- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ അഭയം തേടി ഛോട്ടാ രാജൻ; ഇന്തോനേഷ്യയിൽ തന്റെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് കത്തെഴുതി; ഇന്തോനേഷ്യൻ പൊലീസ് ചതിക്കുമെന്ന് രാജന് ആശങ്ക
ബാലി: ഒടുവിൽ അധോലോക നായകൻ ഛോട്ടാ രാജൻ ഇന്ത്യയുടെ കാൽക്കൽ വീഴുന്നു. ഇന്തോനേഷ്യയിൽ തന്റെ ജീവൻ അപകടത്തിലാണെന്നും, ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്നും കാണിച്ച് ബാലിയിലെ കൺസുലേറ്റ് ജനറലിന് ഛോട്ടാ രാജൻ കത്തയച്ചു. എന്നാൽ, ബാലിയിലെ ഇന്റർപോൾ ഛോട്ടാ രാജന്റെ ആവശ്യത്തോട് അനുകൂലമായല്ല പ്രതികരിക്കുന്നതെന്നും സൂചനയുണ്ട്. ബാലിയിൽ തന്റെ ജീവൻ അ
ബാലി: ഒടുവിൽ അധോലോക നായകൻ ഛോട്ടാ രാജൻ ഇന്ത്യയുടെ കാൽക്കൽ വീഴുന്നു. ഇന്തോനേഷ്യയിൽ തന്റെ ജീവൻ അപകടത്തിലാണെന്നും, ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്നും കാണിച്ച് ബാലിയിലെ കൺസുലേറ്റ് ജനറലിന് ഛോട്ടാ രാജൻ കത്തയച്ചു. എന്നാൽ, ബാലിയിലെ ഇന്റർപോൾ ഛോട്ടാ രാജന്റെ ആവശ്യത്തോട് അനുകൂലമായല്ല പ്രതികരിക്കുന്നതെന്നും സൂചനയുണ്ട്.
ബാലിയിൽ തന്റെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് കോൺസുലേറ്റ് ജനറലിന് കത്തയച്ച കാര്യം ബാലി പൊലീസിലെ ഉന്നതർ തന്നെയാണ് വെളിപ്പെടുത്തിയത്. ബാലി എയർപോർട്ടിൽ താൻ അറസ്റ്റ് ചെയ്യപ്പെടാനുണ്ടായ സാഹചര്യങ്ങളും കത്തിൽ വിശദമാക്കിയിട്ടുണ്ട്. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തത്. എന്നാൽ, കോൺസുലേറ്റ് ജനറലിന് കത്തെഴുതിയ ശേഷം ഇന്ത്യൻ എംബസ്സിയെ സമീപിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്ന് ഛോട്ടാ രാജൻ പറയുന്നു.
കർണാടകയിൽനിന്നുള്ള മോഹൻ കുമാർ എന്ന വ്യാജ പാസ്‌പോർട്ടിലാണ് ഛോട്ടാ രാജൻ ഓസ്‌ട്രേലിയയിൽനിന്ന് ബാലിയിലെത്തിയത്. ഇതേ പേരിലാണ് കോൺസുലേറ്റ് ജനറലിന് കത്തയച്ചതും. രണ്ടുവർഷം മുമ്പ് ബാലിയിലെ ആശുപത്രിയിൽ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായ തന്റെ ആരോഗ്യനില മോശമാണെന്നും അറസ്റ്റിനുശേഷം തനിക്ക് വേണ്ടത്ര ഇന്ത്യൻ ഭക്ഷണം ലഭിക്കുന്നില്ലെന്നും ഛോട്ടാരാജൻ കത്തിൽ പരാതിപ്പെടുന്നു. കൊളസ്‌ട്രോളിനുള്ള മരുന്ന് തീർന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും ചെയ്തു.
ഛോട്ടാ രാജന്റെ പേരിൽ ഇന്തോനേഷ്യയിൽ കേസുകളൊന്നും നിലവിൽ ഇല്ലാത്തതിനാൽ, രാജനെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇന്തോനേഷ്യൻ പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, വ്യാഴാഴ്ച ഇന്തോനേഷ്യൻ പൊലീസിന്റെ നാർക്കോട്ടിക് വിഭാഗം ആറുമണിക്കൂറോളം ഛോട്ടാ രാജനെ ചോദ്യം ചെയ്തു. ഹിന്ദി അറിയുന്ന ഒരാളുടെ സഹായത്തോടെയായിരുന്നു ചോദ്യം ചെയ്യൽ.
ഛോട്ടാ രാജനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്നതാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും നിലപാട്. ഇന്തോനേഷ്യയിൽ കഴിയുന്നത് രാജന് ആപത്താണെന്ന് അവരും കരുതുന്നു. എന്നാൽ, കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ കരാറില്ലാത്തതാണ് രാജന്റെ കൈമാറ്റം വൈകിക്കുന്നത്. അടുത്ത മാസം ആദ്യം ഉപരാഷ്ട്രപതി ഹമീദ് അൻസാരി ഇന്തോനേഷ്യ സന്ദർശിക്കുന്നുണ്ട്. അപ്പോൾ ഈ കരാർ ഒപ്പുവെയ്ക്കുമെന്ന സൂചനയുമുണ്ട്.
ഛോട്ട രാജന്റെ അറസ്റ്റും അതിന്റെ അണിയറ നാടകങ്ങളും ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നോ എന്ന സംശയം കൂടുതൽ ബലപ്പെടുത്തുന്നതാണ് പുതിയ സംഭവവികാസങ്ങൾൃ . ഓസ്‌ട്രേലിയൻ ഇന്റർപോൾ നൽകിയ സൂചനയനുസരിച്ചാണ് ബാലിയിൽനിന്ന് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തതെന്ന് ഇന്തോനേഷ്യൻ ഇന്റർപോൾ വ്യക്തമാക്കുമ്പോഴും, രാജൻ ഉപയോഗിച്ചിരുന്ന ഇന്ത്യൻ പാസ്‌പോർട്ട് കൂടുതൽ സംശയമുണർത്തുന്നു. സിഡ്‌നിയിൽനിന്ന് വരുന്ന വഴി ബാലിയിലെ വിമാനത്താവളത്തിൽനിന്നാണ് ഛോട്ടാ രാജൻ അറസ്റ്റിലാകുന്നത്. ഒരേയൊരു പൊലീസുകാരൻ മാത്രമാണ് അറസ്റ്റ് ചെയ്യാനുണ്ടായിരുന്നതും.
പിടിയിലാകുമ്പോൾ, ഇന്ത്യൻ പാസ്‌പോർട്ട് ഛോട്ടാ രാജന്റെ പക്കലുണ്ടായിരുന്നു. കർണാടകയിലെ മാണ്ഡ്യയിൽനിന്നുള്ള മോഹൻ കുമാർ എന്നാണ് പാസ്‌പോർട്ടിലുണ്ടായിരുന്നത്. 2008 ജൂലൈ എട്ടിന് സിഡ്‌നിയിലെ ഇന്ത്യൻ എംബസ്സി നൽകിയ പാസ്‌പോർട്ടാണിത്. രാജന് ഇന്ത്യൻ പാസ്‌പോർട്ട് എങ്ങനെ കിട്ടിയെന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇന്ത്യയിലെ മുഴുവൻ രഹസ്യാന്വേഷണ ഏജൻസികളും തിരഞ്ഞുകൊണ്ടിരുന്ന ഛോട്ടാ രാജന് ഇന്ത്യൻ പാസ്‌പോർട്ട് ലഭിച്ചതിന്റെ രഹസ്യമാണ് ഇനി പുറത്തുവരേണ്ടത്. ആഭ്യന്തര മന്ത്രാലയം അറിഞ്ഞുകൊണ്ടാണ് പാസ്‌പോർട്ട് നൽകിയതെന്നാണ് സൂചനയാണ് ബലപ്പെടുന്നത്.
എന്നാൽ, പാസ്‌പോർട്ട് വ്യാജമാണോ എന്ന സംശയവുമുണ്ട്. അത് ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. ഏതായാലും ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു. ദാവൂദ് ഇബ്രാഹിമിനെതിരെ ഇന്ത്യൻ ചാരനായ രാജൻ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സൂചന. നിലവിൽ രാജനെ കൊല്ലാൻ ദാവൂദ് സംഘാംഗങ്ങൾ സജീവമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ സഹായത്തോടെ രക്ഷപ്പെടാനുള്ള നീക്കമാണ് അറസ്റ്റെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന ഛോട്ടാ രാജന്റെ ആവശ്യം വിവാദങ്ങളിൽപ്പെടുന്നതും.