റായ്പുർ: ഛത്തീസ്‌ഗഡിലെ ബിജാപുർ ജില്ലയിലെ വനത്തിൽ മാവോയിസ്റ്റുകളുമായി നടത്തിയ ഏറ്റുമുട്ടലിൽ 7 സിആർപിഎഫുകാരടക്കം 21 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി. എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചെന്നാണ് ആന്റി നക്‌സൽ ഓപ്പറേഷൻസ് ഡിജി അശോക് ജുനേജ അറിയിച്ചത്.

സിആർപിഎഫ് ജനറൽ കുൽദീപ് സിങ് ഛത്തീസ്‌ഗഢിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കാണാതായ സൈനികർക്കായുള്ള തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരമാണ് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടാത്. പത്തുപേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തിൽ പരുക്കേറ്റ 23 പേരെ ബിജാപുരിലെ ആശുപത്രിയിലും ഏഴു പേരെ റായ്പുരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായാണ് വിവരം. മൂന്ന് ഡിആർജി ഉദ്യോഗസ്ഥരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വീരമൃത്യുവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. സമാധാനത്തിനും ഉയർച്ചയ്ക്കും വേണ്ടി ഇത്തരം ശത്രുക്കൾക്കെതിരെ പോരാടുമെന്നും അമിത്ഷാ അറിയിച്ചു.

മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പതിനഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ടാകണമെന്നും എന്നാൽ ഇതേപ്പറ്റി ഉടൻ സ്ഥിരീകരണം നടത്താൻ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് 250ഓളം മാവോയിസ്റ്റുകൾ ഉണ്ടെന്നാണ് വിവരം

ഛത്തീസ്‌ഗഡിലെ നാരായൻപുർ ജില്ലയിൽ 27 ഡിആർജി ഉദ്യോഗസ്ഥർ യാത്ര ചെയ്തിരുന്ന ബസ്സിനു നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തുകയും 5 പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും ചെയ്തതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളെ തുർന്ന് നടത്തിയ തിരച്ചിലിലാണ് സുക്മ ബൈജാപുർ അതിർത്തിയിലെ വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായി. ഡിആർജി, എസ്ടിഎഫ് എന്നീ പൊലീസ് സേനകൾക്കൊപ്പം സിആർപിഎഫും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായാണ് പ്രദേശം അറിയപ്പെടുന്നത്.