തിരുവനന്തപുരം: പ്രമുഖ അഭിഭാഷകനായ ചെറുന്നിയൂർ പി. ശശിധരൻ നായർ (84) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന വിജിലൻസ് ട്രിബ്യൂണൽ ജഡ്ജി, സംസ്ഥാന വിജിലൻസ് കമ്മിഷണർ. ഭരണപരിഷ്‌ക്കാര കമ്മിഷന്റെ ലീഗൽ കൺസൾട്ടന്റ്, സെയിൽ ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ ചെയർമാൻ, കാർഷികാദായ വിൽപ്പന നികുതി അപ്പലേറ്റ് ട്രിബ്യൂണൽ ചെയർമാൻ, അഴിമതി നിരോധന കമ്മിഷൻ സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വർക്കലയിലെ ചെറുന്നിയൂരിൽ ജനിച്ച ശശിധരൻ നായരുടെ പ്രാഥമിക വിദ്യാഭ്യാസം ചെറുന്നിയൂർ ഗവൺമെന്റ് സ്‌കൂളിലും ശിവഗിരി സ്‌കൂളിലുമായിരുന്നു. കൊല്ലം ഫാത്തിമ മാതാ കോളേജ്, തിരുവനന്തപുരം ലോ കോളേജ്, ലോ അക്കാദമി എന്നിവടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.

1966ൽ വർക്കല രാധാകൃഷ്ണന്റെയും പിരപ്പൻകോട് ശ്രീധരൻ നായരുടെയും ജൂനിയർ ആയാണ് തിരുവനന്തപുരത്തെ കോടതികളിൽ പ്രാക്ടീസ് ആരംഭിച്ചത്. 1970ൽ വഞ്ചിയൂരിൽ ചെറുന്നിയൂർ ലോ സെന്റർ എന്ന സ്ഥാപനം ആരംഭിച്ചു. വി എസ് അച്യുതാനന്ദന്റെ അഴിമതിക്കെതിരായ പോരാട്ടങ്ങളിൽ നിയമോപദേഷ്ടാവായിരുന്നു. നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കൾക്കും മന്ത്രിമാർക്കുംവേണ്ടി കോടതിയിൽ ഹാജരായി.

സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ സീതാദേവി. മക്കൾ: ബിന്ദു, ഉണ്ണികൃഷ്ണൻ (വിജിലൻസ് കോടതി പബ്ലിക് പ്രോസിക്യൂട്ടർ). മരുമക്കൾ: സുരേഷ് ബാബു (ചാർട്ടേഡ് അക്കൗണ്ടന്റ്), രമാ ഉണ്ണികൃഷ്ണൻ (എൻജിനിയർ, മലിനീകരണ നിയന്ത്രണ ബോർഡ്)