- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലും വോട്ടെടുപ്പ്; സംസ്ഥാനത്ത് 40,771 പോളിങ് ബൂത്തുകൾ ഒരുക്കും; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കും; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്സിനേഷൻ; കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളവരും വോട്ട് ചെയ്യുക അവസാനമണിക്കൂറിലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. മുഴുവൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കോവിഡ് വാക്സിനേഷന് വിധേയരാക്കും. കോവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകൾക്കൊപ്പം 15,000 അനുബന്ധ ബൂത്തുകൾ കൂടി സജ്ജീകരിക്കാൻ തീരുമാനിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു.
40,771 പോളിങ് ബൂത്തുകൾ ഇത്തവണ ഒരുക്കും. ഓരോ ബൂത്തിലും 500 മുതൽ 1000 വരെ വോട്ടർമാർ മാത്രം. പോളിങ് സമയം ഒരു മണിക്കൂർ കൂടി നീട്ടും. കോവിഡ് പോസിറ്റിവായവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും അവസാനമണിക്കൂറിൽ വോട്ടു ചെയ്യാം.
മുതിർന്ന പൗരന്മാർക്കും മറ്റുമുള്ള തപാൽ വോട്ടുകളുടെ പോളിങ് സുതാര്യമായി നടത്തണമെന്നു വിവിധ രാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കമ്മിഷൻ കണക്കിലെടുക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരും വിവിധ പാർട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിൽ അറോറ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കഴിഞ്ഞ വർഷം സെപ്റ്റംബറിലെ റിപ്പോർട്ട് പ്രകാരം മലപ്പുറം, പാലക്കാട്, വയനാട് ജില്ലകൾ പ്രശ്നബാധിതമാണ്. ഈ ജില്ലകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സുനിൽ അറോറ വ്യക്തമാക്കി.
സംസ്ഥാനത്തെ ഉത്സവങ്ങളും പ്രാദേശിക ആഘോഷങ്ങളും വിദ്യാർത്ഥികളുടെ പരീക്ഷകളും കണക്കിലെടുത്ത് തിരഞ്ഞെടുപ്പിന്റെ തീയതി കമ്മിഷൻ പിന്നീടു ഡൽഹിയിൽ പ്രഖ്യാപിക്കും. മാർച്ചിലാണ് എസ്എസ്എൽസി പരീക്ഷ. മേയിൽ സിബിഎസ്ഇ പരീക്ഷയും.
ഏപ്രിൽ രണ്ടാം വാരത്തിനു മുന്നോടിയായി തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിലിൽ തിരഞ്ഞെടുപ്പ് വേണമെന്നാണ് യുഡിഎഫിന്റെയും ആവശ്യം. മേയിൽ വേണം തിരഞ്ഞെടുപ്പെന്ന് ബിജെപിയും ആവശ്യപ്പെട്ടു. 140 മണ്ഡലങ്ങളിലും ഒരു ദിവസംതന്നെ വോട്ടെടുപ്പ് നടത്തണമെന്ന് മൂന്നു മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമ്പോൾ അതു ക്രമസമാധാന പ്രശ്നമാണെങ്കിൽ മാത്രമേ ഇടപെടൂ എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പ്രതികരിച്ചു.
തിരഞ്ഞെടുപ്പിൽ സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ നിലവിൽ ഫലപ്രദമായ സംവിധാനങ്ങളില്ല. മതസ്പർധയുണ്ടാക്കാനും മറ്റുമുള്ള ശ്രമങ്ങളെ നിലവിലെ നിയമം വഴി തടയും. സമൂഹമാധ്യമങ്ങളുടെ സംഘടനകൾ തയാറാക്കിയ പെരുമാറ്റച്ചട്ടം ഇത്തവണ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
ന്യൂസ് ഡെസ്ക്