- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റാ ഹാരിയർ; കേരളത്തിൽ മുഖ്യമന്ത്രിക്ക് 'സുരക്ഷ'യൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം; എനിക്കെന്തിനാണ് ഒരു മുറിയോളം പോന്ന കാർ എന്ന് ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രിയും; കമ്മ്യൂണിസ്റ്റ് മുഖ്യന്റെ 'സുരക്ഷാ' ആശങ്ക രാജ്യം ചർച്ച ചെയ്യുമ്പോൾ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ തുടരുന്ന ധൂർത്ത് വിവാദത്തിൽ. മുഖ്യമന്ത്രിക്ക് പൈലറ്റും എസ്‌കോർട്ടുമായി പോകാൻ നാല് പുതിയ കാറുകൾ വാങ്ങാനുള്ള തീരുമാനമാണ് വിവാദത്തിലായിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത്. ഇതിനായി 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി.
അതേ സമയം മുഖ്യമന്ത്രിയെന്ന നിലയ്ക്ക് തനിക്കുള്ള സുരക്ഷ കുറയ്ക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി രംഗത്തെത്തിയതും വിമർശകർ വിഷയത്തിൽ ഉയർത്തിക്കാട്ടുന്നു. തന്നെ സംരക്ഷിക്കാനായി നിരവധി സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നത് അനാവശ്യമാണ്. ഞാനൊരു സാധാരണക്കാരനാണ്. എല്ലാ പഞ്ചാബികളുടേയും സഹോദരനാണെന്ന് ചന്നി പറഞ്ഞു. തന്റെ ജീവന് ഭീഷണി ഉണ്ടായേക്കാമെന്ന സുരക്ഷാ മുന്നറിയിപ്പിനേയും അദ്ദേഹം തള്ളിക്കളഞ്ഞു. സെപ്റ്റംബർ 20നാണ് സ്ഥാനമൊഴിഞ്ഞ അമരീന്ദർ സിങ്ങിന് പകരം പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത്ത് സിങ് അധികാരമേറ്റത്.
പൊതുവെ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സർക്കാർ ധൂർത്ത് തുടരുമ്പോൾ, പാക് ഭീകരരുടേയതടക്കം ആക്രമണ ഭീഷണി പൊതുവെ ഏറി നിൽക്കുന്ന പഞ്ചാബിലെ മുഖ്യമന്ത്രിയുടെ സുരക്ഷ ഇത്രയധികം വേണ്ടെന്ന നിലപാടാണ് ശ്രദ്ധേയമാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാഗംങ്ങൾക്ക് സഞ്ചരിക്കാനാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്. പുതിയ കാറുകൾ വരുമ്പോൾ നിലവിൽ ഉപയോഗിക്കുന്നവയിൽ രണ്ട് കാറുകൾ മാറ്റും. കാലപ്പഴക്കത്തിന്റെ പേരിലാണ് ഇവ മാറ്റുന്നത്. കാര്യക്ഷമത കുറഞ്ഞതിനാൽ കാറുകൾ മാറ്റണമെന്ന് സർക്കാരിനോട് പൊലീസ് മേധാവി ശുപാർശ ചെയ്തിരുന്നു. പൊലീസ് മേധാവി നൽകിയ ശുപാർശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. പണം ചെലവഴിക്കാൻ അനുമതി നൽകിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസാണ് ഉത്തരവ് ഇറക്കിയത്.
കെഎൽ 01 സിഡി 4764, കെഎൽ 01 സിഡി 4857 എന്നീ റജിസ്‌ട്രേഷൻ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കുന്നത്. നാല് വർഷം പഴക്കമുള്ള വാഹനങ്ങളാണിവ. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകൾ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്.
പൈലറ്റ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കപ്പെടുന്ന വാഹനം ആഭ്യന്തരവകുപ്പിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നത് തൽക്കാലം നിർത്തിവച്ചുവെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സർക്കാർ തീരുമാനം വലിയ വിവാദത്തിന് ഇടവച്ചിരിക്കുകയാണ്.
സുരക്ഷ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ നിലപാടാണ് വിഷയത്തിൽ വിമർശകർ ഉയർത്തിക്കാണിക്കുന്നത്. പഞ്ചാബിലെ ജനങ്ങളെ സേവിക്കാൻ താൻ തയ്യാറാണെന്നും ഒരു സാധാരണ പഞ്ചാബിയായതിനാൽ ജനങ്ങളെ സേവിക്കാനും സഹായിക്കാനും എപ്പോൾ വേണമെങ്കിലും ഫോണിൽ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു.
'
'മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ആയിരത്തോളം സുരക്ഷാ ജീവനക്കാരാണ് എനിക്ക് സുരക്ഷ ഒരുക്കാനായി സജ്ജമായിരിക്കുന്നത്. ഒരു മുറിയോളം വലിപ്പമുള്ള കാറാണ് യാത്രയ്ക്കുള്ളത്. ഇതെന്നെ അമ്പരിപ്പിക്കുകയാണ്. ഇത്തരം സൗകര്യങ്ങൾക്കായി നികുതിപ്പണത്തിൽ നിന്ന് രണ്ട് കോടി രൂപ വരെ ചെലവഴിക്കുന്നതിൽ ആശങ്കയുണ്ട്. ഞാനും അവരെ പോലെ ഒരു സാധാരണക്കാരനാണ്. ആഡംബര ജീവിതം ആഗ്രഹിക്കുന്നയാളല്ല. ഇതിനായി ചെലവഴിക്കുന്ന പണം ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം. പ്രത്യേകിച്ച് പിന്നാക്കവിഭാഗങ്ങളുടെ. ലളിതമായ ജീവിതമാണ് ഞാൻ പിന്തുടരുന്നത്-ചരൺജിത്ത് സിങ് ചന്നി പറയുന്നു.
ന്യൂസ് ഡെസ്ക്