കാസർഗോഡ് : ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ച ചെയ്ത കേസിലെ സൂത്രധാരൻ മറ്റൊരു കവർച്ചാകേസിലെ മുഖ്യപ്രതി ബളാൽ കല്ലൻചിറ സ്വദേശി അബ്ദുൾ ലത്തീഫ് എന്ന മുപ്പത്തിരണ്ടുകാരൻ.

അബ്ദുൾ ലത്തീഫിന്റെ അടിക്കടിയുള്ള നിർദ്ദേശപ്രകാരമാണ് ഇസ്മയിൽ എന്ന വ്യാജപ്പേര് സ്വീകരിച്ച കുടക് മലയാളിയായ സുലൈമാൻ കവർച്ച ആസൂത്രണം ചെയ്തത്. പ്രമാദമായ കാഞ്ഞങ്ങാട് രാജധാനി ജൂവലറി പട്ടാപ്പകൽ കവർച്ചചെയ്ത കേസിലെ മുഖ്യപ്രതിയാണ് അബ്ദുൾ ലത്തീഫ്. ചെർക്കള ബേർക്കയിലെ പൊട്ടക്കണറ്റിൽ കവർന്ന സ്വർണ്ണത്തിന്റെ ഒരു ഭാഗം ചാക്കിൽ കെട്ടി കുഴിച്ചിട്ടതും ലത്തീഫിന്റെ നിർദ്ദേശപ്രകാരമെന്നാണ് സൂചന. പൊട്ടക്കിണറ്റിലേക്കുള്ള വഴി കാട്ടിക്കൊടുത്തതു പരിസരവാസികളാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. 20. 414 കിലോഗ്രാം സ്വർണ്ണമാണ് കവർച്ചചെയ്യപ്പെട്ടത്.

എട്ടര കിലോഗ്രാമോളം സ്വർണ്ണമാണ് പൊട്ടക്കിണറ്റിൽ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെടുത്തത്. ശേഷിക്കുന്ന സ്വർണം കവർച്ചയ്ക്കു സഹായിച്ച അന്യ സംസ്ഥാന തൊഴിലാളികളുടെ കയ്യിലാകാമെന്നാണ് കരുതുന്നത്. അവർക്കുള്ള വിഹിതമായി ലത്തീഫിന്റെ നിർദ്ദേശപ്രകാരം നല്കിയതാകാമെന്നാണ് നിഗമനം. അടുത്തകാലത്തായി അബ്ദുൾ ലത്തീഫ് സാമ്പത്തികമായി തകർച്ചയിലായിരുന്നു. കാഞ്ഞങ്ങാട് രാജധാനി ജൂവലറി കവർച്ചചെയ്ത സ്വർണ്ണത്തിന്റെ ഒരു ഭാഗം, കാഞ്ഞങ്ങാട്ടുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ പണയപ്പെടുത്തി കവർച്ചചെയ്തത് ലത്തീഫാണെന്നറിഞ്ഞതോടെ പൊലീസ് പഞ്ചാബ് നാഷണൽ ബാങ്കിലെ സ്വർണം കണ്ടെടുത്തിരുന്നു. ഇതു കാരണം ബാങ്കിനു സംഭവിച്ച നഷ്ടം നികത്താൻ ലത്തീഫിനെതിരെ കോടതിയെ സമീപിച്ചു. ലത്തീഫിന്റെ ആവിക്കരയിലുള്ള വീടും പറമ്പും ജപ്തി ചെയ്ത് മുതൽ കൂട്ടാൻ ബാങ്കിന് അനുകൂലമായ വിധി വന്നിരിക്കയാണ്.

2010 ഏപ്രിൽ 15 നു വെള്ളിയാഴ്ച ഉച്ചക്കാണ് രാജധാനി ജൂവലറിയിൽ കവർച്ച നടന്നത്. 2.5 കോടിയോളം (15 കിലോ)സ്വർണ്ണാഭരണങ്ങളും 7 ലക്ഷം രൂപയുമാണ് കവർന്നത്. ഇതിൽ 7.5 കിലോഗ്രാം മാത്രമാണ് കണ്ടെത്തിയിരുന്നത്. ഈ കേസിൽ കോടതി വിധി വന്നതോടെയാണ് ലത്തീഫ് ചെറുവത്തൂർ ബാങ്ക് കവർച്ചക്ക് ഒരുക്കങ്ങൾ കൂട്ടിയത്. അതിനായി കുടക് സ്വദേശി സുലൈമാനെ ഇസ്മയിൽ എന്ന പേരു മാറ്റി അവതരിപ്പിച്ചു. വിജയാ ബാങ്കിനു തൊട്ടു താഴെ മുറി വാടകക്കെടുപ്പിച്ചു. നാലു മാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് കവർച്ച നടത്തിയത്. വ്യാപാരാവശ്യത്തിനെന്നു പറഞ്ഞ് കടമുറികൾ വാടകക്കെടുത്ത് പരിസരത്തുള്ളവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. സുലൈമാന്റെ നേതൃത്വത്തിൽ അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു കവർച്ച. തറ തുരന്നവരെത്തേടി പൊലീസ് എറണാകുളത്തെത്തിയിട്ടുണ്ട്.

അതിനിടെ ചെറുവത്തൂർ വിജയ ബാങ്ക് കവർച്ചാ കേസിലെ പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുഖ്യപ്രതി കുടക് സ്വദേശിയായ സുലൈമാൻ, കാഞ്ഞങ്ങാട്ടെ അബ്ദുൾ ലത്തീഫ്, ഇടുക്കി സ്വദേശി മുരളി, കാഞ്ഞങ്ങാട് ആവക്കരയിൽ മുബഷീർ എന്നീ പ്രതികളെ കാസർകോട് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണം ഒളിപ്പിച്ചുവച്ച പൊട്ടകിണർ സ്ഥിതി ചെയ്യുന്ന ചെർക്കളയിലെ വീട്ടുവളപ്പിൽ പ്രതികളെ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. സ്വർണം ഒളിപ്പിക്കാൻ സഹായിച്ച കുടക് സ്വദേശി അഷ് റഫ്, കാസർകോട് സ്വദേശി മനാഫ് എന്നിവരെ പിടികൂടാനുണ്ടെന്ന് കാസർകോട് എസ്‌പി ഡോ. എ. ശ്രീനിവാസ് അറിയിച്ചു.

ബാങ്കിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്ന കെട്ടിടം വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി ഇസ്മയിലിനെ കെട്ടിടമുടമയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ആളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രേഖാചിത്രം കണ്ട് കുടകു സ്വദേശികളായ ചിലർ പൊലീസിന് നൽകിയ വിവരങ്ങളാണ് അബ്ദുൽ ലത്തീഫിനെ പിടികൂടുന്നതിൽ നിർണ്ണായകമായത്. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ഏറെക്കാലമായ കുടക് കേന്ദ്രീകരിച്ച് പ്രവർത്തുന്ന ആളാണ് ബാങ്ക് കവർച്ചയിലെ മുഖ്യപ്രതിയെന്ന് പൊലീസിന് ബോധ്യപെട്ടു. കവർച്ചയുടെ മുഖ്യ സൂത്രധാരനും ഇയാൾതന്നെയാണ്.

ബാങ്കിന്റെ താഴത്തെ നിലയിലെ ഹാൾ വാടകയ്‌ക്കെടുത്ത മോഷ്ടാക്കൽ തറ തുരന്നാണ് സ്‌ട്രോങ് റൂമിൽ കടന്ന് കവർച്ച നടത്തിയത്. രാവിലെ പത്തുമണിയോടെ അകത്തു കടന്നവർ 11.17നാണ് പുറത്തു കടന്നത്. ഈ സമയം ഇതുവഴി പലരും കടന്നു പോയിട്ടും ആർക്കും ഒരു സംശയവും തോന്നിയില്ല. കവർച്ചക്കാർ അകത്തുകടന്നതും പുറത്തേക്ക് പോകുന്നതുമെല്ലാം വിജയാ ബാങ്കിന്റെ നേരെ മുൻഭാഗത്തുള്ള ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി ഇപ്പോൾ പ്രതികളെ പിടികൂടിയത്.

ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ താഴത്തെ നിലയുടെ സീലിങ് തുരന്നായിരുന്നു മോഷണം. തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് കവർച്ച നടന്നതായി കണ്ടത്തെിയത്.