- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെസ് ഒളിമ്പ്യാഡ്: ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യൻ ടീമിന് വെങ്കലം; ഓപ്പൺ വിഭാഗം വ്യക്തിഗത മത്സരത്തിൽ മലയാളി താരം നിഹാലിനും ഗുകേഷിനും സ്വർണം
മഹാബലിപുരം: നാൽപ്പത്തിനാലാമത് ചെസ്സ് ഒളിമ്പ്യാഡിൽ ടീം ഇനത്തിൽ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം. ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യൻ ടീം വെങ്കലം മെഡൽ നേടി. കൊനേരു ഹംപി, തനിയ സച്ദേവ്, വൈശാലി, കുൽക്കർണി ഭക്തി എന്നിവരടങ്ങിയ എ ടീമാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയത്.
വനിതാ ടീം വിഭാഗത്തിൽ യുക്രൈൻ സ്വർണവും ജോർജിയ വെള്ളിയും നേടി. അമേരിക്കയോട് തോൽവി വഴങ്ങിയതോടെ ഇന്ത്യ വെങ്കലമെഡലിൽ ഒതുങ്ങി. 3-1 നാണ് അമേരിക്കയുടെ വിജയം. ജയിച്ചിരുന്നെങ്കിൽ ടീമിന് സ്വർണം ലഭിച്ചേനേ. ടൂർണമെന്റിലെ ഒന്നാം സീഡായ ഇന്ത്യ ഏഴാം സീഡായ അമേരിക്കയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയാണിത്.
ഓപ്പൺ ടീം വിഭാഗത്തിൽ ഉസ്ബെക്കിസ്താൻ സ്വർണം നേടി. അർമേനിയ വെള്ളി മെഡൽ സ്വന്തമാക്കി. ഓപ്പൺ വിഭാഗത്തിൽ ഗുകേഷ്, പ്രജ്ഞാനന്ദ, നിഹാൽ സരിൻ, അധിപൻ ഭാസ്‌കരൻ, റൗണക് സധ്വനി എന്നിവരടങ്ങുന്ന ബി ടീമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. 2014 ചെസ് ഒളിമ്പ്യാഡിന് ശേഷം ഇന്ത്യ നേടുന്ന ആദ്യ മെഡൽ കൂടിയാണിത്. 2014-ലും ഇന്ത്യ വെങ്കലം നേടിയിരുന്നു.
ഓപ്പൺ വിഭാഗം വ്യക്തിഗത മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനും ഗ്രാൻഡ് മാസ്റ്റർ ഗുകേഷ് ഡിയും സ്വർണം നേടി. ഒരു മത്സരത്തിൽപ്പോലും തോൽക്കാതെയാണ് നിഹാൽ സരിൻ സ്വർണം സ്വന്തമാക്കിയത്.
ബോർഡ് രണ്ടിലാണ് സരിന്റെ വിജയം. ബോർഡ് മൂന്നിൽ ഗുകേഷ് സ്വർണം നേടി. ഇവരെക്കൂടാതെ ഇംഗ്ലണ്ടിന്റെ ഡേവിഡ് ഹോവെൽ, ഉസ്ബെക്കിസ്താന്റെ ജഹാംഗിർ വാഖിഡോവ്, പോളണ്ടിന്റെ മത്തേയൂസ് ബാർട്ടെൽ എന്നിവരും സ്വർണം നേടി. വനിതാ വിഭാഗം വ്യക്തിഗത മത്സരത്തിൽ ഇന്ത്യയ്ക്ക് മെഡൽ നേടാനായില്ല.
സ്പോർട്സ് ഡെസ്ക്