- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുവത്തൂർ ബാങ്ക് കവർച്ചയിലെ ആസൂത്രണം കണ്ണൂർ സെൻട്രൽ ജയിലിൽ; കവർച്ചയുടെ രണ്ടാം പട്ടികയിൽ കൊടുവള്ളി ബാങ്ക്; സ്‌ട്രോങ് റൂമിന്റെ താക്കോലിൽ ദുരൂഹത അഴിയാക്കുരുക്കാകുന്നു
കാസർഗോഡ്: ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ചാ കേസിലെ പ്രതി രാജേഷ് മുരളിയെ മുഖ്യ പ്രതി അബ്ദുൾ ലത്തീഫ് പരിചയപ്പെട്ടത് 2013 ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച്. കാഞ്ഞങ്ങാട് രാജധാനി ജൂവലറി കവർച്ച ചെയ്ത കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റിലായ അബ്ദുൾ ലത്തീഫ് ജയിൽ സെല്ലിൽ വച്ചാണ് ഇടുക്കി സ്വദേശിയായ രാജേഷ് മുരളിയെ പരിചയപ്പെടുന്നത്. കഞ്ചാവ് കടത്തിയ
കാസർഗോഡ്: ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ചാ കേസിലെ പ്രതി രാജേഷ് മുരളിയെ മുഖ്യ പ്രതി അബ്ദുൾ ലത്തീഫ് പരിചയപ്പെട്ടത് 2013 ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച്. കാഞ്ഞങ്ങാട് രാജധാനി ജൂവലറി കവർച്ച ചെയ്ത കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റിലായ അബ്ദുൾ ലത്തീഫ് ജയിൽ സെല്ലിൽ വച്ചാണ് ഇടുക്കി സ്വദേശിയായ രാജേഷ് മുരളിയെ പരിചയപ്പെടുന്നത്.
കഞ്ചാവ് കടത്തിയ കേസിൽ തടവുകാരനായി എത്തിയതായിരുന്നു രാജേഷ് മുരളി. കോൺക്രീറ്റ് തുരക്കാനും പൂട്ട് തകർക്കാനും വിദഗ്ദനായ രാജേഷും ലത്തീഫും കൂടുതൽ അടുത്തു. കണ്ണൂർ ജയിലിൽ വച്ചുതന്നെ കവർച്ച ചെയ്യേണ്ട ബാങ്കുകളുടെ പട്ടിക ഇവർ തയ്യാറാക്കിയിരുന്നു. കോഴിക്കോട് കൊടുവള്ളി ബാങ്കും പരിഗണനയിലുണ്ടായിരുന്നെങ്കിലും ആദ്യ ഉദ്യമത്തിന് തെരഞ്ഞെടുത്തത് ചെറുവത്തൂർ വിജയാ ബാങ്കുതന്നെ.
കവർച്ച നടത്തിയാൽ പെട്ടെന്ന് കർണ്ണാടകത്തിലേക്ക് രക്ഷപ്പെടാനും ഒളിച്ചു കഴിയാനും വേണ്ടിയാണ് ചെറുവത്തൂർ ബാങ്ക് കവർച്ചക്ക് പരിഗണന നല്കിയത്. കവർച്ച മുതൽ അധികദൂരം താണ്ടാതെ ഒളിച്ചുവെക്കാനും ചെറുവത്തൂർ ബാങ്ക് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഏഴാംതരം മാത്രം പഠിച്ച അബ്ദുൾ ലത്തീഫ് ഓട്ടോ ഡ്രൈവറായാണ് ജീവിതം ആരംഭിച്ചത്. എന്നാൽ പണക്കാരനാവണമെന്ന വ്യാമോഹം മൂലം കാഞ്ഞങ്ങാട്ടെ രാജധാനി ജൂവലറി കവർച്ചക്ക് പദ്ധതിയിട്ടു. രണ്ടു വർഷം ഈ കവർച്ചക്കായി ആസൂത്രണത്തിലായിരുന്നു.
ഏറെ തയ്യാറെടുപ്പുകളോടെയാണ് കവർച്ച. രാജധാനി ജൂവലറി കവർച്ച ചെയ്തപ്പോൾ ലത്തീഫിൽ നിന്നും പൊലീസ് കണ്ടെടുത്ത ഡയറിയിൽ 'ബിൽഗേറ്റ്‌സിന്റെ ' പ്രശസ്തമായ വാചകം കുറിച്ചിട്ടിരുന്നു. ധരിദ്രനായി ജനിക്കുന്നത് കുറ്റമല്ല. എന്നാൽ ദരിദ്രനായി മരിക്കുന്നത് അവനവന്റെ കുറ്റം കൊണ്ടാണ്. ഇതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെ ലത്തീഫ് തിരഞ്ഞെടുത്തത് കവർച്ചയാണ്.
കവർച്ച എങ്ങിനെ നടത്തണമെന്നും എങ്ങിനെ രക്ഷപ്പെടണമെന്നും തൊണ്ടി മുതൽ എവിടെയൊക്കെ സൂക്ഷിക്കണമെന്നും വ്യക്തമായ ആസൂത്രണത്തോടെയാണ് അബ്ദുൾ ലത്തീഫ് തിരക്കഥ തയ്യാറാക്കിയത്. ആർക്കും മുൻ പരിചയമില്ലാത്ത സംശയത്തിന് നേരിയ ഇട പോലും നൽകാത്ത സുലൈമാനെ അവതരിപ്പിച്ചത് അങ്ങനെയാണ്. ഇസ്മയിൽ എന്ന പേരിൽ സുലൈമാനെന്ന യഥാർത്ഥ പേരുകാരനെ അരങ്ങിലെത്തിക്കുമ്പോൾ കവർച്ചക്കാരിലെ സഹപ്രവർത്തകർക്കു പോലും ഇയാൾ സുലൈമാനാണെന്ന് അറിഞ്ഞിരുന്നില്ല.
കുടകിൽനിന്നെത്തി നാലു മാസത്തോളം പരിചയക്കാരുടെ ഇസ്മയിലായി മാറുകയായിരുന്നു. കുടക് സ്വദേശിയായ അഷ്‌റഫിനേയും ലത്തീഫിന്ന പരിചയപ്പെടുത്തിയതും ഇയാളായിരുന്നു. ഇത്രയും ബുദ്ധി പൂർവ്വം കവർച്ച നടത്തിയത് പൊലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും അതിശയിപ്പിച്ചിരിക്കയാണ്. പൊലീസിന്റെ തിരിച്ചും മറിച്ചും ഉള്ള ചോദ്യങ്ങളും ഫോൺകോളുകൾ തേടിയുള്ള അന്വേഷണവുമാണ് കവർച്ച മുതൽ പൂർണ്ണമായും കണ്ടെത്താനായത്. ചെർക്കളയിലെ പൊട്ടക്കിണറിൽ നിന്നും 8.75 കിലോ ഗ്രാം സ്വർണം ലഭിച്ചിരുന്നു. ബാക്കി സ്വർണം എവിടെയെന്ന ചോദ്യത്തിന് ലത്തീഫിൽ നിന്നും മറുപടി ലഭിച്ചേയില്ല.
ഇയാളുടെ കച്ചവട പങ്കാളി മനാഫിനെ ചോദ്യം ചെയ്തതോടെയാണ് ബാക്കി സ്വർണം പഴയ കെട്ടിടത്തിൽ സൂക്ഷിച്ചതായി കണ്ടത്. അങ്ങനെ കവർച്ച ചെയ്യപ്പെട്ട 20.414 കിലോഗ്രാം സ്വർണ്ണാഭരണം പൂർണ്ണമായും ലഭിച്ചു. തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി ആസൂത്രിതമായി കവർച്ച ചെയ്ത സ്വർണം തിരിച്ചെത്തിച്ചതോടെ അന്വേഷണ ചരിത്രത്തിൽ പൊലീസ് വിജയ ഗാഥ രചിച്ചിരിക്കയാണ്. എന്നാൽ സട്രോങ് റൂമിന്റെ താക്കോൽ മോഷ്ടാക്കൾക്ക് എങ്ങിനെ ലഭിച്ചുവെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. കാര്യമായ സജ്ജീകരണമില്ലാതെയാണ് മോഷ്ടാക്കൾ സ്‌ട്രോങ് റൂമിലെ അലമാര തുറന്നത്. സ്‌ട്രോങ് റൂമിൽത്തന്നെ താക്കോൽ ഉണ്ടായിരുന്നോ എന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.
ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ചും അന്വേഷണം തുടരുന്നുണ്ട്. മാനേജരും അസിസ്റ്റന്റ് മാനേജരും സൂക്ഷിക്കുന്ന താക്കോലുകൾക്ക് പുറമേയുള്ള താക്കോൽ തൊട്ടടുത്ത ശാഖയിൽ സൂക്ഷിക്കണമെന്ന വ്യവസ്ഥയും ഇവിടെ ലംഘിക്കപ്പെട്ടിരുന്നു.