കണ്ണുർ: ചെറുവാഞ്ചേരിയിലെ കവർച്ചയ്ക്കു പിന്നിൽ വ്യക്തി വൈരാഗ്യവും വൻ സാമ്പത്തിക ബാധ്യതയുമെന്ന് പൊലിസ് അന്വേഷണ റിപ്പോർട്ട്. ചെറുവാഞ്ചേരിയിൽ പെട്രോൾപമ്പ് മാനേജരെ കുത്തിവീഴ്‌ത്തി പണം കവർന്ന സംഭവത്തിൽ പ്രതികളെ കുടുക്കിയത് പൊലിസിന്റെ ശക്തമായ നീക്കങ്ങളിലൂടെ. ചില തീവ്രവാദ സംഘടനകളിലേക്ക് അന്വേഷണം വഴിതിരിച്ചുവിടാനായി പ്രതികൾ ശ്രമിച്ചുവെങ്കിലും വിജയം കണ്ടില്ല.

മുഖ്യപ്രതി പ്രകാശൻ പത്ത് ലക്ഷം രൂപയോളം മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ ചെലവഴിച്ചിരുന്നു. ഇതേതുടർന്നുണ്ടായ ബാധ്യതകളാണ് കവർച്ചയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബാങ്കിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു പ്രതികളെ കണ്ടെത്താനുള്ള കച്ചിത്തുരുമ്പ്.

കരിങ്കൽ തൊഴിലാളികളുടേതിന് സമാനമായി വസ്ത്രധാരണം ചെയത് ഹെൽമെറ്റും മാസ്‌കും ധരിച്ചെത്തിയ പ്രതി ജീവനക്കാരനെ കുത്തിവീഴ്‌ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പമ്പ് ഉടമയായ രാജീവന് സ്വന്തമായി ക്വാറികളുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അക്രമത്തിന് കാരണമെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഈ വേഷം തെരഞ്ഞെടുത്തത്. ക്വാറിയിലെ ചില തർക്കങ്ങൾ സൂചിപ്പിക്കുന്ന കത്തും പ്രതികൾ സ്ഥലത്ത് ഉപേക്ഷിച്ചു.

എന്നാൽ സിസിടിവി ദൃശ്യങ്ങളുടെയും പ്രതികൾ ഉപയോഗിച്ച വാഹനത്തെയും കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം നീങ്ങിയത്. ക്യാമറയിൽ പതിഞ്ഞ കറുത്ത സ്‌കൂട്ടിയും വാഹനത്തിലെ സ്റ്റിക്കറും അന്വേഷണത്തിൽ വഴിത്തിരിവായി. ജൂൺ 25ന് ആരംഭിച്ച അന്വേഷണം 10 ദിവസംകൊണ്ടാണ് പൂർത്തിയാക്കിയത്.

ചെറുവാഞ്ചേരിയിൽ ബാങ്കിൽ പണമടയ്ക്കാൻ എത്തിയ മാനേജരെ കണ്ണിൽ മുളകുപൊടി വിതറിയാണ് കുത്തിപ്പരിക്കേൽപിച്ചത്. എട്ടുലക്ഷം രൂപയോളം കവർന്ന രണ്ടുപേരാണ് അറസ്റ്റിലായത്.. ചെറുവാഞ്ചേരി അത്തിയറക്കാവ് മഞ്ഞാമ്പറമ്പ് പൂവത്തൂർ പവിത്രത്തിൽ ഇ പ്രകാശൻ (27), ബന്ധുവായ നരവൂർ ദേവിക നിവാസിൽ പി കെ അക്ഷയ് (21) എന്നിവരാണ് പിടിയിലായത്.

ജൂൺ 23നാണ് ചെറുവാഞ്ചേരി പെട്രോൾ ബങ്കിലെ അക്കൗണ്ടന്റ് കണ്ണവം സ്വദേശി കെ സ്വരാജ് (25) കവർച്ചക്കിരയായത്. ബാങ്കിൽ അടയ്ക്കാൻ കൊണ്ടുവന്ന കലക്ഷൻ തുകയായ 7,90,000 രൂപയാണ് നഷ്ടമായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രകാശൻ പെട്രോൾപമ്പിലെ മുൻ മാനേജർ ആണ്. കവർച്ചാമുതലിൽ 4,60,000 രൂപ വലിയവെളിച്ചത്തെ കശുമാവിൻ തോട്ടത്തിൽനിന്നും കണ്ടെത്തി. കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

ജൂൺ 21ന് മോഷണം നടത്താൻ ശ്രമിച്ചെങ്കിലും ബാങ്കിലെ തിരക്ക് കാരണം ശ്രമം പരാജയപ്പെടുകയായിരുന്നു.. 23ന് വീണ്ടും കവർച്ചക്കായി അക്ഷയിന്റെ സുഹൃത്തിന്റെ സ്‌കൂട്ടിയിലെത്തി. ബാങ്കിന് കീഴിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രകാശൻ സ്വരാജിനെ ആക്രമിക്കുന്നതും പണം തട്ടിയെടുക്കുന്നതും പതിഞ്ഞിരുന്നു. അക്ഷയ് സ്‌കൂട്ടിയുമായി കാത്തുനിൽക്കുകയും കവർച്ചക്ക് ശേഷം ഇരുവരും ഇതിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കവർച്ചക്ക് ഉപയോഗിച്ച വാഹനം സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ചത് പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടു. 29ന് വീണ്ടും സുഹൃത്തിൽനിന്ന് സ്‌കൂട്ടി വാങ്ങി കണ്ണൂരിലെത്തി നമ്പർപ്ലേറ്റും സ്റ്റിക്കറും മാറ്റി വണ്ടി തിരിച്ചറിയാനുള്ള സാധ്യത ഇല്ലാതാക്കി.

പമ്പുടമ രാജീവനുമായി മുൻവൈരാഗ്യം ഉണ്ടായിരുന്ന പ്രകാശൻ ഉൾപ്പെടെയുള്ളവരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. പ്രകാശനെ പമ്പിൽനിന്നും പിരിച്ചുവിട്ടതായിരുന്നു. ചോദ്യംചെയ്യലിൽ പ്രകാശൻ കുറ്റം സമ്മതിക്കുകയായിരുന്നു പ്രകാശൻ ആർ.എസ്.എസ് ശാഖാ ശിക്ഷ കും അക്ഷയ് സജീവ പ്രവർത്തകനുമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

കണ്ണവം എസ്‌ഐ അനീഷ് വടക്കേടത്ത്, എഎസ്‌ഐ എ അനീന്ദ്രൻ, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോയുടെ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ രഞ്ജിത്ത്, എസ് സിപിഒ സി അജിത്ത്, സി പി മഹേഷ്, സിപിഒ പി സി മിഥുൻ, കൂത്തുപറമ്പ് എസിപി സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ പി മിനീഷ്, സിപിഒ കെ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.