ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി നടത്തപ്പെട്ട ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ബെൽവുഡ് സീറോ മലബാർ സെന്റ് തോമസ് കത്തീഡ്രൽ ടീം ജേതാക്കളായി വെരി റവ കോശി പൂവത്തൂർ കോർഎപ്പിസ്‌കോപ്പ ട്രോഫി നിലനിർത്തി. രണ്ടാമത് എത്തിയ ക്‌നാനായ ടീം എൻ.എൻ. പണിക്കർ തെക്കേപുരയിൽ ട്രോഫി നേടി.

ശനിയാഴ്ച രാവിലെ 9 മണിക്ക് എക്യൂമെനിക്കൽ വൈസ് പ്രസിഡന്റ് റവ. ബിനോയ് പി. ജേക്കബ് പ്രാർത്ഥനയോടെ ആരംഭിച്ച ടൂർണമെന്റിൽ ഷിക്കാഗോയിലെ എട്ട് ദേവാലയങ്ങളിലെ ടീമുകൾ പങ്കെടുത്തു. രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരം കാണുവാൻ ഗെളൺടെയിൽ ഹയറ്റിലുള്ള ഏക്കർമാൻ സ്പോർട്സ് സെന്റർ കാണികളെകൊണ്ട് തിങ്ങിനിറഞ്ഞു.

യുവജനങ്ങളെ ക്രിസ്തീയ കൂട്ടായ്മയിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഉപാധിയായി ഏഴ് വർഷം മുമ്പ് സിൽവർ ജുബിലിയോടനുബന്ധിച്ച് ആരംഭിച്ച ഈ ടൂർണമെന്റ് നല്ല രീതിയിൽ തുടരുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് കൗൺസിൽ പ്രസിഡന്റ് മാർ ജോയി ആലപ്പാട്ട് പ്രസ്താവിക്കുകയുണ്ടായി. ടൂർണമെന്റ് യൂത്ത് കൺവീനർ ഡോ. അനൂപ് അലക്‌സാണ്ടർ കളിയുടെ നിയമങ്ങളെപ്പറ്റിയും, പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും സംസാരിക്കുകയുണ്ടായി. സക്കറിയാ തെലാപ്പള്ളിൽ അച്ചൻ, ബാബു മഠത്തിപ്പറിലച്ചൻ എന്നിവർ കളിക്കാർക്ക് പ്രോത്സാഹനങ്ങളും നിർദേശങ്ങളും നൽകാൻ സന്നിഹിതരായിരുന്നു.

കൺവീനർമാരായി പ്രവർത്തിച്ച ജോർജ് പണിക്കർ, രഞ്ജൻ ഏബ്രഹാം, ജോൺസൺ കണ്ണൂക്കാടൻ എന്നിവരോടൊപ്പം സെക്രട്ടറി ജോൺസൺ വള്ളിയിൽ, ട്രഷറർ ആന്റോ കവലയ്ക്കൽ, സാം തോമസ്, ജയിംസ് പുത്തൻപുരയിൽ, മാത്യു മാപ്ലേട്ട്, പ്രേംജിത്ത് വില്യംസ് തുടങ്ങി അനേകം കൗൺസിൽ അംഗങ്ങൾ ആദ്യാവസാനം കളികൾക്ക് നേതൃത്വം നൽകി.

ഡോ. അനൂപ് അലക്‌സാണ്ടർ, ഡോ. എഡ്വിൻ കാച്ചപ്പള്ളി, ജോർജ് കുര്യാക്കോസ് എന്നിവർ ഈവർഷത്തെ സ്‌പോൺസർമാരായിരുന്നു. മലയാളി ഫുട്‌ബോൾ ലീഗ് പ്രവർത്തകർ കളികൾ ആദ്യാവസാനം വീഡിയോയിൽ പകർത്തിയത് യുട്യൂബിൽ കാണുവാൻ സാധിക്കുന്നതാണ്.

ആറിന് ശനിയാഴ്ച 5 മണിക്ക് ഡെസ്‌പ്ലെയിൻസിലുള്ള മെയിൻ ഈസ്റ്റ് ഹൈസ്‌കൂളിൽ വച്ച് നടക്കുന്ന ക്രിസ്മസ് കരോൾ സർവീസിൽ വച്ച് ജേതാക്കൾക്കുള്ള ട്രോഫികൾ മാർ ജേക്കബ് അങ്ങായിടത്ത് വിതരണം ചെയ്യുന്നതാണ്. ജോർജ് പണിക്കർ അറിയിച്ചതാണിത്.