക്ഷം പിടിച്ചുള്ള പാലാരിവട്ടം പൊലീസിന്റെ ഇടപെടൽ മനസിലാക്കിയ അനിൽ ഇമ്മാനുവൽ തന്റെ നമ്പർ എസ്.ഐയ്ക്ക് നല്കിക്കൊള്ളാൻ ബിനീഷിനോട് പറഞ്ഞു. തൊട്ടുപിന്നാലെ അനിലിന്റെ ഫോണിൽ വിളിച്ച എസ്ഐ വിപിൻ കുമാറിന്റെ ഭീഷണി ഇങ്ങനെ; തെറ്റായ വിവരം വിളിച്ചു പറഞ്ഞതെന്തിനാണ് നിങ്ങൾ അതിനാൽ സ്റ്റേഷനിലേക്ക് വരണം. അപ്പോൾ അനിൽ പറഞ്ഞു നിങ്ങൾ വർക്ക്‌ഷേപ്പ് നിൽക്കുന്ന സ്ഥലത്ത് വന്നു നോക്കൂ അപ്പോൾ സത്യാവസ്ഥ അറിയാമെന്ന് പറഞ്ഞു. അപ്പോൾ എസ്.ഐ വിബിൻദാസ് പറഞ്ഞു നീ ഇങ്ങോട്ട് വാ നിന്നെ ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞ് അസഭ്യം പറയുകയായിരുന്നു.

അനിൽ ഇമ്മാനുവൽ നേരിട്ട് ഹാജരാകാതെ പരാതിക്കാരനെ വിടില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. കണ്ട്രോൾ റൂമിൽ വിളിച്ച് പൊലീസിനെ പറ്റിക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം. പറ്റിച്ചതല്ല, പരാതിക്കാരന്റെ സ്ഥാപനം അക്രമികൾ തകർത്തുവെന്നും കണ്ട്രോൾ റൂമിൽ വിളിച്ചു പാഞ്ഞത് വാസ്തവം ആണെന്ന് അറിയിച്ചെങ്കിലും പൊലീസ് എസ്‌ഐയുടെ നിലപാടിൽ മാറ്റമില്ല. ഇതോടെ മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടു. പിന്നെ ഒരു മണിക്കൂറിൽ എല്ലാം കീഴ്‌മേൽ മറിഞ്ഞു. പരാതിക്കാരന്റെ ആവശ്യ പ്രകാരം കേസെടുത്തു, ഉടനെ മോചിപ്പിക്കുകയും ചെയ്തു.

കൺട്രോൾ റൂമിൽ പരാതി വിളിച്ചു പറയുന്ന സമയത്ത് പരാതിക്കാരന്റെ വർക്ഷോപ് അക്രമികൾ പൊളിക്കാൻ തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ. പരാതിക്കാരനെ പാലാരിവട്ടം സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുന്ന നേരത്ത് വർക്്‌ഷോപ്പ് മുഴുവൻ പൊളിച്ചടുക്കി. സ്റ്റേഷനിലെ ഭീഷണിയെല്ലാം അതിജീവിച്ച് വർക്ഷോപ് ഉടമ പുറത്തിറങ്ങുമ്പോൾ അങ്ങനെയൊരു സ്ഥാപനം അവിടെ ഉണ്ടായിരന്നില്ല എന്ന തരത്തിലാക്കി. പരാതിയെ തുടർന്ന് കോടതി നിയോഗിച്ച ആമീൻ സ്ഥലത്ത് എത്തുമ്പോൾ വർക്ഷോപ് നിന്ന സ്ഥലത്ത് ഒരു പൊടിപോലുമില്ല കണ്ടുപിടിക്കാൻ, ആകെ ഇടിച്ചു നിരത്തി. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ തന്നെ ചെയ്തതെന്ന് വ്യക്തം.

ഉന്നത അധികാരികളുടെ മുന്നിൽ നീതിക്കായി പരാതി നൽകിയിരിക്കുന്ന ബിനീഷിന് ഇപ്പോഴും ഗുണ്ടകളുടെ ഭീഷണിയുണ്ട്. വീടിന് മുന്നിൽ വാഹനവുമായെത്തി രാത്രിയിൽ ഭീതിപടർത്തുന്നുമുണ്ട്. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇയാൾ ഇപ്പോൾ. എത്രയും വേഗം മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളുമെന്നാണ് ബിനീഷിന്റെ പ്രതീക്ഷ