കാസർഗോഡ്: ചെറുവത്തൂർ വിജയാ ബാങ്കിൽ നിന്നും അഞ്ചു കോടി രൂപയുടെ സ്വർണവും പണവും കവർന്ന കേസിൽ രണ്ടു പേരെ കുടകിൽനിന്നും പിടികൂടിയതായി വിവരം ലഭിച്ചു. കവർച്ച ചെയ്ത ശേഷം മംഗലാപുരത്തെത്തുകയും അവിടെനിന്നും സുരക്ഷിതത്വം തേടി കുടക് ഗ്രാമങ്ങളിലെത്തി അവിടെ ഒളിച്ചിരിക്കുകയായിരുന്നെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്ത പൊലീസിന് കൂട്ടുപ്രതികളെക്കുറിച്ചും വിവരം ലഭിച്ചുവെന്നാണ് അറിയുന്നത്.

ഒരാഴ്ചയ്ക്കകം കൂട്ടുപ്രതികളെ പിടികൂടുമെന്ന് എഡി.ജി.പി, എൻ.ശങ്കർ റെഡ്ഡി വെളിപ്പെടുത്തി. കവർച്ചയുടെ മുഖ്യ ആസൂത്രകനായ ഇസ്മായിൽ എന്ന പേരിൽ അറിയപ്പെടുന്നയാൾ കടയിൽ ജോലിചെയ്യുന്ന അന്യ സംസ്ഥാനതൊഴിലാളികളെ ഭക്ഷണം കഴിക്കാൻ പോലും പുറത്തു വിടാറില്ലായിരുന്നത്രേ. തൊട്ടടുത്ത് ഹോട്ടൽ ഉണ്ടായിട്ടും അവിടെനിന്നു പാഴ്‌സൽ കൊണ്ടുവന്നു കൊടുക്കാറാണ് പതിവ്. തൊഴിലാളികൾ കടയ്ക്കകത്ത് ജോലിക്കായി വരുമ്പോഴും ടവ്വൽകൊണ്ട് തല മറച്ചിരിക്കും.

കവർച്ചയുടെ സൂത്രധാരനായ ഇസ്മായിലിനെ കവർച്ചക്ക് സഹായിച്ച പ്രതികളെത്തേടി പൊലീസ് സംഘം ഝാർഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. ജാർഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചില വിവരങ്ങൾ കേരളാ പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ അക്കാര്യം പൊലീസ് രഹസ്യമാക്കി വച്ചിരിക്കയാണ്. ഝാർഖണ്ഡിലെ നവമ്പർ ഗാംഗിൽപ്പെട്ടവരാണോ കവർച്ചക്കാർ എന്ന് പൊലീസിന് സംശയം ഉടലെടുത്തിട്ടുണ്ട്. മൂന്നു പേരോ അഞ്ചു പേരോ അടങ്ങുന്ന സംഘമായിട്ടാണ് ഇവർ കവർച്ച നടത്താറ് പതിവ്. പല തൊഴിൽ ചെയ്ത് 'താമസിച്ചു' കവർച്ചക്ക് തട്ടകമൊരുക്കിയാണ് ഇവരുടെ ജീവിതചര്യ. കവർച്ചയ്ക്കുള്ള ആയുധങ്ങൾ കൊണ്ടുനടക്കുക പതിവില്ല. തദ്ദേശീയമായി ഉണ്ടാക്കിയെടുക്കുന്ന ശീലമാണ് ഇവരുടെ രീതി. അങ്ങനെയെങ്കിൽ ഇസ്മയിൽത്തന്നെ കവർച്ചയ്ക്കുള്ള ആയുധങ്ങൾ നിർമ്മിച്ചു നൽകിയിരിക്കാം. കേരളാ- കർണ്ണാടക അതിർത്തിയിൽ നിന്നായിരിക്കാം ഇത് ഉണ്ടാക്കിയത്.

അതേസമയം ബാങ്കിലെ ഗോൾഡ് സെയ്ഫിന്റെ മൂന്നാം താക്കോൽ കാണാതായതും കേസിന്റെ ദുരൂഹത വർദ്ധിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത ശാഖയിൽ സൂക്ഷിക്കേണ്ട താക്കോൽ കവർച്ചക്ക് ശേഷം എവിടേയാണെന്ന് അറിയാത്ത അവസ്ഥയിലാണ്. ഇതെങ്ങനെ കവർച്ചക്കാരുടെ കൈയിലെത്തിയെന്ന കാര്യത്തിൽ ബാങ്ക് അധികൃതർക്ക് മിണ്ടാട്ടമില്ല. ഗുരുതരമായ വീഴ്ചയായിട്ടാണ് പൊലീസ് ഇക്കാര്യത്തെ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ വിജയാ ബാങ്കിലെ കവർച്ചക്ക് സുരക്ഷാ വീഴ്ചയുടെ പേരിൽ ബാങ്ക് അധികാരികളേയും പ്രതിപ്പട്ടികയിൽ ചേർക്കപ്പെടും. മൂന്നാമത്തെ താക്കോൽ പണം സൂക്ഷിക്കുന്ന സാധാരണ അലമാരയിൽ സൂക്ഷിച്ചിരുന്നുവെന്നും പറയുന്നുണ്ട്. അങ്ങനെയായാൽ സ്‌ട്രോങ് റൂമിൽ ഈ താക്കോൽ ഉണ്ടായിരുന്നതായി മോഷ്ടാക്കൾ എങ്ങനെ മനസ്സിലാക്കിയെന്ന ചോദ്യവും ഉയരുന്നുണ്ട്. ലോക്കർ പൂട്ടിയിരുന്നതായാണ് മാനേജർ പി.കെ ചന്ദ്രൻ പൊലീസിനു മൊഴി നൽകിയത്.

കവർച്ചക്കെത്തിയവർ സെയ്ഫ് തകർക്കാൻ ആയുധങ്ങൾ എടുത്തില്ലെന്നാണ് കരുതേണ്ടത്. അങ്ങനെയെങ്കിൽ രണ്ടാമത്തെ സെയ്ഫ് അവർക്ക് തകർക്കാമായിരുന്നു. അതും ചെയ്തിട്ടില്ല. ഇരുമ്പലമാരകൾ മാത്രം പൊളിച്ചാണ് കവർച്ച നടത്തിയത്. അലമാരകൾ തുറക്കാൻ കമ്പിക്കഷണമായാലും മതി. സ്‌ട്രോങ് റൂമിൽ താക്കോൽ ഉണ്ടെന്ന് കവർച്ചക്കാർ അറിഞ്ഞതെങ്ങനെയെന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഏതെങ്കിലും ജീവനക്കാരിൽ നിന്നും അറിഞ്ഞോ അറിയാതേയോ ബാങ്കിലെ സ്വർണ്ണാഭരണത്തിന്റെ വിവരം പുറത്തു പോയിട്ടുണ്ടാവാമെന്നാണ് കരുതേണ്ടത്.

കവർച്ചക്ക് തൊട്ടു തലേന്ന് ബാങ്കിൽ രണ്ടു തവണയായി വന്ന പുരുഷനും സ്ത്രീയും ഇതുവരെ കാര്യമായി അന്വേഷണ പരിധിയിൽ വന്നിട്ടില്ല. സി.സി.ടി.വി. ക്യാമറയിൽ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. അകാരണമായ ഒരു അസ്വസ്ഥത പുരുഷനിൽ ഉണ്ടായതായും ദൃശ്യങ്ങൾ വഴി അറിയുന്നു. സ്‌ട്രോങ് റൂമിൽ താക്കോൽ ഇല്ലെങ്കിൽ സ്വർണം നഷ്ടപ്പെടുമായിരുന്നില്ലെന്നും കരുതണം. കാരണം രണ്ടാമത്തെ ലോക്കർ കവർച്ചക്കാർ തുറക്കാൻ പോലും ശ്രമിച്ചിട്ടില്ല. ഒരു പക്ഷേ പണം മാത്രം കവരുകയായിരിക്കാം മോഷ്ടാക്കളുടെ ലക്ഷ്യം.