ചെറുപുഴ: കോവിഡ് ദുരിതകാലത്ത് ദളിത് സ്ത്രീകൾ സ്ത്രീകൾ വനാതിർത്തിയിലിറക്കിയ കൃഷി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നശിപ്പിച്ചതിൽ വ്യാപക പ്രതിഷേധമുയരുന്നു. കണ്ണുർ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയിലാണ് സംഭവം. പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന കോഴിച്ചാൽ ഐ.എച്ച്.ഡി.പി എസ്ടി കോളനിയിലെ കുടുംബങ്ങളാണ് പഞ്ചായത്തിന്റെ കടുത്ത നടപടിക്കിരയായത്.

ഇവരുടെ അഞ്ച് സെന്റ് ഭൂമിയോട് ചേർന്ന് കർണ്ണാടക വനാതിർത്തിയിൽ കേരളത്തിന്റെ പുറമ്പോക്ക് ഭൂമിയിൽ നാല്പത് ചുവട് കപ്പയും ആറ് വാഴയും കന്നുകാലിക്കുള്ള തീറ്റപുല്ലും ഇവർ നട്ടുവളർത്തിയിരുന്നു.എന്നാൽ ഇതു സംബന്ധിച്ച് പഞ്ചായത്തിൽ പരാതിയുണ്ടെന്ന് പറഞ്ഞു അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർ കാടിനോട് ചേർന്ന് ഉപയോഗശ്യൂന്യമായി കിടക്കുന്ന ഭൂമിയിലുള്ള കൃഷികൾ നശിപ്പിക്കേണ്ടയെന്നുപറഞ്ഞു തിരികെ പോയിരുന്നുവെന്നും ദളിത് സ്ത്രീകൾ പറഞ്ഞു.

എന്നാൽ പിറ്റേ ദിവസം വാർഡ് മെമ്പർകൂടിയ പഞ്ചായത്ത് പ്രസിഡഡന്റ് കെ.എഫ്.അലക്‌സാണ്ടർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ജോയ് എന്നിവർ നേരിട്ടെത്തി തൈകൾ പറിച്ചു മാറ്റണമെന്ന് ദളിത്സ്ത്രീകളോട് അവശ്യപ്പെട്ടുകയാ യി രു ന്നു. ഇതിന്വിസമ്മതിച്ച ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി തൈകൾ നട്ട സ്ത്രീകളെ കൊണ്ട് തന്നെ പറിച്ചു മാറ്റിക്കുകയും ചെയ്തു.

സ്ഥിരമായി കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്ന പ്രദേശം കൂടെയാണ് ഇവിടം. ജീവൻ പണയം വച്ചാണ് പിന്നോക്ക വിഭാഗക്കാരായകോളനി നിവാസികൾ ഇവിടെ ജീവിക്കുന്നത്.കോവിഡ് കാലത്ത് പട്ടിണി മാറ്റാൻ കപ്പയും വാഴയും മറ്റും പരമാവധി സ്ഥലത്ത് കൃഷി ചെയ്യണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുമ്പോളാണ് സ്വന്തം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് ഈ പ്രാകൃത നടപടിക്ക് മുതിർന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

പഞ്ചായത്തിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. വിവരമറിഞ്ഞു കോൺഗ്രസ് പയ്യന്നൂർ നീയോജകമണ്ഡലം ചെയർമാൻ എം.ഉമ്മർ, ജെയ്‌സൺ പൂക്കളത്തിൽ, രവി പൊന്നംവയൽ, റോഷി ജോസ്, ടി.പി.ശ്രീനിഷ് എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.പഞ്ചായത്ത് അധികൃതർക്കെതിരെ പരാതി നൽകുമെന്നും ഇവർ വ്യക്തമാക്കി.