കാസർഗോഡ്: ചെറുവത്തൂർ വിജയാ ബാങ്കിലെ കവർച്ച സംബന്ധിച്ച് ബാങ്ക് അധികൃതരുടെ സംശയകരമായ മൗനം തുടരുന്നു. ജില്ലാ പൊലീസ് അധികാരികൾ ആശങ്ക അറിയിച്ചിട്ടും ബാങ്ക് അധികൃതർ ഒന്നും വിട്ടു പറയുന്നില്ല. എത്ര പേർ പണയം വച്ച സ്വർണമാണു നഷ്ടപ്പെട്ടത്? അവശേഷിക്കുന്ന സ്വർണത്തിന്റെ തോത്.... ഇക്കാര്യങ്ങളൊന്നും വിശദീകരിക്കാൻ ബാങ്ക് അധികൃതർ ഇനിയും തയ്യാറായിട്ടില്ല.


ബാങ്ക് അധികാരികളുടെ നിലപാടിനെതിരെ നാട്ടുകാർക്കും ഇടപാടുകാർക്കും കടുത്ത അമർഷവുമുണ്ട്. വീടുപണിക്ക് പണയപ്പെടുത്തിയവർ, വിവാഹച്ചെലവിനു വേണ്ടി സ്വർണം ഈടുവച്ചവർ, ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് ചികിത്സ നൽകാൻ പണയം വച്ചവർ തുടങ്ങി നിരവധിപേർ ബാങ്കിനു മുന്നിലെത്തി ആശങ്കകൾ പങ്കു വെക്കുകയാണ്. ചിലർ ക്ഷുഭിതരായും ചിലർ കണ്ണീർ തൂകിയുമാണ് മടങ്ങിപ്പോയത്.

20 കിലോഗ്രാം സ്വർണവും മൂന്നു ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യപ്രതിയും ആസൂത്രകനും ഇസ്മായിലെന്ന പേരിൽ കടമുറികൾ വാടകക്കെടുത്ത ആളാണെന്ന് പൊലീസ് വ്യക്തമാക്കി. അയാളുടെ കൂട്ടാളികളായി രാപ്പകൽ ഭേദമില്ലാതെ കടകളിൽ സൗന്ദര്യവൽക്കരണം നടത്തിക്കൊണ്ടിരുന്ന അന്യ സംസ്ഥാനത്തൊഴിലാളികൾ സംഭവത്തോടെ മുങ്ങിയിരിക്കയാണ്. കൃത്യം നിർവ്വഹിച്ചശേഷം നിമിഷങ്ങൾക്കൊണ്ടുതന്നെ ഇവർ കടന്നുകളഞ്ഞെന്നാണ് നിഗമനം.

7.5 കോടി രൂപയുടെ സ്വർണം ബാങ്കിൽ സൂക്ഷിച്ചുവെന്നാണ് അറിയുന്നത്. അടച്ചിടാതെപോയ അലമാരയിൽ നിന്നും നിഷ്പ്രയാസം സ്വർണം കവർച്ചചെയ്ത് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ലോക്ക് ചെയ്ത മറ്റൊരു അലമാര തുറക്കാൻ പോലും കവർച്ചക്കാർ ശ്രമിച്ചിട്ടില്ല. അരമണിക്കൂർകൊണ്ട് സ്‌ട്രോങ് റൂമിലേക്ക് ദ്വാരമുണ്ടാക്കി പത്തു മിനുട്ടിനകം അലമാരയിൽനിന്നും സ്വർണ്ണവും പണവും കവർച്ചചെയ്ത് സുരക്ഷിതമായി സ്ഥലം വിടുക എന്നതാണ് കവർച്ചക്കാർ തയ്യാറാക്കിയ അജണ്ട. അത് കൃത്യമായി പാലിക്കാൻ പാകത്തിൽ സ്‌ട്രോങ് റൂമിലെ അലമാരയെപ്പറ്റിയും സ്വർണ്ണത്തെപ്പറ്റിയും വ്യക്തമായ വിവരം കവർച്ചക്കാർക്ക് ലഭിച്ചിട്ടുണ്ട്. ബാങ്കിലെ ജീവനക്കാരിൽ നിന്നും അറിഞ്ഞോ അറിയാതേയോ വിവരങ്ങൾ ചോർന്നിരിക്കാനും സാധ്യതയുണ്ട്.

ബാങ്കിന്റെ പ്രധാന സുരക്ഷ വേണ്ടുന്ന സ്‌ട്രോങ് റൂം നിർമ്മാണത്തിൽ ഗുരുതരമായ പാളിച്ചയാണ് സംഭവിച്ചിട്ടുള്ളത്. വിജയാ ബാങ്കിന്റെ സുരക്ഷാ ചുമതലയുള്ള മേധാവി സ്ഥലത്തെത്തി സൂക്ഷ്മ പരിശോധന നടത്തി. അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ബാങ്കിന്റെ അടിവശത്തെ മുറികൾ വാടകയ്ക്ക് എടുക്കുന്നവരെക്കുറിച്ചുള്ള വിശദവിവരം ശേഖരിക്കണമെന്ന നിർദേശവും ചെറുവത്തൂർ വിജയാബാങ്ക് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. മതിയായ രേഖകളൊന്നുമില്ലാതെ നാലുമാസത്തോളം അടിവശത്തെ മുറികളിൽ നിർമ്മാണപ്രവർത്തനം നടന്നപ്പോഴും അതേക്കുറിച്ച് ഒരു വിവരവും ശേഖരിക്കാതെ മൗനം ദീക്ഷിച്ച ബാങ്ക് അധികൃതർ ഉത്തരം പറയേണ്ടിവരും.

കവർച്ചക്കാർ ഒഴിവാക്കിയ ഒരു ലോക്കറിലെ ശേഷിക്കുന്ന സ്വർണവും പണവും പൊലീസ് സംരക്ഷണത്തിൽ കാഞ്ഞങ്ങാട്ടേ വിജയാ ബാങ്ക് ശാഖയിലേക്ക് മാറ്റിയിട്ടുണ്ട്. സ്‌ട്രോങ് റൂമിന്റെ 6 ഭാഗത്തും നാലിഞ്ചു കനത്തിൽ കോൺക്രീറ്റ് ഭിത്തി പണിതിരിക്കണമെന്നാണ്. അതിനു പുറത്ത് ഇഷ്ടിക കൊണ്ടുള്ള ഭിത്തിയും പുറത്ത് വീണ്ടും കോൺക്രീറ്റ് ഭിത്തിയും ബലമുള്ള കമ്പി ഉപയോഗിച്ച് പണിയണം. ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടില്ല.

കവർച്ചാ കേസിലെ പ്രതികൾക്കു വേണ്ടിയുള്ള പൊലീസ് അന്വേഷണം കർണ്ണാടകത്തിലേക്ക് തിരിഞ്ഞിരിക്കയാണ്. മുഖ്യപ്രതി ഇസ്മയിലെന്ന ആളും അന്യസംസ്ഥാന തൊഴിലാളികളും കർണാടകത്തിലെത്തി എന്ന സൂചനയാണ് പൊലീസിനുള്ളത്. ഇവർ ഉടൻ പിടിയിലാകുമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. കർണ്ണാടക പൊലീസും വല വിരിച്ചിരിക്കയാണ്. അതേസമയം ബാങ്ക് കവർച്ചക്ക് തൊട്ടു തലേന്നു വെള്ളിയാഴ്ച ബാങ്കിലെത്തിയ ഒരു സ്ത്രീയേയും പുരുഷനേയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ഇടപാടുകാരുടെ ഇരിപ്പിടത്തിൽ ഇരുന്നു, അല്പസമയം കഴിഞ്ഞ് ബാങ്കിൽ നിന്നും പുറത്തുപോകുകയും ചെയ്തു. വീണ്ടും ബാങ്കിനകത്ത് വന്ന യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ബാങ്കിനകത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇവരുടെ വരവും പോക്കും പതിഞ്ഞിട്ടുണ്ട്. ഒരാഴ്ചക്കകം പ്രതികളെ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്. ഉത്തര മേഖലാ എ.ഡി.ജി.പി. എൻ ശങ്കർറെഡ്ഡി പൊലീസിനു വ്യക്തമായ നിർദ്ദേശം നല്കിയിട്ടുണ്ട്.