കണ്ണൂർ: ചെറുവാഞ്ചേരി ഗ്രാമീൺ ബാങ്കിൽ പണമടക്കാനെത്തിയ പെട്രോൾ പമ്പ് ജീവനക്കാരനെ അക്രമിച്ച് പണം തട്ടിയ കേസിലും ക്വട്ടേഷൻ സംഘത്തിന്റെ സാന്നിധ്യമുണ്ടെന്നു സംശയിച്ചു പൊലിസ്. തികച്ചും ആസൂത്രിതവും പ്രൊഫഷനൽ ശൈലിയിലുമാണ് പമ്പ് ജീവനക്കാരനെ ഞെടിയിടക്കുള്ളിൽ അക്രമിച്ച് കൈയിലുണ്ടായിരുന്ന എട്ടുലക്ഷം രൂപ പിടിച്ചു പറിച്ച് കവർച്ചാ സംഘം ബൈക്കിൽ രക്ഷപ്പെട്ടത്.

ഇവരുടെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചറിയാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്തു താമസിക്കുന്നവരുടെ സഹായമില്ലാതെ ഇത്തരത്തിലൊരു കവർച്ച നടത്താൻ കഴിയില്ലെന്നു പറയുന്ന പൊലിസ് എന്നാൽ നേരത്തെ നടന്ന സമാനമായ ചില ക്വട്ടേഷൻ പണംതട്ടലുമായി ഈ കേസിനുള്ള സാമ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഒരാഴ്‌ച്ച മുൻപ് നടന്ന കവർച്ചാസംഭവത്തിനെ കുറിച്ച് അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇതുവരെയുണ്ടായിട്ടില്ല.

എട്ടുദിവസം മുൻപാണ് ചെറുവാഞ്ചേരിയിലെ വെൽകെയർ ഫ്യൂവൽ മാനജേരായ കണ്ണവം സ്വദേശി എം. സ്വരാജിന്റെ (26) കൈയിൽ നിന്നും പണം തട്ടിപ്പറിച്ചത്. പെട്രോൾ പമ്പിലെ മൂന്ന് ദിവസത്തെ കലക്ഷൻ അടയ്ക്കുന്നതിനായി കേരള ഗ്രാമീൺ ബാങ്ക് ചെറുവാഞ്ചേരി ശാഖയിലെത്തിയതായിരുന്നു സ്വരാജ്. ബൈക്കിലെത്തിയ സ്വരാജ് ബാങ്കിന് താഴെ ബൈക്ക് നിർത്തി കോവണിപ്പടികൾ കയറുമ്പോൾ ഇവിടെ കാത്തുനിന്ന ഒരാൾ മുഖത്ത് മുളകു പൊടിയെറിയുകയും കത്തികൊണ്ടു കുത്തിപരുക്കേൽപ്പിച്ച് പണം അടങ്ങിയബാഗ് കൈക്കലാക്കുകയും താഴെ റോഡിൽ കാത്തുനിന്ന മറ്റൊരാൾക്കൊപ്പം ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.

മുളക് പൊടി പൊതിഞ്ഞുകൊണ്ടു വന്നിരുന്നുവെന്നു കരുതുന്ന ബാഗ് സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതിൽ പൊയിലൂരിലെ കരിങ്കൽ ക്വാറിയുടമ കൂടിയായ പമ്പുടമസ്ഥനെതിരെതിരെയുള്ള ഭീഷണി സന്ദേശവുമുണ്ടായിരുന്നു. മൂന്ന് ദിവസത്തെ കലക്ഷനായ ഏഴുലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ഇവർ കവർന്നത്. കാവി മുണ്ടും റെയിൻകോട്ടും ഹെൽമെറ്റും ധരിച്ചയൊരാൾ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം കാത്തു നിൽക്കുന്നതും സ്വരാജ് പണവുമായി ബൈക്കിലെത്തിയ ശേഷം പിൻതുടരുന്നതുമായ ദൃശ്യം ബാങ്ക് കെട്ടിടത്തിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ബൈക്കിൽ രണ്ടുപേർ കടന്നുപോകുന്ന ദൃശ്യം തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാൽ പമ്പുടമയ്ക്കെതിരെ എഴുതി ഭീഷണിക്കത്ത് കേസന്വേഷണം വഴി തിരിച്ചുവിടാനുള്ള ശ്രമമാണെന്നാണ് പൊലിസിന്റെ നിഗമനം. പ്രതികളിലൊരാൾ കാവിമുണ്ട് ധരിച്ചെത്തിയതും ഇതിന്റെ ഭാഗമാണെന്നാണ് പൊലിസ് പറയുന്നത്. പട്ടാപ്പകൽ ഇങ്ങനെയൊരു കവർച്ച നടക്കണമെങ്കിൽ പ്രദേശത്തുള്ളവരുടെ സഹായമില്ലാതെ നടക്കില്ല. കൃത്യമായ ആസൂത്രണം ഇതിനു പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഏറെക്കാലമായി സി.പി. എം - ബിജെപി രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചെറുവാഞ്ചേരി. നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും ബോംബു സ്ഫോടനങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

അതുകൊണ്ടു തന്നെ പുറത്തു നിന്നുമുള്ള ഒരാൾക്ക് അത്രപെട്ടെന്നൊന്നും ഇവിടേക്ക് കയറി വരാൻ കഴിയില്ലെന്ന വിലയിരുത്തലും പൊലിസിനുണ്ട്. നേരത്തെ രാഷ്ട്രീയ കൊലപാതക കേസുകളിൽ പ്രതിയായവരും ഇപ്പോൾ തൊഴിൽ രഹിതരുമായ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുൻപോട്ടുപോകുന്നത്.കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നുവരുന്നത്. കൂത്തുപറമ്പ് എ.സി.പി കെ.ജി. സുരേഷ്,കണ്ണവം സി. ഐ സുധീർ, എസ്. ഐ അനീഷ് വടക്കേടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്. പട്ടാപ്പകൽ ചെറുവാഞ്ചേരി നഗരത്തിലുണ്ടായ വൻകവർച്ചാക്കേസിലെ പ്രതികളെ ഒരാഴ്‌ച്ച പിന്നിട്ടിട്ടും ഇനിയും പിടികൂടാനാവാത്തത് പൊലിസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സ്ഥലത്ത് ബോംബ്, ഡോഗ് സ്‌ക്വാഡുകൾ പരിശോധന നടത്തിയിരുന്നുവെങ്കിലും കേസിന് തുമ്പാകുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ക്വട്ടേഷൻ സംഘങ്ങൾക്കുള്ള പങ്ക് വെളിപ്പെട്ടിരിക്കെ ചെറുവാഞ്ചേരിയിലെ പെട്രോൾ പമ്പു കവർച്ചാക്കേസിലം ഇത്തരമാളുകൾ പങ്കുണ്ടൊയെന്ന ചോദ്യവും ഉയരുന്നുണ്ട്.