കാസർഗോഡ്: ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ച ചെയ്ത കേസിലെ മുഖ്യപ്രതി കുടക് സ്വദേശിയായ മലയാളിയെ പിടികൂടി. ഇസ്മയിലെന്ന വ്യാജപേരിൽ കവർച്ച ആസൂത്രണം ചെയ്ത ഇയാളേയും സഹായികളായ മറ്റു മൂന്നു പേരേയും കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ കുടകിൽ വച്ചു തന്നെ ചോദ്യം ചെയ്തു വരികയാണ്. മലയാളിയായ കർണ്ണാടക സ്വദേശിയെന്ന പൊലീസിന്റെ തിരിച്ചറിവാണ് കുടകിലെത്തി അന്വേഷണം ആരംഭിക്കാൻ കാരണം.

ഇയാളുടെ മൊബൈലിലേക്ക് വന്നതും പോയതുമായ ഫോൺ കോളുകൾ പിന്തുടർന്നാണ് കുടകിലെത്തിയത്. ഇയാൾ താമസിക്കുന്ന കുടകിലെ വീടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതോടെ ഇയാളുടെ യഥാർത്ഥ പേര് ഇസ്മയിൽ എന്നല്ലെന്നും പൊലീസിനു വ്യക്തമായിട്ടുണ്ട്. യഥാർത്ഥ പേര് പൊലീസ് പുറത്തു വിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് ചെറുവത്തൂർ വിജയാബാങ്ക് ശാഖയുടെ കോൺക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപയുടെ സ്വർണ്ണവും പണവും കവർച്ച ചെയ്തത്. അന്നു മുതലേ, മലയാളം സംസാരിക്കുന്ന കർണ്ണാടക സ്വദേശിയാണ് മുഖ്യപ്രതിയെന്ന് പൊലീസിനു സംശയം ജനിച്ചിരുന്നു. അതിന്റെ അന്വേഷണത്തിലാണ് കുടക് കേന്ദ്രീകരിച്ച് പൊലീസ് വല വീശിയത്.

പ്രതി കുടകിലാണെന്ന് അറിഞ്ഞെങ്കിലും മലയാളിയായ കുടക് സ്വദേശിയാണെന്ന് അവിടെ നടത്തിയ അന്വേഷണത്തിലാണ് വെളിവായത്. 1500 ലധികം ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. കേരളത്തിലും കർണ്ണാടകത്തിലും പ്രവർത്തിക്കുന്ന പ്രൊഫഷണൽ കവർച്ചക്കാരാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം.

ഓരോ കവർച്ചയ്ക്കും ഓരോ മൊബൈൽ ഫോണും നിരവധി സിം കാർഡുകളും ഇവർ ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇസ്മയിൽ എന്ന പേര് ഉപയോഗിച്ചയാൾ കണ്ണൂരിൽ നിന്നും എടുത്ത പഴയ ഫോട്ടോയും രേഖാചിത്രവും സംയോജിപ്പിച്ചാണ് പൊലീസ് ്അന്വേഷണം കുടകിലേക്ക് തിരിഞ്ഞത്.

ചെറുവത്തൂർ ബാങ്ക് കവർച്ചയ്ക്കു ശേഷമോ അതോടൊപ്പമോ കോഴിക്കോട് ജില്ലയിലും കവർച്ചയ്ക്ക് പദ്ധതി ഇട്ടതായും വിവരമുണ്ട്. കൊടുവള്ളിയിലെ ഒരു കെട്ടിടം ഉടമയെ ഇസ്മയിൽ എന്നയാൾ വിളിച്ചിരുന്നു. ഈ കെട്ടിടത്തിന്റെ മുകൾ നിലയിൽ ഫെഡറൽ ബാങ്ക് ശാഖ പ്രവർത്തിച്ചു വരികയാണ്. അതിനു താഴത്തെ മുറി ആവശ്യപ്പെട്ടാണ് ടെലിഫോൺ വിളിവന്നതെന്നും അറിയുന്നു. ചെറുവത്തൂർ മോഡൽ കവർച്ചയ്ക്ക് ഇവിടേയും ആസൂത്രണം ചെയ്തതായിരിക്കാം അത്. കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളിൽ നിന്നും ലഭിച്ച നിർണ്ണായകവിവരത്തെ തുടർന്നാണ് കുടക് മലയാളിയാണ് കവർച്ചയുടെ സൂത്രധാരനെന്ന വിവരം പൊലീസിനു ലഭിച്ചതെന്നും വിവരമുണ്ട്.രണ്ടാം ശ്രമത്തിലാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് അന്വേഷണ സംഘത്തിന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ആദ്യ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ബാങ്കിലെ അലാറം മുഴങ്ങിയതിനാൽ കവർച്ച മാററി വച്ച് സംഘം പുറത്തേക്കു പോവുകയായിരുന്നു. അതേസമയം ഒരു മണിക്കൂറിലധികം ആരെങ്കിലും സംഭവമറിഞ്ഞോ എന്നറിയാൻ നിരീക്ഷണവും നടത്തി. എല്ലാം ശുഭമെന്ന് മനസ്സിലാക്കി രാവിലെ പത്തു മണിയോടെ രണ്ടാം ശ്രമം നടത്തി. ആദ്യം ബാങ്കിലെ അലാറം നശിപ്പിച്ചു. ആദ്യശ്രമത്തിൽ ഗോൾഡ് സെയ്ഫിന്റെ താക്കോൽ കൈവശപ്പെടുത്തിയിരുന്നു. ഇതും കൈയിൽ വച്ചു കൊണ്ടു തന്നെയാണ് രണ്ടാം ശ്രമം വിജയിപ്പിച്ചത്. കവർച്ച ചെയ്ത സാധനങ്ങൾ എടുത്തു പുറത്തുകൊണ്ടു വന്നതെപ്പോൾ എന്നത് ഇപ്പോഴും സംശയത്തിന്റെ നിലിലാണ്. സി.സി.ടി.വി ദൃശ്യങ്ങൾ ഇത് വ്യക്തമാക്കുന്നില്ല. അതേക്കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണ്.