എരുമേലി: പ്രളയത്തിനിടെയും സർക്കാരിന് പ്രതീക്ഷ. പിണറായി മന്ത്രിസഭയുടെ സ്വപ്‌ന പദ്ധതിയെ തകർക്കാൻ ഈ അതിതീവ്ര മഴയ്ക്കും കഴിയുന്നില്ല. പത്തനംതിട്ടയുടെ മലയോരത്ത് മലവെള്ളം ഉയർന്നെങ്കിലും ചെറുവള്ളി എസ്റ്റേറ്റിനെ പ്രളയം ബാധിക്കാത്തതാണ് ഇതിന് കാരണം. ഭൂപ്രകൃതിയിലെ ഈ മേന്മ ഭാവിയിൽ നിർദിഷ്ട ശബരി വിമാനത്താവളത്തിനുള്ള അനുമതി ലഭിക്കാൻ സഹായമാകും. ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്.

മണിമല, എരുമേലി, വെള്ളാവൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിലായെങ്കിലും ചെറുവള്ളി എസ്റ്റേറ്റിന്റെ ഒരു ഭാഗത്തു പോലും വെള്ളപ്പൊക്കമുണ്ടായില്ല. 24 മൊട്ടക്കുന്നുകൾ അടങ്ങുന്ന പ്രദേശമാണ് ചെറുവള്ളി എസ്റ്റേറ്റ്. കൊച്ചു കൈത്തോടുകളുടെ സാന്നിധ്യവും വെള്ളം ഉയരുന്നതിനെ നിയന്ത്രിക്കുന്നു. ചെറുവള്ളിയുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉയർത്തിയിരുന്നു. ഇത് വിമാനത്താവളത്തിന്റെ ഭാവിയെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ. ഇതിന് മറുപടി നൽകാൻ ഈ പ്രളയത്തിലെ അനുഭവങ്ങൾ സർക്കാരിന് തുണയാകും.

വലിയ മലകൾ ഇല്ലാത്തതിനാൽ ഉരുൾ പൊട്ടലും ഉണ്ടായില്ല. എസ്റ്റേറ്റിനു ചുറ്റും ഒഴുകുന്ന മണിമലയാറ്റിലേക്കു വെള്ളം കൈത്തോടുകൾ വഴി എത്തുന്നതിനാൽ മലവെള്ളപ്പാച്ചിലും ഇല്ല. കനത്ത മഴയിൽ മണിമല, മൂങ്ങാനി, എരുമേലി ബസ് സ്റ്റാൻഡ്, കൊരട്ടി, കണ്ണിമല റോഡ്, വിഴിക്കിത്തോട്,കുറുവാമൂഴി തുടങ്ങി ചെറുവള്ളി എസ്റ്റേറ്റിനോട് 10 കിലോമീറ്ററിൽ താഴെ ചുറ്റിക്കിടക്കുന്ന പ്രദേശങ്ങൾ അപ്പാടെ വെള്ളത്തിനടിയിലായിരുന്നു. എന്നാൽ ചെറുവള്ളി മാത്രം പ്രളയത്തിൽ നിന്ന് അകന്നു നിന്നു.

എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിച്ചാൽ കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേതു പോലെ ടേബിൾടോപ് റൺവേ വേണ്ടിവരുമെന്ന ഡിജിസിഎയുടെ ആശങ്ക അസ്ഥാനത്തെന്നു കേരളം മറുപടി നൽകിയിരുന്നു. വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം വലിയ കുന്നിൽപുറത്തല്ല. ചെറിയ കുന്നുകളുണ്ടെങ്കിലും വലിയ കുഴികളോ വലിയ കുന്നുകളോ ഇല്ല. ഭൂമി നിരത്തിയും നികത്തിയും സമതലമാക്കുമ്പോൾ വിമാനത്താവളത്തിന്റെ നാലു ഭാഗത്തും കുഴികളുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രളയ കാഴ്ചയും.

പുതിയ വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ ദൂരപരിധിയിൽ മറ്റു വിമാനത്താവളങ്ങൾ പാടില്ല എന്ന നിബന്ധന ചെറുവള്ളിയിലെ വിമാനത്താവളത്തിന് തടസ്സമാണ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 88 കിലോമീറ്റർ മാത്രമാണ് അകലം. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് 120 കിലോമീറ്ററും. കേന്ദ്ര സർക്കാരിന്റെ നിബന്ധനയാണ് 150 കിലോമീറ്റർ പരിധിയിൽ മറ്റു വിമാനത്താവളങ്ങൾ പാടില്ലെന്നത്. എന്നാൽ പുതിയ വിമാനത്താവളം ആവശ്യമുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയാൽ നിബന്ധനയിൽ ഇളവു ലഭിക്കും.

ചെറുവള്ളിയിലെ എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്ന വാദം നേരത്തെ ചർച്ചയായിരുന്നു. ബീലീവേഴ്സ് ചർച്ചിന്റെ ഭൂമിയിൽ മതിയായ പരിശോധന പോലും നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും പദ്ധതിയുമായി മുമ്പോട്ട് പോയി. കൺസൾട്ടൻസി നൽകി പണം തട്ടാനുള്ള ശ്രമാണ് ഇതെന്ന വാദം നേരത്തെ ശക്തമായിരുന്നു. ഇത് ശരിയവയ്ക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ. സാധ്യതാ പഠന റിപ്പോർട്ടിലെ പാകപ്പിഴകൾ പരിഹരിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) റിപ്പോർട്ട് തള്ളിക്കളയാൻ കാരണമായത് ഈ അലംഭാവമാണെന്നാണ് വിലയിരുത്തൽ.