- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാമനാട്ടുകരയിലെ ചെയിസിങിന് ശേഷം എത്തിയത് അഴിക്കോട്ടെ വീട്ടിൽ; പിന്നീട് പാർട്ടിയറിയാതെ ഈച്ച പോലും കടക്കാത്ത സുരക്ഷിത കേന്ദ്രത്തിൽ; കുളപ്പുറത്തെ കുന്നിൻ ചെരുവിൽ കാറെത്തിച്ചതും കരുതലോടെ; കുഞ്ഞനന്തന്റെ ഒളിത്താവളം ആയങ്കിയേയും രക്ഷിച്ചു; കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് ചെറുതാഴമോ?
കണ്ണൂർ: പുറമേക്ക് തള്ളിപ്പറയുന്നുണ്ടെങ്കിലും രാമനാട്ടുക്കര സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ സംരക്ഷിച്ചത് പാർട്ടി ഗ്രാമത്തിലാണെന്ന തെളിവുകൾ പുറത്തുവന്നു. രാമനാട്ടുക്കരയിലെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവർ പിൻതുടർന്ന സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ പിടിയിൽ നിന്നും അർജുൻ രക്ഷപ്പെട്ട് അഴീക്കൽ കപ്പക്കടവിലെ സ്വന്തം വീട്ടിലെത്തിയെങ്കിലും പിന്നീട് കസ്റ്റംസ് അന്വേഷണം തുടങ്ങിയപ്പോൾ സഞ്ചരിച്ച സ്വിഫ്റ്റ് കാർ അഴീക്കൽ കപ്പൽപൊളിശാലയായ സിൽക്കിലെ ആളൊഴിഞ്ഞ ഷെഡിൽ ഉപേക്ഷിച്ചതിനു ശേഷംമുങ്ങുകയായിരുന്നു.
ഇതിനു ശേഷം ഇയാൾ മുങ്ങിയത് ചെറുതാഴം പഞ്ചായത്തിലെ പാർട്ടി ഗ്രാമത്തിലേക്കാണെന്നാണ് പൊലിസ് നൽകുന്ന സൂചന. കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന സി.പി. എം ഗ്രാമമായ ചെറുതാഴം പഞ്ചായത്തിലെ ചില ഗ്രാമങ്ങൾ പാർട്ടിയറിയാതെ ഒരു ഈച്ചപോലും കടക്കാത്ത സ്ഥലങ്ങളിലൊന്നാണ്. ഇവിടെ അർജുൻ നാലു ദിവസത്തോളം കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു പാർട്ടിയുടെ സമ്മതമോ അറിവോ കൂടാതെ കഴിയില്ലെന്നാണ് വിലയിരുത്തൽ.
ഇതുകൂടാതെ അഴീക്കലിൽ നിന്നും അർജുന്റെ കാർ കണ്ടെത്തിയത് വാർത്തയായതിനെ തുടർന്ന് കൂട്ടാളി കടത്തി കൊണ്ടു വന്നകാർ പിന്നീട് ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയത് ചെറുതാഴത്തെ കുളപ്പുറത്തെ കുന്നിൻ ചെരിവിലാണ്. കുന്നിന് മുകളിൽ റോഡിൽ നിന്ന് 300മീറ്റർ ദൂരം വരുന്ന കുറ്റിക്കാട്ടിലാണ് കാർ കണ്ടെത്തിയത്. ജനവാസം തീരെയില്ലാത്തെ മേഖലയാണ് ഈ പ്രദേശം. പുറമേയുള്ളവർക്ക് ഇവിടെയെത്തി കാർ ഒളിപ്പിച്ചുവയ്ക്കാനും പിന്നീട് ഇവിടെ നിന്നും രക്ഷപ്പെടാനും തദ്ദേശവാസികളുടെ സഹായമില്ലാതെ കഴിയുകയില്ല.
സി.പി. എം യുവജന നേതാവും ഒരു മുൻ എംഎൽഎയുടെ വീടിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ചെറുതാഴം. കണ്ണൂർ ജില്ലയിലെ വളരെ പ്രശസ്തമായ മൂന്ന് വായനശാലകളും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ടി.പി വധക്കേസ് പ്രതിയായ പി.കെ കുഞ്ഞനന്തനെ മാസങ്ങളോളം ഒളിവിൽ പാർപ്പിച്ചത് ഇവിടെയാണെന്ന വാർത്ത നേരത്തെയുണ്ടായിരുന്നു. ഒരു ദിവസം തന്നെ പലവീടുകൾ മാറിതാമസിപ്പിച്ചാണ് പി.കെ കുഞ്ഞനന്തനെ പാർട്ടി സംരക്ഷിച്ചത്. പിന്നീട് ഇവിടെ നിന്നാണ് പർദ്ദയണിയിച്ച് പയ്യന്നൂരിലെ പാർട്ടി നിയന്ത്രിത ആശുപത്രിയിലേക്കു കൊണ്ടു പോയത്.
ഇതു കൂടാതെ തലശേരി താലൂക്കിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി. എമ്മിനു വേണ്ടി കൃത്യം ചെയ്യുന്നവർക്ക് സ്ഥിരം ഒളിത്താവളമൊരുക്കിയിരുന്നത് ചെറുതാഴം പഞ്ചായത്ത് ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിലാണ്. പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ കേസുകൾക്കും അരിയിൽ ഷുക്കൂർ വധക്കേസിലെ ചില പ്രതികൾക്കും ഒളിത്താവളമൊരുക്കിയത് ഈ മേഖലയിലെ പാർട്ടി ഗ്രാമങ്ങളിൽ തന്നെ. ഇതൊക്കെ പാർട്ടിക്കു വേണ്ടിയുള്ള ഓപ്പറേഷനുകളാണെങ്കിൽ അർജുൻ ആയങ്കിയെ സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞിട്ടും സംരക്ഷിച്ചത് ഏറെവിവാദമായിട്ടുണ്ട്.
പാർട്ടി ഗ്രാമങ്ങളിലെ സഖാക്കളുമായി അർജുൻ ആയങ്കിക്ക് അഭേദ്യമായ ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ മൂലധനമുള്ള ചില സഹകരണ ബാങ്കുകളുടെ പ്രവർത്തനപരിധിയിൽ വരുന്ന സ്ഥലങ്ങൾ കൂടിയാണിത്. നേരത്തെ ടി.പി വധക്കേസിലെ പ്രതികൾക്കു ഒളിത്താവളമൊരുക്കിയത് കണ്ണൂർ - കോഴിക്കോട് ജില്ലകളിലെ അതിർത്തിപ്രദേശമായ അഴിയൂരിലെ കോട്ടാമലയായിരുന്നു. പിന്നീട് ഈ സംഘങ്ങളിൽ ചിലർക്ക് സ്വർണക്കടത്തിലേക്കും ക്വട്ടേഷൻ പ്രവർത്തനത്തിലേക്കും മാറിയപ്പോഴും കോട്ടാമലയിൽ തന്നെയാണ് തമ്പടിച്ചിരുന്നത്.
കോട്ടാമല, കോറോത്ത് റോഡ് എന്നീ പാർട്ടി ഗ്രാമങ്ങൾ സ്വർണക്കടത്തുകാരുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും താവളമായി മാറിയപ്പോഴും ചെറുവിരലനക്കാൻ ഇതുവരെ സി.പി. എം തയ്യാറായിരുന്നില്ല. പാർട്ടിയറിയാതെ ഈച്ചപോലും പറക്കാത്ത ഗ്രാമങ്ങൾ രാഷ്ട്രീയ കുറ്റവാളികളുടെ മാത്രമല്ല ക്വട്ടേഷൻ സംഘങ്ങളുടെ താവളമായി മാറുന്ന വിമർശനവുമായി രാഷ്ട്രീയ എതിരാളികളും രംഗത്തെത്തിയിട്ടുണ്ട്.
ചെറുതാഴത്ത് സുരക്ഷിതമായി ഒളിവിൽ കഴിയുകയും പിന്നീട് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലേക്ക് ചോദ്യം ചെയ്യാനെത്താനും അർജുന് കഴിഞ്ഞത് സി.പി. എം പ്രാദേശിക നേതൃത്വത്തിന്റെ സഹായത്തോടെയാണെന്ന വിവരം പുറത്തുവരുമ്പോൾ രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങളെ അത്രപെട്ടെന്നും സി.പി എമ്മിന് തള്ളിപ്പറയാൻ കഴിയില്ലെന്ന യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്