ഷിക്കാഗോ: കർക്കിടകം ഒന്ന് മുതൽ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഗീതാമണ്ഡലത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഭാഗവത ആചാര്യൻ ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണത്തോടെയാണ് ഈ വർഷത്തെ പാരായണ-പ്രഭാഷണ യജ്ഞത്തിന് പരിസമാപ്തി ആയത്.

ജൂലൈ 16നു ഗീതാ മണ്ഡലം ആചാര്യൻ ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിച്ച പാരായണ/പ്രഭാഷണ യജ്ഞത്തിൽ, എകലോക വേദാന്ത വിദ്യാലയത്തിന്റെ മുഖ്യ ആചാര്യനും ലോകാരാധ്യനുമായ സ്വാമി മുക്തനാന്ദ യതി, ഹിന്ദു ഐക്യവേദിയുടെ സമരാധ്യയായ അധ്യക്ഷ ശ്രീമതി ശശികല ടീച്ചർ, ഭാഗവത ആചാര്യരായ ഡോക്ടർ മണ്ണടി ഹരി, ടി ഉണ്ണികൃഷ്ണ വാര്യർ, ഈ വർഷത്തെ ലവകുശ അവാർഡ് ജേതാക്കളും ശ്രേഷ്ഠഭാരതം പരിപാടിയിലൂടെ, ലോകം മുഴുവനുള്ള ഹൈന്ദവ ആധ്യാത്മിക വേദികളിലെ നിറസാന്നിദ്യമായ രാഹുൽ കൂടാളി, ആദി ദേവ് കൂടാളി, നാരായണീയ ആചാര്യൻ ശ്രീ ഹരി ശിവരാമൻ എന്നിവരുടെ വിവിധ ദിനങ്ങളിലെ പ്രഭാഷണങ്ങളാൽ സമ്പന്നമായിരുന്നു ഈ വർഷത്തെ പാരായണ/പ്രഭാഷണ യജ്ഞം.

രാമായണപാരായണം, ശ്രീ രാമ പട്ടാഭിഷേകത്തിൽ എത്തിയ ധന്യ നിമിഷത്തിൽ, പ്രധാന പുരോഹിതൻ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ ഭഗവാന് നവകാഭിഷേകവും തുടർന്ന് അലങ്കാരങ്ങളും നടത്തി. അതിനു ശേഷം നൈവേദ്യ സമർപ്പണവും, തുടർന്നു മന്ത്രഘോഷത്താൽ പുഷ്പാഭിഷേകവും അർച്ചനയും ദീപാരാധനയും നടത്തി. തുടർന്ന് ഗീതാമണ്ഡലം ഭജന സംഘത്തിന്റെ ഭജനകൾക്ക് ശേഷം ഈ വർഷത്തെ രാമായണ പാരായണ മഹോത്സവം പരിസമാപ്തിയിൽ എത്തി.

സൂം വഴി സംഘടിപ്പിച്ച ഈ വർഷത്തെ രാമായണ പാരായണ/പ്രഭാഷണങ്ങളിൽ പങ്കെടുക്കുവാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ എത്തിയിരുന്നു.
രാമായണം പാരായണം ചെയ്യുന്നത് കോടി ജന്മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന് ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീർത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത് എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രനും, ഏതു പ്രലോഭനത്തിന്റെ നടുവിലും, ഏതു പ്രതികൂല സാഹചര്യത്തിലും, സുഖദുഃഖങ്ങളുടെ കയറ്റിറക്കത്തിലും ഒരിക്കല്പോലും സമചിത്തത കൈവിടാത്ത കഥാപാത്രമാണു ശ്രീരാമദേവൻ എന്ന് നമ്മുക്ക് കാണാം, ശ്രീരാമദേവനെപ്പോലെ സ്ഥിരപ്രജ്ഞനായ ഒരു കഥാപാത്രത്തെ നമ്മുടെ പുരാണ സാഹിത്യത്തിൽ തന്നെ വിരളമായേ കണ്ടെത്താനാകു, അതുപോലെ ഭാരതീയ ആദര്ശ സ്ത്രീത്വത്തിന്റെ അവസാനവാക്കായി നമ്മുക്ക് കാണുവാൻ കഴിയുന്ന മറ്റൊരു കഥാപാത്രമാണ് സീതാദേവി, അങ്ങനെ ഓരോ കഥാപാത്രങ്ങളെയും നോക്കിയാൽ അവർ എല്ലാം തന്നെ ആദര്ശത്തിന്റെ മൂർത്തീഭാവമാണ് എന്ന് കാണാം എന്ന് ശ്രീ ആനന്ദ് പ്രഭാകറും അഭിപ്രായപ്പെട്ടു.
രാമായണ പ്രഭാഷണത്തിൽ പങ്കെടുത്ത ലോകാരാധ്യനായ സ്വാമി മുക്തനാന്ദ യതി, സമരാധ്യയായ ഹിന്ദുഐക്യവേദി അധ്യക്ഷ ശ്രീമതി ശശികല ടീച്ചർ. ഭാഗവത ആചാര്യരായ ബ്രഹ്മശ്രീ മനോജ് നമ്പൂതിരി, ഡോക്ടർ മണ്ണടി ഹരി, ശ്രീ ടി ഉണ്ണികൃഷ്ണ വാരിയർ, യുവ രാമായണ പ്രതിഭകളായ മാസ്റ്റർ രാഹുൽ കൂടാളി, മാസ്റ്റർ ആദി ദേവ് കൂടാളി, നാരായണീയ ആചാര്യൻ ശ്രീ ഹരി ശിവരാമൻ എന്നി മഹത് വ്യക്തികൾക്കും,
പാരായണത്തിൽ പങ്കെടുത്ത എല്ലാ കുടുംബാഗംങ്ങൾക്കും പൂജകൾക്ക് നേതൃത്വം നൽകിയ പ്രധാന പുരോഹിതൻ ശ്രീ കൃഷ്ണൻ ചെങ്ങണംപറമ്പിലിനും ഗീതാമണ്ഡലം ജനറൽ സെക്രെട്ടറി ശ്രീ ബൈജു എസ് മേനോൻ നന്ദി പ്രകാശിപ്പിച്ചു.