റായ്പൂർ: ഛത്തീസ്‌ഗഡിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴുവിന് വെട്ടിക്കൊലപ്പെടുത്തിയ യുവതി കുട്ടികൾക്കൊപ്പം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നും രണ്ടരയും നാലും വയസ്സുള്ള പെൺകുട്ടികളുമായാണ് ഇവർ കിണറ്റിൽ ചാടിയത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതി ഉൾപ്പെടെ നാലുപേരെയും രക്ഷിച്ചത്. ഭർത്താവിനെ വെട്ടിക്കൊന്ന കേസിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കൗൺസിലിങ്ങിന് അയക്കാൻ തീരുമാനിച്ചു.

ഗൗരേല- പെന്ദ്ര- മർവാഹി ജില്ലയിലാണ് സംഭവം. യുവതിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് അറിയിച്ചു. ഭർത്താവിന്റെ വീട്ടുകാരുമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഭർത്താവും ഭർതൃമാതാവും ഭ്രാന്തി എന്ന് വിളിച്ച് തുടർച്ചയായി കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് സംഭവം ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിഞ്ചുകുട്ടികളുമായി വീടിന്റെ പുറത്തിറങ്ങിയ യുവതി മൂന്ന് പെൺകുട്ടികളെ ഒന്നിന് പിറകെ ഒന്നായി കിണറ്റിൽ വലിച്ചെറിഞ്ഞ ശേഷം പിന്നാലെ ചാടുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് നാലുപേരെയും രക്ഷിച്ചത്.