ദുബായ്: ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ ചികിൽസയിൽ കഴിയുനന ചെറുവയൽ രാമൻ സുഖം പ്രാപിച്ചുവരുന്നു. വയനാട്ടിലെ പാരമ്പര്യ ആദിവാസി കർഷകനും, പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനും, അഗ്രികൾച്ചറൽ യൂണിവേഴ്സി സെനറ്റ് അംഗവും ആണ് ചെറുവയൽ രാമൻ. റാഷിദ് ഹോസ്പിറ്റലിലാണ് ചെറുവയൽ രാമൻ ചികിത്സയിൽ കഴിയുന്നത്.

ദുബായിലെ മലയാളി കർഷക കൂട്ടായ്മയുടെ പരിപാടിയിൽ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് അദ്ദേഹം എത്തിയത്. .ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങളിലും, യൂണിവേഴ്‌സിറ്റികളിലും സെമിനാറുകളെ അഭിസംബോധന ചെയ്ത രാമൻ ഇതു ദുബായിൽ രണ്ടാം തവണയാണ് എത്തുന്നത്. ചെറുവയൽ രാമന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ശേഷവും സങ്കീർണത തുടർന്നതിനാൽ ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

നാട്ടിൽ നിന്ന് മകൻ രാജേഷ് പരിചരണത്തിനായി എത്തിയിട്ടുണ്ട്. ജൈവ കൃഷിയിൽ ഏറെ താൽപര്യം പുലർത്തുന്ന യു.എ.ഇയിലെ മലയാളികളാണ് യാത്രക്ക് സൗകര്യങ്ങളും ആതിഥ്യവും ഒരുക്കിയിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരവും ഇവർ നാട്ടിൽ അറിയിച്ചിരുന്നു. ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ശസ്ത്രക്രിയ, ചികിത്സാ ചെലവ്, മരുന്നുകൾ എന്നീ ഇനത്തിൽ വലിയ ഒരു തുക ആശുപത്രിയിൽ അടയ്‌ക്കേണ്ടി വരും.

ഇതിനുമുൻപ് ബ്രസീലിൽ വച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലും ഇന്ത്യൻ പ്രതി നിധിയായി പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ ചികിത്സ ആവശ്യങ്ങളിൽ സംസ്ഥാന സർക്കാർ ഇന്ത്യൻ എംബസി വഴി യുഎഇയുമായി ബന്ധപ്പെട്ടണമെന്നു അദേഹത്തിന്റെ സുഹൃത്തുക്കൾ ആവശ്യ പെട്ടു. രോഗവിവരം അറിഞ്ഞു കൃഷി മന്ത്രി വി എസ്.സുനിൽ കുമാർ വിവരങ്ങൾ അന്വേഷിച്ചിരുന്നു.

കൃഷി പുണ്യമാണെന്നും വിത്തിന് വില പറയരുതെന്നും ലോക കാർഷിക സമൂഹത്തെ പഠിപ്പിച്ച കർഷകനാണ് ചെറുവയൽ രാമൻ. നാൽപ്പത്തഞ്ച് ഇനം അത്യപൂർവ്വമായ നെൽ വിത്തുകൾ ഇപ്പോൾ ചെറുവയൽ രാമന്റെ പത്തായത്തിലുണ്ട്. 2016 ലെ ജീനോം സേവിയർ അവാർഡ് ജേതാവാണ് ചെറുവയൽ രാമൻ. നിരവധി മറ്റ് അവാർഡുകളും ലഭിച്ചിട്ടുണ്ട് ചെറുവയൽ രാമന്.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി നിരവധി ഗവേഷകരാണ് ചെറുവയൽ രാമനെ പഠിക്കാൻ വരുന്നത്. മാനന്തവാടിയിലെ കമ്മനിയിൽ പുല്ലുമേഞ്ഞ കാർഷിക വിജ്ഞാനത്തിന്റെ പൈതൃക ഗവേഷണ ശാലയിലേക്ക് കൃഷിയെ നെഞ്ചിലേറ്റുന്ന ലോക കർഷക സമൂഹം ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നു. നിഴലുകൾ എന്ന സിനിമയിൽ ചെറുവയൽ രാമനെ മനോജ് കെ. ജയൻ ദാരപ്പൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്

ചിത്രം: കടപ്പാട്: മാധ്യമം