- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു; കിലോയ്ക്ക് വില 200 ഉം ബ്രാൻഡിന് 250 ഉം കടന്നു; വിലക്കയറ്റത്തിലും ആശ്വാസമായി കുടുംബശ്രീ ചിക്കൻ; ഔട്ട് ലെറ്റിൽ ഈടാക്കുന്നത് 148 രൂപ
കൊച്ചി: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. കോഴിക്കോട് ഒരു കിലോ ഇറച്ചിക്ക് 240 രൂപയാണ് വില. ബ്രാൻഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്‌നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതും കോഴിത്തീറ്റയുടെ വില കൂടിയതുമാണ് നിരക്കുയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
രണ്ട് മാസം മുമ്പ് നൂറ് രൂപയിൽ താഴെയുണ്ടായിരുന്ന ചിക്കന് ഓഫ് സീസണായിട്ടുപോലും വില 200 കടന്നു. സാധാരണ ചൂടുകാലമായ മാർച്ച്,ഏപ്രിൽ, മെയ് മാസങ്ങളിൽ കോഴിയിറച്ചിക്ക് ഡിമാൻഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാൽ ഇത്തവണ ചൂടിനൊപ്പം ചിക്കൻ വിലയും കുതിച്ചുയരുകയാണ്.
കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയർന്നതാണ് വില വർധനക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയിൽ കൂടിയത്. ലോക്ക്ഡൗൗണിന് മുമ്പ് 1500 രൂപയായിരുന്നു ഒരു ചാക്ക് കോഴിത്തീറ്റക്കുള്ള വിലയെങ്കിൽ ഇപ്പോൾ അത് 2500 രൂപയായി. ഇക്കാലയളവിൽ കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി.
1215 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 40 രൂപയിലേറെ നൽകണം. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് വലിയ തോതിൽ കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത്.കോഴിത്തീറ്റക്ക് സബ്സിഡി അനുവദിക്കുകയും കേരള ചിക്കന് നൽകുന്ന ആനുകൂല്യങ്ങൾ കോഴി കർഷകർക്കും നൽകി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്തു കോഴി വില പറക്കുമ്പോഴും കുടുംബശ്രീയുടെ കേരള ചിക്കൻ ഔട്ട്ലെറ്റുകളിൽ പൊതുവിപണിയെക്കാൾ വില കുറവാണ്. ജീവനുള്ള കോഴിക്ക് കുടുംബശ്രീ ഔട്ട്‌ലെറ്റിൽ കിലോഗ്രാമിന് 148 രൂപയാണ് വില. പൊതുവിപണിയിൽ ജീവനുള്ള കോഴിക്ക് ഇന്നലെ 164 രൂപയാണ് വിലയായി ഈടാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി 97 കുടുംബശ്രീ കേരള ചിക്കൻ ഔട്ലെറ്റ് ഉണ്ട്. ആലപ്പുഴ, പാലക്കാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ മേയിൽ തുടങ്ങും.
മറുനാടന് മലയാളി ബ്യൂറോ