ചെന്നൈ: തമിഴ്‌നാട് ആസ്ഥാനമായ പ്രമുഖ വ്യവസായ ഗ്രൂപ്പ് ചെട്ടിനാടുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ. 700 കോടിയുടെ നികുതി വെട്ടിപ്പു കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. ഒരാഴ്ചയാണ് റെയ്ഡ് നീണ്ടു നിന്നത്. സിമന്റ് കമ്പനിയും ഊർജ്ജ സ്ഥാപനവും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള വമ്പൻ ഗ്രൂപ്പാണ് ചെട്ടിനാട്.

കണക്കിൽപ്പെടാത്ത 23 കോടി രൂപ പിടിച്ചെടുത്തു. ചെന്നൈ, തിരുച്ചിറപ്പള്ളി, ആന്ധ്രപ്രദേശ്, കർണാടക, മുംബൈ എന്നിവിടങ്ങളിലെ അൻപതോളം സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. വിദേശത്തു സ്ഥിര നിക്ഷേപമായി സ്വീകരിച്ച 110 കോടി രൂപയും നികുതി വെട്ടിപ്പിൽ ഉൾപ്പെടും. ഇത് ആദായ നികുതി റിട്ടേണിൽ പരാമർശിച്ചിട്ടില്ലാത്തതിനാൽ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് വിശദമായി പരിശോധിക്കും.

ചെന്നൈ ആസ്ഥാനമായുള്ള ചെട്ടിനാട് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും വീടുകളിലും കഴിഞ്ഞ ബുധനാഴ്ച രാവിലെയാണു പരിശോധന തുടങ്ങിയത്. തമിഴ്‌നാട്, കർണാടക ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഫാക്ടറികളിലും ഓഫീസുകളിലും ഗ്രൂപ്പ് പ്രോമോട്ടർമാരുടെ വീടുകളിലുമായി 67 സ്ഥലങ്ങളിലാണു ഒരേ സമയം പരിശോധിച്ചത്. വ്യാപകമായി നികുതി വെട്ടിപ്പു നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധന. ചെലവു പെരുപ്പിച്ചു കാണിച്ച്, ലാഭം വെട്ടിച്ചതായും കണ്ടെത്തി.

ഗ്രൂപ്പിന്റെ മെഡിക്കൽ കോളജിൽ പി.ജി അഡ്‌മിഷന് വേണ്ടി തലവരിയായി കള്ളപണം വാങ്ങിയതിന്റെ രേഖകളും പിടിച്ചു. രേഖകളിൽ കൃത്രിമം കാണിച്ചുമാത്രം 435 കോടി രൂപയാണ് വെട്ടിച്ചത്. ഇതോടൊപ്പം ഈയിടെ മൂന്നു തുറമുഖങ്ങളിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ പ്രമുഖ വ്യവസായ ഗ്രൂപ്പിനു വിറ്റിരുന്നു.ഇതിന്റെ മറവിലും കള്ളപണ ഇടപാടു നടന്നെന്നും ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചു. 400 ഉദ്യോഗസ്ഥരാണു നാലു സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ പങ്കെടുത്തത്.

രാജ്യത്തെ വമ്പൻ ഗ്രൂപ്പുകളിലേക്ക് ആദായ നികുതി വകുപ്പ് കടന്നു ചെല്ലുന്നതിന്റെ സൂചനയാണ് ഇത്. നേരത്തെ കേരളത്തിൽ ബിലീവേഴ്‌സ് ചർച്ചിലും റെയ്ഡ് നടന്നിരുന്നു. സമാന ഓപ്പറേഷനാണ് ചെട്ടിനാട് ഗ്രൂപ്പിലും ഉണ്ടാകുന്നത്. വരും ദിവസങ്ങളിൽ ഈ സർജിക്കൽ സ്‌ട്രൈക്ക് മറ്റിടങ്ങളിലും തുടരും. നോട്ട് നിരോധനത്തിന് ശേഷം വീണ്ടും കള്ളപ്പണം സജീവമായി എന്നതാണ് ചെട്ടിനാട്ടെ റെയ്ഡിലും തെളിയുന്നത്. ബിലീവേഴ്‌സ് ചർച്ചിലും സമാനമായി കള്ളപ്പണം കണ്ടെത്തിയിരുന്നു.

ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ, മുംബൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഫാക്ടറികളിലും ഗ്രൂപ്പുമായി ബന്ധപ്പെട്ട വീടുകളിലുമായിരുന്നു പരിശോധന. ചെന്നൈയിലുള്ള കോർപ്പറേറ്റ് ഓഫീസ്, വാണിജ്യകെട്ടിടങ്ങൾ, സ്‌കൂളുകൾ, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആദായ നികുതി വകുപ്പ് അരിച്ചു പെറുക്കി. ചെന്നൈയിൽ മാത്രം 40-ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടാതെ സിമന്റ്, സ്റ്റീൽ, ഖനനം, കെട്ടിട നിർമ്മാണം, ഊർജം തുടങ്ങി മേഖലകളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ് 4000 കോടിയാണ്. അഞ്ചുവർഷംമുമ്പും ഇത്തരത്തിൽ ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന റെയ്‌ഡെന്ന് സൂചനയുണ്ട്. റെയ്ഡ് സംബന്ധിച്ച് കമ്പനി അധികൃതർ പ്രതികരിച്ചിട്ടില്ല.