ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രൽ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏപ്രിൽ 17-നു നടത്തിയ ക്വിസ് മത്സരത്തിൽ സെന്റ് ബർത്തലോമിയ വാർഡ് വിജയിയായി. തുടർച്ചയായി രണ്ടാം വർഷമാണ് ഈ വാർഡിലെ കുട്ടികൾ അഭിമാനാർഹമായ ഈ നേട്ടം കൈവരിക്കുന്നത്. അമേരിക്കയിലെ എക്കാലത്തേയും പ്രിയപ്പെട്ട ക്വിസ് പരിപാടിയായ ജെപ്പടിയുടെ മാതൃകയിൽ നടത്തപ്പെട്ട ഈ മത്സരത്തിൽ വിവിധ പ്രാർത്ഥനാ വാർഡുകളെ പ്രതിനിധീകരിച്ചെത്തിയ കുഞ്ഞുങ്ങളുടെ ഉത്സാഹവും, അറിവും അഭിനന്ദനാർഹമായിരുന്നു.

അഭിമാനാർഹമായ ഈ വിജയത്തിന് അർഹരായ നിഖിൽ പതിനഞ്ചിൽപറമ്പിൽ, അലക്‌സ് തോപ്പിൽ, റിയാ ചിറയിൽ, ആൽഫ്രഡ് നാഴിയംപാറ, അനീന മണവാളൻ എന്നീ കുഞ്ഞുങ്ങൾക്ക് ഇടവക വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ട്രോഫികൾ നൽകി. പരേതയായ വത്മമ്മ മുണ്ടിയാനിക്കലിന്റെ സ്മരണാർത്ഥം സഹോദരൻ സാബു തടവനാൽ സ്‌പോൺസർ ചെയ്തതാണ് പ്രസ്തുത ട്രോഫി. അഗസ്റ്റിൻ അച്ചൻ വിജയികളായ കുഞ്ഞുങ്ങളെ പ്രത്യേകം അനുമോദിച്ച് സംസാരിച്ചു. ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും അഭിനന്ദനമർഹിക്കുന്നുവെന്നും, മതബോധന സ്‌കൂളിന്റെ ഈ സംരംഭം ഏറെ പ്രശംസനീയമാണെന്നും അച്ചൻ പറഞ്ഞു. വിജയികളായ കുട്ടികളുടെ മാതാപിതാക്കളായ ബിനു & തോമസ് പതിനഞ്ചിൽപറമ്പിൽ, ദീപാ & മനീഷ് തോപ്പിൽ, ഷൈബി & ലൂക്ക് ചിറയിൽ, ജെസി & ജോസഫ് നാഴിയംപാറ, സിമി & ജെസ്റ്റോ മണവാളൻ എന്നിവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുകയുണ്ടായി.

നെഹമിയായുടെ പുസ്തകം, കൊറിന്തോസുകാർക്കുള്ള ഒന്നാം ലേഖനം, സീറോ മലബാർ സഭാചരിത്രം, സീറോ മലബാർ ആരാധനാക്രമം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ തയാറാക്കിയിരുന്നത്. ക്വിസ് മാസ്റ്ററായി ഭംഗിയായി ഈ മത്സരം നടത്തിയ ഓസ്റ്റിൻ ലകായിലിനേയും, കൂടെ പ്രവർത്തിച്ച ടോം തോമസിനേയും പ്രത്യേകം ഏവരും അഭിനന്ദിച്ചു. മതബോധന സ്‌കൂൾ ഡയറക്ടർ സി. ജസ്‌ലിൻ സി.എം.സി, അസി. ഡയറക്ടർ ഡോ. ജയരാജ് ഫ്രാൻസീസ്, രജിസ്ട്രാൽ സോണി തേവലക്കര, റാണി കാപ്പൻ എന്നിവർ ഈ മത്സരം വളരെ ചിട്ടയായി നടത്തുന്നതിനു നേതൃത്വം നൽകി. ബീന വള്ളിക്കളം അറിയിച്ചതാണിത്.