തിരുവനന്തപുരം: വിഴിഞ്ഞം കടന്ന യുഡിഎഫ് സർക്കാരിന്റെ അടുത്ത ലക്ഷ്യം എയർ കേരളയോ? കേന്ദ്രം കനിഞ്ഞാൽ ഉടൻ തന്നെ എയർ കേരളയ്ക്കുള്ള നീക്കങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ എയർ കേരള സ്വപ്നങ്ങൾ ചിറകുവിരിക്കുന്നത്.

ഏതാണ്ട് അവസാനിച്ചതായിരുന്നു എയർ കേരള മോഹങ്ങൾ എന്നും എന്നാൽ, കേന്ദ്രം നയങ്ങളിൽ ഇളവുകൾ വരുത്തിയതോടെ എയർ കേരള എന്ന സ്വപ്‌നം വീണ്ടും കണ്ടുതുടങ്ങുന്നുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. വിഴിഞ്ഞം പദ്ധതി പോലെ ഇതും നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.

'എയർ കേരള കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ ഒരു വലിയ ആഗ്രഹം ആണ് നിരക്ക് കുറഞ്ഞ ഒരു എയർ ലൈൻ. അതിനുള്ള കഴിഞ്ഞ 30 വർഷക്കാലത്തെ കേരളത്തിന്റെ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് എയർ കേരള എന്ന ആശയം ഉടലെടുത്തത്. ഞാൻ ആദ്യം മുഖ്യമന്ത്രിയായ സമയത്ത് അതിനു വേണ്ടി ഒരു കമ്പനി രൂപീകരിച്ചു, അനുമതിക്കു വേണ്ടി കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചു'വെന്നാണ് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

എന്നാൽ, അഞ്ചു കൊല്ലത്തെ അഭ്യന്തര വിമാന സർവീസ് നടത്തിയ പരിചയം, ഏറ്റവും കുറഞ്ഞത് 20 വിമാനങ്ങൾ എങ്കിലും ഉണ്ടായിരിക്കണം എന്നീ വ്യവസ്ഥകൾ അനുസരിച്ച് കേരളത്തിന് അനുമതി ലഭിച്ചില്ലെന്നാണ് മുഖ്യമന്ത്രി വിവരിക്കുന്നത്. 'ആഭ്യന്തര വിമാന സർവീസ് വലിയ നഷ്ടത്തിലേ കലാശിക്കൂ. അഞ്ചു വർഷം നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. 20 വിമാനങ്ങൾ നമ്മുടെ കഴിവിനും അപ്പുറത്താണ്. അതുകൊണ്ട് എയർ കേരള മോഹം ഏതാണ്ട് അവസാനിച്ച മട്ടിലായിരുന്നു. പക്ഷെ ഇപ്പോൾ കേന്ദ്ര നയത്തിൽ ചെറിയ മാറ്റം വരുന്നതായി തോന്നുന്നുണ്ട്. കേന്ദ്ര നയങ്ങളിൽ ഇളവു വരുത്തി എയർ കേരളക്ക് അനുമതി തരണം എന്ന് അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി കിട്ടിയാൽ വിഴിഞ്ഞം പദ്ധതി പോലെ എയർ കേരള നടപ്പിലാക്കും.'- മുഖ്യമന്ത്രി പറയുന്നു.

എയർ കേരള കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ഗൾഫ്‌ രാജ്യങ്ങളിലെ മലയാളികളുടെ ഒരു വലിയ ആഗ്രഹം ആണ് നിരക്ക് കുറഞ്ഞ ഒരു എയർ ല...

Posted by Oommen Chandy on Sunday, 14 June 2015