കോഴിക്കോട്: കേരളത്തിലെ മുതിർത്ത ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ (75) അന്തരിച്ചു. ഇന്നു പുലർച്ചെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ വിയോഗാനന്തരം 1999ലാണ് 'സൈനുൽ ഉമല' എന്നറിയപ്പെടുന്ന ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ സമസ്തയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

വിഖ്യാത പണ്ഡിതനായിരുന്ന ചെറുശ്ശേരി അഹ്മദ് മുസ്‌ലിയാരുടെ മകനായി കൊണ്ടോട്ടിയിൽ ജനിച്ച സൈനുദ്ദീൻ മുസ്‌ലിയാർ പിതാവിൽ നിന്നും ഒ.കെ സൈനുദ്ദീൻ മുസ്‌ലിയാരിൽ നിന്നുമാണ് മതവിദ്യാഭ്യാസം നേടിയത്. കേരളത്തിലെ ഇസ്‌ലാമിക കർമശാസ്ത്ര പണ്ഡിതരിൽ പ്രമുഖനായി മാറിയ അദ്ദേഹം ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പ്രോ ചാൻസ്ലർ ആണ്. 1986ൽ ദാറുൽ ഹുദാ സ്ഥാപിതമായതു മുതൽ പ്രിൻസിപ്പലും അദ്ദേഹം തന്നെയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മഹല്ലുകളിൽ ഖാദി കൂടിയാണ് അദ്ദേഹം.

മൃതദേഹം ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ പൊതുദർശനത്തിനു വച്ചശേഷം അവിടെ തന്നെ ഖബറടക്കും.