കൊച്ചി: ചിക്കിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ മൻസൂറിനെതിരായ പാസ്‌പോർട്ട് കേസ് കേരള ഹൈക്കോടതി റദ്ദാക്കി. എ.കെ മൻസൂറിനെതിരെ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 468,471 പാസ്‌പോർട്ട് നിയമത്തിലെ 12 (ആ) 12 (ഉ) വകുപ്പുകൾ പ്രകാരമുള്ള കേസാണ് ഹൈക്കോടതി റദ്ദു ചെയ്തത്. എ കെ മൻസൂർ 2016 മെയ് 23 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ദുബായിലേക്ക് യാത്ര ചെയ്തു എന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി ആഷിക് മുഹമ്മദ് താജുദ്ദീൻ നൽകിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. നികേഷ് കുമാറിന്റെ റിപ്പോർട്ടർ ടിവിയിലെ ജീവനക്കാരനായിരുന്നു ആഷിക് മുഹമ്മദ് താജുദ്ദീൻ.

എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിനു വേണ്ടി സർക്കിൾ ഇൻസ്‌പെക്ടർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ എ കെ മൻസൂർ ക്യാൻസൽ ചെയ്ത പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തു എന്നാണ് പറഞ്ഞിരിക്കുന്നത്.ഈ റിപ്പോർട്ട് സത്യമാണെങ്കിൽ തന്നെയും ഒരു കുറ്റകൃത്യവും ഇത് വെളിപ്പെടുത്തുന്നില്ല എന്നും ക്യാൻസൽ ചെയ്ത പാസ്‌പോർട്ടിൽ യാത്ര ചെയ്യാൻ എ കെ മൻസൂറിനെ എയർപോർട്ട് അധികൃതർ അനുവദിക്കരുതായിരുന്നുവെന്നും യാത്ര ചെയ്ത ദിവസം എ.കെ മൻസൂറിന് സാധുവായ പാസ്‌പോർട്ട് ഉണ്ടായിരുന്നതായും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ കാണാനാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഫയൽ ചെയ്ത റിപ്പോർട്ടിലും യാത്ര ചെയ്ത ദിവസം എ.കെ മൻസൂറിന് സാധുവായ പാസ്‌പോർട്ട് ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

എ.കെ മൻസൂറിന്റെ ക്യാൻസൽ ചെയ്ത പാസ്‌പോർട്ടും സാധുവായ പാസ് പോർട്ടും ഒരുമിച്ച് പിൻ ചെയ്ത് ഉപയോഗിച്ചിരുന്നതായും എയർപോർട്ട് അധികൃതർ ക്യാൻസൽ ചെയ്ത പാസ്‌പോർട്ടിൽ തെറ്റായി സീൽ വയ്ക്കുകയാണ് ഉണ്ടായതെന്നുമുള്ള എ കെ മൻസൂറിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളയുടെ വാദമുഖങ്ങൾ മുഖവിലയ്ക്കെടുത്താണ് ഹൈക്കോടതി ജഡ്ജി കെ. എബ്രഹാം മാത്യു കേസ് റദ്ദ് ചെയ്തത്.

നികേഷ് കുമാറിന്റെ റിപ്പോർട്ടർ ടിവിയുടെ ഓഹരികൾ മൻസൂറിനും ഉണ്ടായിരുന്നു. പ്രധാന ഓഹരി ഉടമയായിരുന്നു മൻസൂറും. പിന്നീട് അതിന് മാറ്റം വന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കേസിന് ആധാരമെന്ന് മൻസൂർ സംശയിച്ചിരുന്നു. റിപ്പോർട്ടർ ടിവിയിലെ ജീവനക്കാരനായിരുന്നു പരാതിക്കാരൻ. നികേഷുമായി ഏറെ അടുപ്പം പരാതിക്കാരനുണ്ടായിരുന്നുവെന്നതായിരുന്നു ഇതിന് കാരണം. ഇതാണ് ഈ കേസിനെ ശ്രദ്ധേയമാക്കിയതും.

എട്ട് പാസ്പോർട്ടുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തെന്നും എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ തന്നെ തേടുകയാണെന്നും താൻ ഒളിവിലാണെന്നും മറ്റുമുള്ള തെറ്റായ വാർത്തകളെ തുടർന്ന് മൻസൂർ തന്നെ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. വലിയ ഗൂഢാലോചന തന്നെ കേസിന് പിന്നിലുണ്ടെന്നും ആരോപിച്ചു. ഇതു സംബന്ധച്ച സംശയങ്ങളും ഉയർത്തി. ഇതിനിടെയാണ് കേസ് റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവ് എത്തുന്നത്. മൻസൂറിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായിരുന്നു പരാതിയെന്ന് ഇതോടെ വ്യക്തമാവുകയാണ്. നേരത്തെ തന്നെ വളരെ വ്യക്തമായി കാര്യങ്ങൾ മൻസൂർ വിശദീകരിച്ചതുമാണ്.

തനിക്ക് 14 പാസ്പോർട്ടുണ്ട്. പക്ഷെ 13ഉം കാൻസൽ ചെയ്തതാണ്. ഒന്ന് മാത്രമാണ് സാധുതയുള്ളത്. 24 വർഷമായി ദുബൈയിൽ പ്രവാസം തുടങ്ങിയിട്ട്. ബിസിനസ് ആവശ്യാർഥം നിരന്തരം യാത്രചെയ്യുന്നതിനാൽ പാസ്പോർട്ടിലെ പേജ് തീരുമ്പോൾ പഴയത് റദ്ദാക്കി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് വഴി വ്യവസ്ഥാപിതമായ മാർഗത്തിലൂടെ പുതിയത് വാങ്ങും. 70 രാജ്യങ്ങളിലേക്കായി ആയിരത്തോളം യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ പാക്കിസ്ഥാനിൽ പോയിട്ടില്ല. 2016 ജൂണിലാണ് ഇതിൽ വ്യാജ പരാതിയെത്തിയത്. പാസ്പോർട്ട് റദ്ദാക്കിയാലും അതിലെ വിസയുടെ കാലാവധി തീർന്നില്ലെങ്കിൽ ആ കാൻസൽ ചെയ്ത പാസ്‌പോർട്ട് കൂടി പുതിയ പാസ്പോർട്ടിനൊപ്പം സൂക്ഷിച്ചാണ് യാത്ര ചെയ്യാറ്. ഇങ്ങനെ ഒരിക്കൽ നെടുമ്പാശ്ശേരിയിൽ വന്നപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തെറ്റായി പഴയ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുകയായിരുന്നു. ഇത് അന്ന് തന്റെ ശ്രദ്ധയിൽപെട്ടിരുന്നില്ല. പിന്നീട് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഈ തെറ്റ് തിരുത്തി വാലിഡ് പാസ്‌പോർട്ടിലേക്ക് മാറ്റി സ്റ്റാമ്പ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് അപ്പോൾ തന്നെ എമിഗ്രേഷന് ഇമെയിൽ അയച്ചിരുന്നു.

നടപടിക്രമത്തിലെ പിഴവാണ് ഇതിന് കാരണമെന്നാണ് ഉദ്യോഗസ്ഥർ പോലും പറഞ്ഞത്. ഇതിന് മുമ്പ് രണ്ട് തവണ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തെറ്റായി സ്റ്റാമ്പ് ചെയ്തപ്പോൾ താൻ തന്നെ അത് തൽസമയം വാലിഡ് പാസ്പോർട്ടിൽ തിരുത്തി സ്റ്റാമ്പ് ചെയ്യിപ്പിച്ചു. കേസിൽ പറഞ്ഞ പിഴവ് കണ്ടയുടൻ എമിഗ്രേഷനെ അറിയിച്ചിട്ടുണ്ട്. തന്നെയോ എമിഗ്രേഷൻ അധികൃതരെയോ ചോദ്യം ചെയ്യാതെയാണ് അന്നത്തെ ഐ.ജി മേൽനടപടിക്ക് ശുപാർശ ചെയ്തതെന്നും മൻസൂർ വിശദീകരിച്ചിരുന്നു. പരാതിയിലെ നിജസ്ഥിതി കണ്ടെത്തണമെന്നും വ്യക്തത വരുത്തണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജി നടത്തിയ അന്വേഷണത്തിന് ശേഷം കേസ് നിലനിൽക്കില്ലെന്നാണ് ക്രൈംബാഞ്ച് എ.ഡി.ജി.പി റിപ്പോർട്ട് നൽകിയത്. ഇത് കോടതിയും അംഗീകരിച്ചു.

ചിക്കിങ് ബ്രാൻഡ് ലോകമാകെ വ്യാപിപ്പിച്ച് പുതിയ കുതിപ്പിന് തയ്യാറെടുക്കുമ്പോഴാണ് മൻസൂറിനെതിരെ കേസ് വരുന്നത്. നിയമം പാലിച്ചും കൃത്യമായി നികുതിയടച്ചുമാണ് എല്ലാം പ്രവർത്തിക്കുന്നത്. 2002ൽ കോടതി തള്ളിയ, മൂന്ന് വെടിയുണ്ടകൾ തന്റെ ബാഗിൽ കണ്ടത്തെിയെന്ന കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടും മൻസൂർ കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിൽ നിയമപരമായ തോക്ക് ലൈസൻസ് ഉണ്ടെന്നും തനിക്കെതിരായ കേസുകൾ നിയമപരമായി അന്വേഷണം നടത്തി അവസാനിപ്പിച്ചിട്ടുള്ളതാണെന്നും കണ്ടെത്തി. കൂടാതെ പുനരന്വേഷണത്തിന് ആവശ്യമായ യാതൊരു പുതിയ തെളിവുകളും പൊലീസിന്റെയോ ഇന്റലിജൻസ് വിഭാഗത്തിന്റെയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കേസ് റദ്ദാക്കിയത്.