- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഇപ്പോഴും നീതി അകലെ; കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയം; രാജ്യത്തേതുകൊളോണിയൽ സംവിധാനം; നിയമവ്യവസ്ഥ മാറണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ബംഗളൂരു: രാജ്യത്ത് നിലനിൽക്കുന്നതുകൊളോണിയൽ നിയമ സംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഇപ്പോഴും നീതി അകലെയാണ്. കേസുകൾക്കായി അമിത തുക ചെലവാക്കേണ്ടി വരുന്നു. കോടതി വ്യവഹാരങ്ങൾ കൂടുതൽ സൗഹൃദപരമാകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇന്ത്യൻ ജനസംഖ്യയ്ക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ. കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയമാണ്. ഈ സ്ഥിതി മാറണം. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള മാറ്റം അനിവാര്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചർച്ച ചെയ്യേണ്ടത് നിയമവ്യവഹാരങ്ങളിലെ മാറ്റത്തേക്കുറിച്ചാകണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ഓർമ്മപ്പെടുത്തി.
ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് എൻ വി രമണ നേരത്തെ വ്യക്തമാക്കിയിരുന്നു. വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരും. ജഡ്ജിമാരുടെ നിയമനത്തിനുള്ള തീരുമാനങ്ങൾ ഒരു ടീം വർക്കാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
എല്ലാ മേഖലയിലും 50 ശതമാനം വനിത പ്രാതിനിധ്യത്തിനായി ആവശ്യങ്ങൾ ഉയരുന്നുണ്ട്. സുപ്രിം കോടതിയിൽ 11 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനേ സാധിച്ചുള്ളു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ 48ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റ 63 വയസ്സുകാരനായ ജസ്റ്റിസ് രമണയ്ക്ക് 2022 ഓഗസ്റ്റ് 26 വരെ കാലാവധിയുണ്ട്. ചീഫ് ജസ്റ്റിസായിരുന്ന എസ്.എ. ബോബ്ഡെ വിരമിച്ചതോടെയാണ് മുതിർന്ന ജഡ്ജിയായ രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
ആന്ധ്രപ്രദേശിൽ നിന്നുള്ള രണ്ടാമത്തെയാളാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയത്. 1966 - 67 ൽ, കെ. സുബ്ബറാവു ആണ് ഇതിനു മുൻപ് പദവിയിലെത്തിയത്. കൃഷ്ണ ജില്ലയിലെ പൊന്നവരം ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ജനിച്ച രമണ നേരത്തെ ആന്ധ്ര ഹൈക്കോടതിയിൽ ജഡ്ജിയും ആക്ടിങ് ചീഫ് ജസ്റ്റിസുമായിരുന്നു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയോഗിക്കപ്പെട്ട അദ്ദേഹം 2014 ലാണ് സുപ്രീം കോടതി ജഡ്ജിയായത്.
ന്യൂസ് ഡെസ്ക്