പുതുപ്പള്ളി: നേഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടു കോടികളുടെ തട്ടിപ്പു നടത്തിയ ഉതുപ്പ് വർഗീസിനു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നതിന്റെ കൂടുതൽ രേഖകൾ പുറത്ത്. കേസിൽ അറസ്റ്റിലായ ഉതുപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ അൽ ശറഫ നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ നിർണായകമായ പല രേഖകളിലും ഒപ്പിട്ടത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിഎ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന് സർക്കാരിന്റെ അനുമതി ലഭിക്കേണ്ട സുപ്രധാന രേഖകളിലെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് അനുമതി നൽകിയതിന്റെ തെളിവും കേന്ദ്ര അന്വേഷണ ഏജൻസികളുടെ പക്കലുണ്ട്. നേഴ്‌സിങ് റിക്രൂട്ട്‌മെന്റിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അൽ ശറഫയ്ക്ക് അനുമതി ലഭിക്കുന്നതിനും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാടുകളും ശുപാർശക്കത്തുകളും സഹായമായിട്ടുണ്ട്.

തട്ടിപ്പുകേസ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടും പലപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കാര്യം ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ നിറഞ്ഞിട്ടും ഇതുവരെ ഈ വിഷയത്തിൽ അഭിപ്രായപ്രകടനത്തിന് മുഖ്യമന്ത്രി തയ്യാറായിട്ടില്ല. നേഴ്‌സിങ് തട്ടിപ്പ് വിവാദമായപ്പോൾ മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ചർച്ചയ്ക്ക് അയച്ചിരുന്നു. എന്നാൽ ഇത് തട്ടിപ്പിനിരയായി അവിടെ കഴിയുന്ന ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഉതുപ്പുമായി ഈ ഉദ്യോഗസ്ഥർ ചർച്ച നടത്തിയതും വിവാദമായി.

2014 പകുതിയോടെ ഉതുപ്പിന്റെ തട്ടിപ്പിൽ കുടുങ്ങി കുവൈത്തിൽ എത്തിയ കുറേ ഉദ്യോഗാർഥികൾക്ക് കുറച്ചുനാൾ മാത്രം ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിൽ ജോലി ലഭിച്ചിരുന്നു. പിന്നീട് തൊഴിൽ നഷ്ടമായി ഇവർ നാട്ടിലേക്ക് മടങ്ങി. ഇവർ രക്ഷിതാക്കളോടൊപ്പം പലതവണ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഉതുപ്പിനെതിരെ പരാതി നൽകിയിരുന്നു. ഇതിന്മേൽ നടപടി ഉണ്ടാകാതിരുന്നപ്പോൾ 2014 ലെ ക്രിസ്മസ് ദിനത്തിൽ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നിൽ പട്ടിണിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതിനൊക്കെ ശേഷം ഇക്കൊല്ലം മാർച്ചിലാണ് 300 കോടി രൂപയുടെ പുതിയ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് ഉതുപ്പ് നടത്തിയത്.

ആദ്യഘട്ടത്തിൽ പരാതി ഉയർന്നിട്ടും ഉതുപ്പിനെതിരെ നടപടി എടുത്തില്ല എന്നു മാത്രമല്ല, രണ്ടാംഘട്ടത്തിലെ റിക്രൂട്ട്‌മെന്റിന് എല്ലാവിധ പൊലീസ് സംരക്ഷണവും ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഒരു പിഎ കൊച്ചിയിലെ ഒരു ഹോട്ടലിൽ തമ്പടിച്ചാണ് ഇതിനുള്ള സൗകര്യം ചെയ്തത്. ആദ്യം തട്ടിപ്പിന് വിധേയരായ ഉദ്യോഗാർഥികളും രക്ഷിതാക്കളും റിക്രൂട്ട്‌മെന്റ് കേന്ദ്രത്തിലേക്ക് മാർച്ച് ചെയ്യുമെന്ന സൂചനയെ തുടർന്നായിരുന്നു പൊലീസ് സംരക്ഷണം. ഉതുപ്പുമായുള്ള അടുത്ത ബന്ധമാണ് ഇയാളെ സഹായിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകം.

ആശ്രയ എന്ന പേരിൽ ഉമ്മൻ ചാണ്ടി ചെയർമാനായി പുതുപ്പള്ളി കേന്ദ്രീകരിച്ച് രൂപീകരിച്ച ട്രസ്റ്റിൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനോ ഭാരവാഹിയോ അല്ലാത്ത ഒരേയൊരു ഭരണസമിതിയംഗം ഉതുപ്പ് വർഗീസായിരുന്നു. തിരുവഞ്ചൂരിൽ ഉതുപ്പിനു വേണ്ടി എട്ടേക്കർ സ്ഥലം വാങ്ങാൻ സഹായം ഒരുക്കിയതും മുഖ്യമന്ത്രിയാണെന്ന ആക്ഷേപം നിലനിൽക്കുകയാണ്. കോട്ടയം ടൗണിനടുത്ത് സെന്റിന് 13,000 രൂപ മാത്രം വില കൊടുത്ത് ഉതുപ്പ് വാങ്ങിയ സ്ഥലത്തിന്റെ ആധാരത്തിൽ സാക്ഷിയായി ഒപ്പിട്ടത് ഉമ്മൻ ചാണ്ടിയുടെ പിഎ എ ആർ സുരേന്ദ്രനാണ്.തട്ടിപ്പിലൂടെ നേടിയ പണം ഇയാൾ ഹവാല ഇടപാടിനായി ഗൾഫിലേക്ക് കടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതിന് സഹായിച്ച സുരേഷ് ബാബു, അബ്ദുൾ അസീസ് എന്നിവർ റിമാൻഡിൽ കഴിയുകയാണ്.