- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാത 66 ന്റെ വികസനത്തിന് അധികൃതർ അളന്ന് തിട്ടപ്പെടുത്തിയത് ക്ഷേത്രമിരിക്കുന്ന സ്ഥലം; നിലവിലെ സ്ഥലത്ത് നിന്നുമാറി കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രം നിർമ്മിക്കും; കാസർകോട് ചെറുവത്തൂരിലെ ക്ഷേത്രകമ്മിറ്റിയും ഭക്തരും കേരളത്തിന് മാതൃകയാകുന്നത് ഇങ്ങനെ
കാസർകോട്: ദേശീയപാത അടക്കം സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ വലിയ വെല്ലുവിളി ആകാറുണ്ട് പലപ്പോഴും. സ്ഥലം ഉടമകളുടെ പ്രതിഷേധങ്ങളിൽ തുടങ്ങി നിയമപോരാട്ടങ്ങളിലേക്ക് കടന്നുപോയ സംഭവങ്ങളും ഏറെ. ആരാധനലായങ്ങളുടെ സ്ഥലം ഏറ്റെടുക്കേണ്ടതായി വന്നാൽ അത് പലപ്പോഴും സംഘർഷങ്ങൾക്കും വഴിവയ്ക്കാറുണ്ട്.
ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുമ്പോൾ ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുക്കുമെന്നാണ് കഴിഞ്ഞ ദിവസം സമാനമായ വിഷയത്തിൽ കേരള ഹൈക്കോടതി പരാമർശിച്ചത്.
ആരാധനാലയങ്ങളെ ഒഴിവാക്കാൻ ദേശീയപാത വികസനത്തിന്റെ അലൈന്മെന്റ് മാറ്റേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. നിസാര കാര്യങ്ങളുടെ പേരിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. കൊല്ലം ഉമയനെല്ലൂരിലെ ദേശീയപാത അലൈന്മെന്റ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
എന്നാൽ വിഷയം നിയമ നടപടികൾക്കൊ തർക്കങ്ങൾക്കോ ഇട നൽകാതെ സമൂഹത്തിന്റെ നന്മയെ കരുതി ഏറ്റവും അനിയോജ്യമായ തീരുമാനം എടുത്ത ഒരു ക്ഷേത്ര കമ്മിറ്റിയുണ്ട് കാസർകോട് ജില്ലയിൽ. ചെറുവത്തൂർ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രക്കമ്മിറ്റിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി തന്നെ ദേശീയ പാതാ വികസനത്തിനായി വിട്ടുകൊടുത്ത് മാതൃക കാട്ടിയത്.
ദേശീയപാത 66 ന്റെ വികസനത്തിന് ക്ഷേത്രമിരിക്കുന്ന സ്ഥലം അധികൃതർ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടപ്പോൾ തടസ്സവാദങ്ങളും ഒഴിവുകഴിവുകളും നിരത്തി എതിർക്കാതെ ക്ഷേത്രം മാറ്റിപ്പണിയാനാണ് നാട്ടുകാരും ക്ഷേത്ര കമ്മിറ്റിയും ശ്രമിച്ചത്. തന്ത്രിയുമായി ആലോചിച്ച് സമിതിയുണ്ടാക്കി ഇതിനുള്ള പ്രവർത്തനവും തുടങ്ങി.
ഇതിന്റെ ഭാഗമായി ആദിക്ഷേത്രത്തിലെ ദേവചൈതന്യം ആവാഹിച്ച് ബാലാലയത്തിൽ പ്രതിഷ്ഠിച്ചു. ജൂലായ് 13, 14, 15 തീയതികളിലായി ക്ഷേത്രം തന്ത്രി നെല്ലിയോട്ട് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ബാലാലയപ്രതിഷ്ഠ നടന്നത്. പുതിയ ക്ഷേത്രം പണിത് പുനഃപ്രതിഷ്ഠ നടക്കുന്നതുവരെ ബാലാലയത്തിൽ ആരാധന തുടരും.
അള്ളട ദേശത്ത് ചെറുവത്തൂരിടത്തെ ആദിക്ഷേത്രമാണിത്. ദേശാധികാരമുണ്ടായിരുന്ന കൊക്കിനി തറവാട്ടുകാർ പണിത ക്ഷേത്രം പിന്നീട് നാട്ടുകാരേറ്റെടുത്ത് പരിപാലിച്ചു. തുലാം 14 മുതൽ 17 വരെയാണ് ഒറ്റക്കോല ഉത്സവം. വിഷ്ണുമൂർത്തിയുടെ അഗ്‌നിപ്രവേശമാണ് പ്രധാനം. വി വി ഗംഗാധരൻ പ്രസിഡന്റും രതീഷ് ചക്രപുരം സെക്രട്ടറിയും ചന്ദ്രൻ കലിയന്തിൽ ട്രഷററുമായ സമിതിയാണ് പുതിയ ക്ഷേത്രം പണിയുന്നതിന് നേതൃത്വം നൽകുന്നത്.
''ലോകത്തോടൊപ്പം നടക്കണമെന്നാണ് ഋഷീശ്വരന്മാർ പറഞ്ഞിട്ടുള്ളത്. ദൈവം ലോകമാകെ നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണ്. നമുക്ക് ആരാധിക്കാനുള്ള സൗകര്യത്തിനാണ് ക്ഷേത്രങ്ങൾ പണിയുന്നത്. ഒരു വ്യക്തിയുടെയോ ഗ്രാമത്തിന്റെയോ ആവശ്യത്തിനല്ല ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നത്. രാജപാതയൊരുക്കാനാണ്. അവിടെ മാനുഷിക പരിഗണനയ്ക്കപ്പുറം രാജ്യതാത്പര്യത്തിനാണ് പ്രാമുഖ്യം.''-ക്ഷേത്ര തന്ത്രി നെല്ലിയോട്ട് വിഷ്ണു നമ്പൂതിരിപ്പാട് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ