തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ ജനകീയ പ്രതിഷേധം കനക്കുന്നതിനിടെ, അനുമതി ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തലത്തിൽ തിരക്കിട്ട നീക്കം. പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഡൽഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ പദ്ധതിയുടെ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പിണറായി വിജയൻ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. നാളെ ഉച്ചയ്ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതപ്പെടുന്നത്. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസ്ഥാനത്ത് വലിയ ചർച്ചയായിരിക്കുന്ന ഘട്ടത്തിൽ ഇരുവരുടെയും കൂടിക്കാഴ്ച നിർണായകമാകും. കൂടിക്കാഴ്ചയിൽ കെ റെയിലടക്കമുള്ള വിഷയങ്ങൾ ചർച്ചയാകാൻ സാധ്യതയുണ്ട്.

സിൽവർ ലൈൻ, തിരുവനന്തപുരം ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികൾക്ക് പിന്തുണ തേടി കഴിഞ്ഞവർഷം ജൂലൈയിലും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. വേഗറെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഡിസംബറിൽ കത്തയയ്ക്കുകയും ചെയ്തിരുന്നു. ഡിപിആർ അപൂർണമായതിനാൽ തൽക്കാലും സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാവില്ലെന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

കെ റെയിലിനെതിരായ ജനകീയ പ്രതിഷേധം ഇന്നും തുടരുകയാണ്. എറണാകുളം ചോറ്റാനിക്കരയിൽ കെ റെയിൽ സർവ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം ഉയർന്നു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ അതിരടയാള കല്ലുകൾ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.

കെ റെയിൽ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാൽ തടയുമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘർഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥർ മടങ്ങിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്ന് വ്യക്തമാക്കിയതോടെ നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചത്. ഇരുനൂറോളം പേരാണ് സ്ഥലത്ത് സംഘടിച്ചിരിക്കുന്നത്.

പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ റെയിൽ വലിയ രാഷ്ട്രീയ വിഷയമായി ഉയർത്തുന്നതും സർക്കാർ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വ്യാപക പ്രചാരണം നടത്താൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു.പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ ഇതിനോടകം നിലപാടെടുമെടുത്തിരുന്നു. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് കൊണ്ട് സമരം ശക്തമാക്കാനാണ് മറുവശത്ത് കോൺഗ്രസ് തീരുമാനം.

സിൽവർ ലൈൻ പ്രതിഷേധം കനക്കുമ്പോൾ സമരത്തേയും സമരക്കാരെയും നേരിടാനുറച്ചാണ് സർക്കാരും സിപിഎമ്മും നീങ്ങുന്നത്. ജനങ്ങളും പ്രതിപക്ഷവും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ അതേ നാണയത്തിൽ നേരിടുമെന്ന് സൂചനയാണ് മുഖ്യമന്ത്രിയുടെയും മുതിർന്ന സിപിഎം നേതാക്കളുടെയും നൽകുന്നത്. ആളെ കൂട്ടിയുള്ള സമരം ഇതേരീതിയിൽ പോകുകയാണെങ്കിൽ നമുക്ക് കാണാമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഇപി ജയരാജൻ സ്വരം കടുപ്പിച്ച് സമരക്കാരെ പരിഹസിച്ചു. തെക്കും വടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് ഇപി ജയരാജന്റെ ആക്ഷേപം

കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന വ്യാപക കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ ഭൂമിയേറ്റെടുക്കലും മറ്റ് അനുമതികളും എത്രയും പെട്ടന്നാക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാക്കിയാണ് സമരത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്രമന്ത്രിയുടെ കത്ത് ഇടതു സൈബർ വിഭാഗം പ്രചരിപ്പിക്കുന്നത്.

സർക്കാർ നിയമവിരുദ്ധമായാണ് കല്ലുകൾ സ്ഥാപിക്കുന്നതെന്ന് പ്രതിഷേധക്കാർ വാദം ഉയർത്തുന്നതിനിടെയാണ് കത്ത് പുറത്തുവിട്ട് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടെന്ന് ഇടതുപക്ഷത്തിന്റെ വാദം. ഭൂമി ഏറ്റെടുക്കാനല്ല കല്ലുകൾ സ്ഥാപിക്കുന്നതെന്നും സാമൂഹികാഘാത പഠനത്തിനു വേണ്ടിയാണെന്നും സർക്കാർ വ്യക്തമാക്കിയെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം അടക്കം സമരമുഖത്ത് സജീവമായി തുടരുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച് വിഷയം ചർച്ചയാക്കുന്നത്.

2021 ജനുവരി അഞ്ചിന് അയച്ച കത്തിൽ അതിവേഗ റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാരിനുള്ള താൽപര്യം വ്യക്തമാക്കുന്നുണ്ട്. സിൽവർലൈൻ പദ്ധതിക്ക് പണം കണ്ടെത്താൻ ജപ്പാനിലെ സാമ്പത്തിക ഏജൻസിയായ ജെഐസിഎയുമായുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോയി അന്തിമ രൂപം നൽകാനും കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് ആവശ്യപ്പെടുന്നു.

2020 ഒക്ടോബർ ഒമ്പതിന് പദ്ധതിയേക്കുറിച്ച് ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസിയും റെയിൽവേ മന്ത്രാലയവുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അയച്ച കത്ത് ജപ്പാനുമായുള്ള സാമ്പത്തിക-നയതന്ത്ര സഹകരണത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് നിർണായക പ്രധാന്യമുണ്ടെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള വ്യക്തമായ ധാരണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന രീതിയിലാണ് പ്രചാരണങ്ങൾ.

കെ റെയിൽ ലിമിറ്റഡ് എന്ന കമ്പനിയുടെ 49 ശതമാനം ഓഹരികളുടെ ഉടമസ്ഥത ഇന്ത്യൻ റെയിൽവേക്കാണ്. കേന്ദ്രത്തിന്റെ എല്ലാ അനുമതിയുമുണ്ട്, എല്ലാം നിയമനാസൃതമാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും കെ റെയിൽ എംഡി വി അജിത് കുമാർ ആവർത്തിച്ചിരുന്നു.

കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചും രൂക്ഷ പ്രസ്താവനകൾ നടത്തിയും ബിജെപി സംസ്ഥാന നേതൃത്വം രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രന്ത്രിയുടെ കത്ത് വീണ്ടും ചർച്ചയാക്കുന്നത്.

അതേ സമയം സ്വന്തം സ്ഥലത്ത് യാതൊരു അറിയിപ്പും കൂടാതെ, അനുവാദം വാങ്ങാതെ ഉദ്യോഗസ്ഥ സംഘം കല്ലുകളുമായി എത്തുന്നതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. എന്നാൽ കേന്ദ്ര നിയമം അനുസരിച്ച് കെട്ടിടത്തിലേക്കും വീട്ടുമുറ്റത്തേക്കും സർവേ സംഘത്തിനു കയറാൻ ഉടമസ്ഥന്റെ അനുവാദവും മുൻകൂർ നോട്ടിസും ആവശ്യമാണ്. കെ റെയിൽ സർവേയിൽ പലയിടത്തും ഈ മാനദണ്ഡം പാലിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കേന്ദ്രസർക്കാർ ഒരു പദ്ധതിക്കു തത്വത്തിൽ അംഗീകാരം നൽകിയാൽ ഭൂമിയിൽ സർവേ നടത്തി അതിരടയാളക്കല്ലുകൾ സ്ഥാപിക്കാൻ സർക്കാരിനു നിയമപരമായി തടസമില്ല. പദ്ധതിക്കു കേന്ദ്ര അംഗീകാരം ലഭിച്ചാലേ ഭൂമി ഏറ്റെടുക്കാനാകൂ. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ട് നിയമങ്ങളാണ് സംസ്ഥാന സർക്കാർ ആശ്രയിക്കുന്നത്. കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ടും (1961), ദ റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആൻഡ് ട്രാൻസ്പറൻസി ഇൻ ലാൻഡ് അക്വസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീ സെറ്റിൽമെന്റ് ആക്ടും (2013).

സാമൂഹിക ആഘാത പഠനവും പബ്ലിക്ക് ഹിയറിങും വിദഗ്ധസമിതിയുടെ പഠനവും, ഏറ്റെടുക്കുന്ന സ്ഥലം വ്യക്തമാക്കിയുള്ള നോട്ടിഫിക്കേഷനും ഇറങ്ങിക്കഴിഞ്ഞു മാത്രമേ 2013ലെ കേന്ദ്ര നിയമം അനുസരിച്ച് സർവേ നടത്താൻ കഴിയൂ. സർവേ നടത്തി സ്ഥലം വേർതിരിച്ചാൽ മാത്രമേ സാമൂഹിക ആഘാത പഠനം നടത്താൻ കഴിയൂ എന്നതിനാൽ സർവേ ആൻഡ് ബൗണ്ടറീസ് ആക്ടിലെ സെക്ഷൻ നാല് അനുസരിച്ചാണ് സംസ്ഥാന സർക്കാർ കെ റെയിൽ അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതെന്നു റവന്യൂവകുപ്പ് പറയുന്നു.