തിരുവനന്തപുരം: മൂന്ന് കാപ്പ കേസുകളും കൊലപാതക കേസുമടക്കം നാൽപതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ ഒളിസങ്കേതം വളഞ്ഞ് സാഹസികമായി അറസ്റ്റ് ചെയ്ത് ശ്രീകാര്യം പൊലീസിന്റെ മാസ്. തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കലിൽ ദീപു എസ്.കുമാറിനെ (40) ആണ് ശ്രീകാര്യം പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് മതിൽചാടി ഓടിയ ദീപുവിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

വീടുകയറി ആക്രമണം നടത്തി വീട്ടമ്മയെ വധിക്കാൻ കേസിലും പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ ജൂലൈ 11 ന് രാത്രി പതിനൊന്നര മണിയോടെ ഇയാൾ മാരകായുധങ്ങളുമായെത്തി ചെറുവയ്ക്കൽ കൊടിവിളവീട്ടിൽ വാടകക്ക് താമസിക്കുന്ന ഷീജയുടെ വീടിന്റെ പതിനഞ്ചോളം ജനാല ചില്ലുകൾ അടിച്ചു തകർക്കുകയും ഷീജയെ കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തുകൊലപാതകം ഉൾപ്പടെ മുപ്പതോളം കേസുകളിൽ പ്രതിയാണ് ദീപു എസ്.കുമാറെന്ന് പൊലീസ് അറിയിച്ചു.

ഷീജയുടെ വീട് ആക്രമിച്ച ശേഷം ഒളിവിൽ പോയ ഇയാളെക്കുറിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ ശ്രീകാര്യം പൊലീസ് അന്വേഷണം നടത്തി വരവെ കഴക്കൂട്ടം എസിപി ഹരികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ ഒളിത്താവളം വളഞ്ഞ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്. വിജയവാഡയിൽ ഒളിവിൽ പോയ ഇയാൾ തിരിച്ചെത്തി പോങ്ങുംമൂട്ടിലെ ഒരു തകർന്ന വീട്ടിൽ ഒളിച്ചിരിക്കുകയാണെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സംഘം ഇവിടെയെത്തിയത്.

പൊലീസുകാർ വരുന്നത് ദുരെ നിന്നും കണ്ട ഇയാൾ പുറകുഭാഗത്ത് കൂടി പുറത്തിറങ്ങി, പുറകിലത്തെ മതിൽ ചാടി ഓടുകയായിരുന്നു. ഇത് പ്രതീക്ഷിച്ചിരുന്ന പൊലീസുകാർ പിന്നാലെ ഓടി. രണ്ട് സംഘമായി തിരിഞ്ഞ പൊലീസുകാർ രണ്ട് ഭാഗത്ത് കൂടി വന്ന് ഇയാളെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.

ശ്രീകാര്യം എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്, എസ്ഐമാരായ ബിനോദ്കുമാർ, പ്രശാന്ത്, ജിഎസ്ഐ അനിൽ പുത്തേരി, എഎസ്ഐ രാജേഷ്, ഹോം ഗാർഡുമാരായ ജയൻ, വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് ചെറുത്തുനിന്ന ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ എഎസ്ഐ രാജേഷ് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കയ്യിൽ എപ്പോഴും ഒരു വെട്ടുകത്തിയുമായി നടക്കുന്ന ദീപു ആരെ, എപ്പോഴാണ് ആക്രമിക്കുന്നതെന്ന് പറയാൻ കഴിയില്ല. കൂടെ നടക്കുന്നവരെ പോലും നിസാരമായ കാര്യങ്ങൾക്ക് ആക്രമിക്കുന്നത് ദീപുവിന്റെ പതിവാണെന്ന് ശ്രീകാര്യം എസ്ഐ ബിനോദ് കുമാർ മറുനാടനോട് പറഞ്ഞു. ചെറുവയ്ക്കലിൽ മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളുള്ള കുടുംബത്തിലെ അംഗമായ ദീപു ആ പ്രദേശത്തെ മികച്ച വെൽഡർ കൂടിയാണെന്ന് പൊലീസ് പറയുന്നു.

വീട്ടിൽ സ്വന്തമായി വെൽഡിങ് വർക്ക്ഷോപ്പും ഇയാൾക്കുണ്ട്. റിട്ട. സർക്കാർ ഉദ്യോഗസ്ഥയാണ് മാതാവ്. കൂടെ നടക്കുന്നവന്റെ കഴുത്തിലാകും ആദ്യം വെട്ടുകത്തി വയ്ക്കുക. രണ്ട് വർഷം മുമ്പ് സ്‌കൂട്ടറിൽ ഒപ്പം വന്ന സുഹൃത്തിനെ വാക്ക് തർക്കത്തെ തുടർന്ന് വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടിയ ദീപുവിന്റെ സിസി ടീവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാത്രികാലങ്ങളിൽ ഒളിഞ്ഞു നോട്ടം പതിവാക്കിയ ഞരമ്പ് രോഗി കൂടിയാണ് ഇയാൾ.

കഴക്കൂട്ടത്ത് പച്ചക്കറിക്കടക്കാരനെ കടയിൽകയറി വെട്ടിക്കൊലപ്പെടുത്തിയതും നിസാരമായ വാക്ക്തർക്കത്തിന്റെ പേരിലാണ്. നഗരസഭാ ഉള്ളൂർ സോണൽ ഓഫിസിൽ ആക്രമണം നടത്തിയതിനും ഇയാളുടെ പേരിൽ കേസുണ്ട്. സോണൽ ഓഫിസിലെ കാഷ്യറും ഭിന്നശേഷിക്കാരനുമായ അനിൽകുമാർ, ബിൽഡിങ് ഓവർസിയർ അടക്കമുള്ള ജീവനക്കാരെ മർദ്ദിക്കുകയും അവിടത്തെ കമ്പ്യൂട്ടറുകൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. പൊലീസുകാരെ ആക്രമിച്ച അനവധി കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ മെഡിക്കൽ കോളേജ് സ്റ്റേഷനിലെ ജീപ്പ് അടിച്ച് തകർത്തതിനും കേസുണ്ട്. ഒരു കേസിൽ അകപെട്ട് ഒളിവിലിരിക്കുമ്പോൾ തന്നെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനലാണ് ഇയാളെന്ന് എസ്ഐ ബിനോദ്കുമാർ പറഞ്ഞു.

കാപ്പാ നിയമപ്രകാരം രണ്ടു തവണ കരുതൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. ശ്രീകാര്യം, മെഡിക്കൽ കോളേജ്, പേരൂർക്കട സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ എണ്ണമറ്റ കേസുകൾ നിലവിലുണ്ട്.