ഷിക്കാഗോ: 2014- 16 വർഷത്തേക്കുള്ള ഷിക്കാഗോ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. ബെൽവുഡ് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ നിറഞ്ഞുനിന്ന നിരവധി അംഗങ്ങളെ സാക്ഷിനിർത്തി മുൻ പ്രസിഡന്റ് സണ്ണി വള്ളിക്കളം ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞാണ് പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തത്.

നോർത്ത് അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ ഷിക്കാഗോ മലയാളി അസോസിയേഷൻ ഇന്ന് അംഗബലംകൊണ്ടും, പാരമ്പര്യംകൊണ്ടും, സംഘടനാ പ്രവർത്തനംകൊണ്ടും മലയാളി സമൂഹത്തിൽ ഒന്നാമതായി നിൽക്കുന്നു. സമൂഹ നന്മക്കായി നിരവധി കർമ്മപരിപാടികൾ നടത്തിവരുന്ന അസോസിയേഷൻ പ്രവർത്തനവഴികളിൽ വേറിട്ടപാത സ്വീകരിച്ചുവരുന്നു. ആദ്യ തലമുറയ്ക്ക് പ്രോത്സാഹനം നൽകുന്നതോടൊപ്പം പുത്തൻ തലമുറയുടെ കഴിവുകൾ കണ്ടെത്തി അവരെ നേതൃരംഗത്തേക്ക് കൊണ്ടുവരുന്നതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. സീനിയർ സിറ്റിസൺ ഫോറം, വനിതാ ഫോറം, യൂത്ത് വിങ് തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും പ്രത്യേകമായി പ്രാധാന്യം നല്കിവരുന്നു. 43 വർഷത്തെ പാരമ്പര്യത്തിലൂടെ സ്വരൂപിച്ച പേരും പെരുമയും നിലനിർത്തി പുതിയ ആശയങ്ങൾക്ക് രൂപംകൊടുത്ത് കൂടുതൽ ഉയരങ്ങളിലേക്കുള്ള ഒരു മുന്നേറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് ടോമി അംബേനാട്ട് പറഞ്ഞു.

എല്ലാ വിഭാഗത്തിൽപ്പെട്ടവരേയും കോർത്തിണക്കി ഷിക്കാഗോ മലയാളി മലയാളികളുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു മാതൃകാ അസോസിയേഷനായിരിക്കും ഷിക്കാഗോ മലയാളി അസോസിയേഷനെന്ന് ടോമി അവകാശപ്പെട്ടു. കരിയർ സെന്റർ, മലയാളി അസോസിയേഷൻ ന്യൂസ് ലെറ്റർ, ലീഗൽ സെൽ, ജോബ് ഓറിയന്റേഷൻ സെന്റർ, സെമിനാറുകൾ തുടങ്ങി നിരവധി പദ്ധതികൾക്ക് രൂപം നൽകാൻ ഉദ്ദേശിക്കുന്നതായും പുതിയ പ്രസിഡന്റ് പറഞ്ഞു.

സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ചവരാണ് പുതിയ പ്രവർത്തക സമിതിയിലെ അംഗങ്ങളെന്നത് ശ്രദ്ധേയമാണ്. താഴെപ്പറയുന്നവരാണ് പുതിയ ഭാരവാഹികൾ: ടോമി അംബേനാട്ട് (പ്രസിഡന്റ്), ജെസ്സി റിൻസി (വൈസ് പ്രസിഡന്റ്), ബിജി സി. മാണി (ജനറൽ സെക്രട്ടറി), ജോസ് സൈമൺ മുണ്ടപ്ലാക്കൽ (ട്രഷറർ), മോഹൻ സെബാസ്റ്റ്യൻ (ജോ. സെക്രട്ടറി), ഫിലിപ്പ് പുത്തൻപുര (ജോ. ട്രഷറർ).

ബോർഡ് മെമ്പർമാർ: സ്റ്റാൻലി കളരിക്കമുറിയിൽ, രഞ്ജൻ ഏബ്രഹാം, ജൂബി വള്ളിക്കളം, സേവ്യർ ഒറവനാകുളത്തിൽ, ജേക്കബ് പുറയംപള്ളിൽ, സന്തോഷ് നായർ, ജോണിക്കുട്ടി പിള്ളവീട്ടൽ, ജിതേഷ് ചുങ്കത്ത്, ജോഷി പുത്തൂരാൻ, ജിമ്മി കണിയാലി, മത്യാസ് പുല്ലാപ്പള്ളിൽ, ഷാബു മാത്യു, തൊമ്മൻ പൂഴിക്കുന്നേൽ.