റായ്പൂർ: ഛത്തീസ്‌ഗഡിൽ രാഷ്ട്രീയാന്തരീക്ഷം എപ്പോഴും കലുഷിതമായിരിക്കും. മാവോയിസ്റ്റ് ഭീഷണികൾക്കിടയിൽ ജനജീവിതം സാമാധാനപരമായി കൊണ്ടുപോകുകയെന്നതും ഭരണകക്ഷികൾക്ക് തലവേദനയുള്ള കാര്യമാണ്. നാലാം തവണയും വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങുന്ന ബിജെപിക്കും കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കുന്നതിന് അക്ഷീണം പ്രയത്നിക്കുന്ന കോൺഗ്രസിനും പ്രധാന വെല്ലുവിളി ഉയർത്തുന്നതും സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യമാണ്. 90 നിയമസഭാ മണ്ഡങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുന്നതിന്റെ പ്രധാന കാരണവും മാവോയിസ്റ്റ് ആക്രമണ സാധ്യതയാണ്. അതുകൊണ്ടുതന്നെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 28 മണ്ഡലങ്ങളിൽ 12ന് വോട്ടെടുപ്പ് പൂർത്തിയായി. ആദ്യഘട്ടത്തിൽ 70 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഈ മാസം 20നാണ് ഛത്തീസ്‌ഗഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ്.

മാവോയിസ്റ്റുകളുടെ ശക്തമായ ഭീഷണിക്കും ആക്രമണങ്ങൾക്കുമിടയിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയാക്കിയത്. സുക്മയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു. ഇവരിൽ നിന്ന് രണ്ട് തോക്കുകളും പിടിച്ചെടുത്തു. ബിജാപുറിലെ പാമെഡ് മേഖലയിലുണ്ടായ സ്ഫോടനത്തിൽ കോബ്ര കമാൻഡിലെ രണ്ട് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ബന്ധയിലെ കോണ്ഡയിൽ പോളിങ് സ്റ്റേഷനിൽനിന്ന് ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) കണ്ടെത്തി.

ജോഗി ഇഫക്ട്
ഭരണത്തുടർച്ച കണ്ടാണ് ബിജെപി ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മുൻവർഷത്തെതിനേക്കാൾ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. മുൻ മുഖ്യമന്ത്രി അജിത് ജോഗി- ബിഎസ്‌പി നേതാവ് മായാവതി സഖ്യമാണ് ബിജെപിക്ക് ഇത്തവണ ഉയർത്തിയിരിക്കുന്ന വലിയ വെല്ലുവിളി. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയാണ് അജിത് ജോഗി. ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് എന്ന ജോഗിയുടെ പാർട്ടിക്ക് ഗ്രാമങ്ങളിൽ ശക്തമായ വേരുണ്ട്. ഛത്തീസ്‌ഗഡ് സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രിയായിരുന്നു ജോഗി. ജോഗിക്കു ശേഷം അധികാരം വീണ്ടെടുക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നു പറയുമ്പോൾ ജോഗി ഇഫക്ട് എത്രത്തോളമുണ്ടെന്ന് ഊഹിക്കാം.

2016-ലാണ് കോൺഗ്രസ് വിട്ട് അജിത് ജോഗി സ്വന്തം പാർട്ടി രൂപീകരിച്ചത്. ഉപതെരഞ്ഞെടുപ്പുകളിൽ പരോക്ഷമായി ബിജെപിക്ക് സഹായം ചെയ്തു കൊടുത്തതിനെ തുടർന്ന് മകൻ അമിത് ജോഗിയെ പാർട്ടി പുറത്താക്കിയതിനെ തുടർന്നാണ് അജിത് ജോഗിയും കോൺഗ്രസ് വിട്ടത്. അജിത് ജോഗി ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് രൂപീകരിച്ചത് കോൺഗ്രസിന് വൻ തിരിച്ചടിയായി. സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ജോഗിയുടേതു തന്നെ.

ഇതുവരെ സംസ്ഥാനത്ത് പ്രധാനമായും ബിജെപി- കോൺഗ്രസ് നോരിട്ടുള്ള പോരാട്ടമായിരുന്നെങ്കിൽ ഇത്തവണ മൂന്നാം മുന്നണിയായി ജോഗി- മായാവതി സഖ്യം ഉയർന്നുവരുന്നത് കണ്ടില്ലെന്ന് നടിക്കാൻ കോൺഗ്രസിനെ പോലെ ബിജെപിക്കും ആവില്ല. നിലവിൽ ബിഎസ്‌പിക്ക് സംസ്ഥാനനിയമസഭയിൽ ഒരംഗം മാത്രമേ ഉള്ളൂവെങ്കിലും ജോഗി-മായാവതി സഖ്യത്തിലാകുമ്പോൾ അതിന്റെ പ്രത്യാഘാതം ഏറെ വലുതായിരിക്കും.

നെഹ്റു- ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള ജോഗിക്ക് ഛത്തീസ്‌ഗഡിന്റെ കിങ് മേക്കർ എന്ന പ്രതിഛായയിലാണ് മടങ്ങി വരവ്. സംസ്ഥാനം നിലവിൽ വന്നപ്പോൾ മുതൽ ജനങ്ങളുടെ ഇടയിൽ ഹീറോ ഇമേജ് നേടിയെടുക്കാൻ സാധിച്ചിട്ടുള്ള വ്യക്തിയാണ് ഈ ഐഎഎസുകാരൻ.

ജാതി സമവാക്യങ്ങൾ
ജാതി സമവാക്യങ്ങൾ ഏറെ പ്രയോഗിക്കപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്‌ഗഡ്. മൊത്തം ജനസംഖ്യയിൽ ഗോത്രവർഗക്കാരുടെ എണ്ണം വളരെ കൂടിയ തോതിലുണ്ടിവിടെ. ആകെ ജനസംഖ്യയിൽ മറ്റു പിന്നാക്ക വിഭാഗക്കാർ 48 ശതമാനം ആണ്.

അതുകൊണ്ടു തന്നെ ആദിവാസി വോട്ടുകൾ നിർണായകമാണ് താനും. പട്ടികജാതി വനിത കൂടിയായ മായാവതിയെ അജിത് ജോഗി കൂട്ടുപിടിച്ചതും ഈ തന്ത്രം പയറ്റുന്നതിന് വേണ്ടിയാണ്. മായാവതിക്ക് സംസ്ഥാനത്ത് ഏറെ അനുകൂലഘടകമാണിത്. നിയമസഭയിലെ 90 സീറ്റുകളിൽ 29 എണ്ണം ഗോത്രവിഭാഗത്തിനും പത്തെണ്ണം പട്ടികജാതി വിഭാഗത്തിനായും സംവരണം ചെയ്തിട്ടുണ്ട്. സംവരണമില്ലാത്ത മറ്റ് സീറ്റുകളിൽ പട്ടിക ജാതി വിഭാഗക്കാർ ജനസംഖ്യയുടെ പത്തു ശതമാനത്തിലധികം വരുന്നുമുണ്ട്. അജിത് ജോഗി മായാവതിയുടെ ബിഎസ്‌പിയുമായി സഖ്യം ഉണ്ടാക്കിയത് പട്ടികജാതി വിഭാഗക്കാരുടെ വോട്ടിൽ നോട്ടമിട്ടാണ്. കൂടാതെ മഹർ, സത്നാമി വിഭാഗക്കാർക്കിടയിൽ ശക്തമായ സ്വാധീനമുള്ള വ്യക്തി കൂടിയാണ് ജോഗി. ജാതിസമവാക്യങ്ങളിലൂടെ നല്ലൊരു ശതമാനം വോട്ട് മൂന്നാം മുന്നണിയിലേക്ക് ഒഴുകുമ്പോൾ ഇത് കോട്ടമുണ്ടാക്കുന്നത് ബിജെപിക്കും കോൺഗ്രസിനുമാണ്.

ആളിക്കത്തുന്ന ഭരണവിരുദ്ധ വികാരം
മുഖ്യമന്ത്രി രമൺസിംഗിന് ജനങ്ങൾക്കിടയിൽ മെച്ചപ്പെട്ട പ്രതിഛായ നിലനിർത്താൻ സാധിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗങ്ങളിൽ പലരും അഴിമതിയുടെ കരിനിഴലിലാണെന്നത് സംസ്ഥാനത്ത് ബിജെപിയെ വെട്ടിലാക്കുന്നുണ്ട്. ജനപ്രിയ പദ്ധതികൾ നടപ്പിലാക്കി ജനഹൃദയങ്ങളിൽ ഇടംനേടിയെങ്കിലും ഭരണവിരുദ്ധ വികാരം ആളിപ്പടർന്നിരിക്കുകയാണെന്ന് ബിജെപി നേതൃത്വവും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതിഛായയ്ക്ക് മങ്ങലേറ്റിരിക്കുന്നവരെ മാറ്റി നിർത്തി മുഖം മിനുക്കിക്കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

കാർഷിക മേഖലയിലുണ്ടായ തിരിച്ചടി കർഷകർക്കിടയിൽ അതൃപ്തി പടരുന്നതിന് കാരണമായി. കൂടാതെ ഇന്ധനവില വർധനയടക്കമുള്ള പ്രശ്നങ്ങളും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ ഒരുപരിധി വരെ കാരണമായി. ഭരണവിരുദ്ധ വികാരം ശമിപ്പിക്കാൻ ബിജെപി കേന്ദ്രനേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഇതിൽ എത്രത്തോളം വിജയിച്ചു എന്നു പറയണമെങ്കിൽ 20നു നടക്കുന്ന അടുത്ത ഘട്ടം വോട്ടെടുപ്പു കൂടി കഴിയണം.