കൊച്ചി: സലാലയിൽ മലയാളി നഴ്‌സ് ചിക്കു റോബർട്ട് കുത്തേറ്റു മരിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒമാൻ പൊലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന ഭർത്താവ് ലിൻസണിന്റെ മോചത്തിൽ ഇനിയും വ്യക്തത വരുത്താൻ ആർക്കും കഴിയുന്നില്ല. ചിക്കുവിന്റെ മരണത്തിൽ ലിൻസണിനെ കുടുക്കാൻ തെളിവൊന്നും ഇനിയും ഒമാൻ പൊലീസിൽ കിട്ടിയിട്ടില്ല. എങ്കിലും ലിൻസണെ മോചിപ്പിക്കാൻ അവർ തയ്യാറാകുന്നതുമില്ല. ചിക്കുവിന്റെ മരണത്തിൽ ലിൻസണ് പങ്കില്ലെന്ന് ബന്ധുക്കൾ ആവർത്തിച്ച് പറഞ്ഞിട്ടും ഒമാൻ പൊലീസ് വിടാൻ തയ്യാറല്ല. അതിനിടെ കഴിഞ്ഞ ദിവസം ലിൻസൺ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചിക്കുവിന്റെ വീട്ടിൽ വിളിച്ചിരുന്നു. മോചനത്തെ കുറിച്ച് ഒരു സൂചനയുമില്ലെന്നാണ് ലിൻസണും പങ്കുവച്ച വികാരം.

ചിക്കു മരിച്ചപ്പോൾ തന്നെ ലിൻസണിനെ ഒമാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ മരുമകൻ കുറ്റം ചെയ്തില്ലെന്നായിരുന്നു ചിക്കുവിന്റെ അച്ഛൻ റോബർട്ട് പറഞ്ഞിരുന്നത്. ഈ നിലപാടിൽ അദ്ദേഹം ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. ഇത് ഓമാനെയും അറിയിച്ചിരുന്നു. അതിനിടെ ലിൻസണെ കുറ്റവിമുക്തനാക്കാൻ ഒമാൻ പൊലീസ് തീരുമാനിച്ചതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് റോബർട്ട് മറുനാടനോട് പറഞ്ഞത്. ഒമാനിലുള്ള ബന്ധുക്കൾക്കും ലിൻസണിന്റെ മോചനത്തെ കുറിച്ച് സൂചനയില്ല. വിദേശ കാര്യമന്ത്രാലയത്തോടും ഒമാൻ പൊലീസ് ഒന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ ലിൻസണിന്റെ മോചനത്തിൽ ആശങ്കയിൽ തന്നെയാണ് റോബർട്ടും കുടുംബവും. കൊലപാതകവുമായി ബന്ധപ്പെട്ട് നാലായിരത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതിയെക്കുറിച്ചോ കൊലപാതകത്തിലേക്ക് നയിച്ച കാര്യത്തെക്കുറിച്ച് യാതൊരു സൂചനയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമായിട്ടില്ല.

പാക്കിസ്ഥാനിയെ വാടകക്കൊലയാളിയായി ഭർത്താവ് ദൗത്യമേൽപ്പിക്കുകയായിരുന്നുവെന്ന് ആദ്യം പറഞ്ഞ പൊലീസ് ഇപ്പോൾ പാടേ മലക്കം മറിയുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട് പാക്കിസ്ഥാൻകാരനെ ഏതാനും വിട്ടയച്ചുവെങ്കിലും ഭർത്താവ് ലിൻസൺ ഇപ്പോഴും ജയിലിൽ തന്നെയാണ്. ഭർത്താവിനെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെങ്കിലും അയാൾ ഇപ്പോഴും മുഖ്യപ്രതിസ്ഥാനത്തു തന്നെയായതിനാലാണ് വിട്ടയക്കാത്തതെന്നാണ് ഒമാൻ പൊലീസിന്റെ വിചിത്രമായ വിശദീകരണം. ഒപ്പം അന്വേഷണം ഇപ്പോഴും തുടരുന്നുവെന്ന അറിയിപ്പുമുണ്ട്. മൂന്ന് മാസത്തോളമായി കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവിനെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല അയാൾ ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും ഒമാൻ പൊലീസ് സമ്മതിക്കുന്നു. മെയ് രണ്ടിന് കൊച്ചിയിൽ നടന്ന ചിക്കുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോലും ജാമ്യം നൽകിയില്ല.

ഇതിനിടെ ഊരും പേരുമില്ലാത്ത ഒരു പ്രണയകഥ പടച്ച് ഗൾഫിലെ ഏറ്റവും പ്രചാരമുള്ള ഒരു ഇംഗ്ലീഷ് ദിനപത്രത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ചിക്കുവിന്റെ പിതാവ് ഒമാൻ അധികൃതർക്ക് ആവർത്തിച്ച് എഴുതിയ കത്തുകളിൽ തന്റെ മകളുടെ ഘാതകൻ മരുമകൻ അല്ലേയല്ലെന്ന് ആണയിടുന്നുണ്ട്. അവൻ ഞങ്ങൾക്ക് മകനെപ്പോലെയാണെന്ന് ഈ കത്തുകളിലുടനീളം പറയുന്നുണ്ട്. അവൻ ഞങ്ങളുടെ മൂത്തമകനാണ്. എന്റെ മകളെ കൊല്ലാൻ അവനാവില്ല. ദയവായി അവനെ വിട്ടയയ്ക്കുക എന്ന അപേക്ഷ പക്ഷേ ഒമാനി അധികൃതർകണ്ടില്ലെന്ന് നടിക്കുകയാണ്. തേസമയം ചിക്കുവിന്റെ ഭർത്താവിനെതിരെ തെളിവൊന്നുമില്ലെന്ന് പൊലീസ് തന്നെ സമ്മതിക്കുകയും ചെയ്യുന്നു. എന്നിട്ടും ഇന്ത്യൻ സ്ഥാനപതിക്ക് പോലും പ്രശ്‌നത്തിൽ വേണ്ട ഇടപെടൽ നടത്താൻ കഴിയുന്നില്ല.

ചിക്കുവിന്റെ മരണത്തിൽ ശാസ്ത്രീയമായി പ്രതികളെ കണ്ടെത്തുമെന്നാണ് ഒമാൻ പൊലീസ് പറഞ്ഞിരുന്നത്. ആദ്യം രണ്ട് പാക്കിസ്ഥാനികളെ പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം അവരെ വിട്ടയച്ചു. എന്നാൽ ലിൻസണിനെ വിട്ടയ്ക്കാൻ പൊലീസ് താൽപ്പര്യം കാട്ടുന്നുമില്ല. ഇതിന് പിന്നിൽ ഇരട്ട നീതിയുണ്ടെന്ന ആക്ഷേപവും ശക്തമാണ്. വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജിന്റെ പക്കൽ പ്രശ്‌നം എത്തിക്കാനാണ് വീട്ടുകാരുടെ ആലോചന. റംസാൻ നോമ്പ് കഴിഞ്ഞാലെങ്കിലും ലിൻസണിനെ മോചിപ്പിക്കുമെന്ന പ്രതീക്ഷ നഷ്ടമായതോടെയാണ് ഇത്. കസ്റ്റഡിയിൽ നിന്ന് വിട്ടാൽ ലിൻസൺ നാടുവിടുമെന്നതിനാലാണ് കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്ന് മാത്രമാണ് ഒമാൻ പൊലീസ് വിശദീകരിക്കുന്നത്. ഒരു തെളിവുമില്ലാതെ മൂന്ന് മാസം ഒരാളെ തടവിൽ വയ്ക്കുന്നത് ശരിയോ എന്നതിന് മറുപടിയുമില്ല.

കഴിഞ്ഞ ഏപ്രിൽ 20നാണ് താമസ സ്ഥലത്ത് കറുകുറ്റി അയിരൂക്കാരൻ വീട്ടിൽ റോബർട്ടിന്റെ മകൾ ചിക്കു(27)നെ കൊല്ലപ്പെട്ട നിലയിൽ ഒമാനിലെ ഫ്‌ലാറ്റിൽ കണ്ടെത്തിയത്. ഭർത്താവ് ലിൻസൺ സംഭവ സമയത്ത് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. കൊലപാതകത്തിന്നു ശേഷം ചിക്കുവിന്റെ കാതിലെ കമ്മൽ അടക്കം 12 ഓളം പവൻ സ്വർണവും അപഹരിക്കപ്പെട്ടിരുന്നു. പുറമേനിന്നും ആരും ഫ്‌ലാറ്റിൽ എത്തിയില്ലെന്ന് വ്യക്തമായതടെയാണ് പൊലീസ് ലിൻസനിലേക്ക് കൂടുതൽ അന്വേഷണം വ്യാപിപ്പിച്ചത്. ചിക്കു കൊല്ലപ്പെട്ട ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. കൊലപാതകം നടന്ന ദിവസം ചിക്കു ജോലിക്ക് എത്തേണ്ട സമയമായിട്ടും എത്താത്തതിനെ തുടർന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സലാല ബദർ അൽ സമ ആശുപത്രിയിലെ നഴ്‌സായിരുന്നു ചിക്കു റോബർട്ട്. ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൻ ഇതേ ആശുപത്രിയിലെ പി.ആർ.ഒ. ആണ്. കറുകുറ്റി അസീസി നഗർ തെക്കൻ അയിരൂക്കാരൻ റോബർട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗർഭിണിയായതോടെ പഴയ ഫ്‌ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്‌ളാറ്റിലേക്കു മാറിയത്. ഫ്‌ളാറ്റിലെ എ.സിയുടെ കണ്ടൻസറിന്റെ മുകളിൽ കയറി ജനൽപാളി ഇളക്കിമാറ്റിയാണ് കൊലയാളി ഉള്ളിൽ കടന്നത്. ലിൻസണിന് രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാൻ സഹപ്രവർത്തകർ ലിൻസണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിൻസൻ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല.

തുടർന്ന് ലിൻസൻ ഫ്‌ളാറ്റിലെത്തിയപ്പോൾ ബെഡ്‌റൂമിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാൻ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോൾ താരം കൂടിയായ ചിക്കു. ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ നഴ്‌സിങ് പഠിച്ചയുടൻ ഒമാനിലെ സലാലയിൽ ജോലി കിട്ടി. അവിടെ ബദർ അൽ സമ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണു സഹപ്രവർത്തകൻ ലിൻസനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബർ 24ന് ഇരുവരും വിവാഹിതരായതും. താമസിക്കുന്ന ഫ്‌ലാറ്റിനോടു ചേർന്നുള്ള റോഡിന് അപ്പുറത്താണ് ഇവർ ജോലി ചെയ്തിരുന്ന ശുപത്രി.