കൊച്ചി: മലയാളി നേഴ്സായ ചിക്കു റോബർട്ട് ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ടത് അതിദാരുണമായാണ്. ഒമാൻ പൊലീസിന്റെ മികവിനെ കുറിച്ചായിരുന്നു ഈ ഘട്ടത്തിൽ ചർച്ചയായത്. ചിക്കുവിന്റെ ഭർത്താവിനെ ഭാര്യയുടെ സംസ്‌കാര ചടങ്ങിൽ പോലും പങ്കെടുക്കാൻ അനുവദിക്കാതെ ഒമാൻ പൊലീസ് കസ്റ്റഡിയിൽ വച്ചു. ചില സംശയങ്ങളുടെ പേരിലായിരുന്നു ഇത്.

ഒമാനിലെ അന്വേഷണത്തിന്റെ മികവാണ് ഇതിന് കാരണമെന്ന വാദങ്ങളായിരുന്നു ഈ ഘട്ടത്തിൽ സജീവമായത്. തൊണ്ണൂറ്റിയൊമ്പത് ദിവസമായി പൊലീസ് കസ്റ്റഡിയിലാണ് ലിൻസൺ. കേസുമായി ബന്ധപ്പെടുത്താൻ ഒരു തെളിവും ലിൻസണിനെതിരെ പൊലീസിന് കട്ടിയിട്ടില്ല. എന്നിട്ടും ജയിലിൽ കഴിയാനാണ് ലിൻസണിന്റെ വിധി.

ഒരു തെളിവുമില്ലെങ്കിലും ചെറിയ സംശയത്തിന്റെ പേരിൽ പോലും ആരേയും ആറുമാസം വരെ ഒമാനിൽ കസ്റ്റഡിയിൽ വയ്ക്കാമെന്ന നിയമുണ്ടെന്ന് ലിൻസണിന്റെ ബന്ധുക്കൾ തിരിച്ചറിയുന്നു. ഇതു കൊണ്ടാണ് ലിൻസണിന്റെ മോചനം വൈകുന്നത്. ആറു മാസം കഴിഞ്ഞാൽ മാത്രമേ ഇതു പോലും സ്ഥിരീകരിക്കാൻ കഴിയൂ. കേസിൽ ലിൻസണിനെതിരെ ഒരു തെളിവുമില്ല. എന്നാൽ കുറ്റവാളിയെ കിട്ടും വരെ ലിൻസണിനെ ജയിലിൽ വയ്ക്കാനാണ് അവരുടെ നീക്കം. ചിക്കുവിന്റെ മരണത്തിൽ സുഹൃത്തുക്കളോ ബന്ധുക്കളോ ലിൻസണ് പങ്കുള്ളതായി കരുതുന്നില്ല. യാതൊരു പ്രശ്നവും ലിൻസണും ചിക്കുവും തമ്മിലുണ്ടായിരുന്നില്ല. അത്തരത്തിലൊരു സൂചനയും ആരും തന്നിട്ടില്ല. കൊല നടന്ന സമയത്ത് ലിൻസൺ ജോലി സ്ഥലത്തുമായിരുന്നു. അതുകൊണ്ട് തന്നെ ലിൻസണെ സംശയിക്കാൻ പോലും സാഹചര്യമില്ല. എന്നിട്ടും ഒമാൻ പൊലീസ് ലിൻസണെ വിട്ടയക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ പ്രതിഷേധങ്ങൾക്ക് പോയാൽ ലിൻസണിന്റെ മോചനം വൈകും. അതുകൊണ്ട് തന്നെ ക്ഷമയോടെ കാത്തിരിക്കുകയാണ് കുടുംബം.

ലിൻസണിന്റെ മോചനത്തിന്റെ മുൻ കൈയെടുക്കുന്നത് ചിക്കുവിന്റെ അച്ഛനായ റോബർട്ടാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് നേരിട്ട് പരാതി നൽകി. എന്നാൽ ഫലം ഉണ്ടായില്ല. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയിൽ പ്രശ്നം കൊണ്ടു വന്നിട്ടുണ്ട്. വിദേശകാര്യമന്ത്രി നേരിട്ട് ഇടപെട്ടാൽ ലിൻസണ് നീതിയുറപ്പാകും. എന്തുകൊണ്ടാണ് ലിൻസണെ തടവിൽ വച്ചിരിക്കുന്നത് എന്നത് വിശദീകരിക്കാൻ പൊലീസിന് കഴിയുന്നുമില്ല. ചെറിയൊരു തെളിവ് കിട്ടിയാൽ പോലും പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുന്നതാണ് രീതി. എന്നാൽ ഇവിടെ ലിൻസൺ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ മാത്രമാണ്. മൂന്ന് മാസത്തെ അന്വേഷണത്തിൽ പോലും ചെറിയൊരു തെളിവ് പോലും ലിൻസണെതിരെ കിട്ടിയില്ലെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണെന്ന് ചിക്കുവിന്റെ കുടുംബവും പറയുന്നു. നോമ്പ് കാലം കഴിഞ്ഞാൽ മോചിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതും മാറി. ഇപ്പോൾ ആറു മാസത്തെ കസ്റ്റഡി കാലാവധി കഴിയുമ്പോൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇതിലും ആർക്കും ഉറപ്പ് നൽകാൻ കഴിയുന്നില്ല.

കഴിഞ്ഞ ആഴ്ച ഒമാനിലെ ബന്ധുക്കൾ ലിൻസണെ കണ്ടിരുന്നു. പൊലീസ് കസ്റ്റഡിയിലെ കൂടിക്കാഴ്ച ആയതിനാൽ വിശദമായി ഒന്നും സംസാരിക്കാൻ കഴിയില്ല. തനിക്കെതിരെ ഒരു തെളിവും പൊലീസിന് കട്ടിയില്ലെന്ന് തന്നെയാണ് ലിൻസൺ ബന്ധുക്കളോട് പറഞ്ഞത്. ചിക്കുവിന്റെ മരണത്തിന് ശേഷം രണ്ട് മലയാളികൾ കൂടി ഒമാനിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസുകളിലെ പ്രതികളെ പൊലീസ് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതിന് സമാനമായ താൽപ്പര്യം ചിക്കുവിന്റെ കേസിൽ കാട്ടുന്നില്ലേ എന്ന സംശയം ഉയരുന്നുണ്ട്. ഇന്ത്യൻ എംബസിക്ക് പോലും കൃത്യമായ വിവരങ്ങൾ പൊലീസ് നൽകുന്നില്ല. ഇതും ലിൻസണിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.

അഞ്ചുമാസം ഗർഭിണിയായിരുന്ന ചിക്കുവിനെ വെട്ടിയും കുത്തിയും മൃഗീയമായി വധിച്ച കേസിൽ കൊലയാളി ഭർത്താവ് ആണെന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ല. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിൽ 21ന് നടന്ന ഈ ദാരുണ സംഭവത്തിൽ അന്നുതന്നെ ഭർത്താവ് ലിൻസണെ ഒരു പാക്കിസ്ഥാനിക്കൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. പാക്കിസ്ഥാനിയെ വാടകക്കൊലയാളിയായി ഭർത്താവ് ദൗത്യമേൽപ്പിക്കുകയായിരുന്നുവെന്ന് ആദ്യം പറഞ്ഞ പൊലീസ് ഇപ്പോൾ പാടേ മലക്കം മറിയുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട് പാക്കിസ്ഥാൻകാരനെ വിട്ടയച്ചുവെങ്കിലും ഭർത്താവ് ലിൻസൺ ഇപ്പോഴും ജയിലിൽ തന്നെയാണ്. ഭർത്താവിനെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെങ്കിലും അയാൾ ഇപ്പോഴും മുഖ്യപ്രതിസ്ഥാനത്തു തന്നെയായതിനാലാണ് വിട്ടയക്കാത്തതെന്നാണ് ഒമാൻ പൊലീസിന്റെ വിചിത്രമായ വിശദീകരണം. ഒപ്പം അന്വേഷണം ഇപ്പോഴും തുടരുന്നുവെന്ന അറിയിപ്പുമുണ്ട്.

ഏപ്രിൽ 21ന് പകൽ സലാലയിലെ വസതിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ചിക്കുവിന്റെ മൃതദേഹം കണ്ട് അയലത്തുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ചിക്കുവിനൊപ്പം സലാലയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് വിവരമറിഞ്ഞ് സംഭവസ്ഥലത്ത് പാഞ്ഞെത്തിയയുടൻ ആയിരുന്നു അറസ്റ്റ്. തൊട്ടുപിന്നാലെ ഒരു പാക്കിസ്ഥാനിയും വലയിലായി. ദാരുണമായി കൊലപ്പെടുത്തിയ ചിക്കുവിന്റെ കാതുകൾ അറുത്തെടുത്ത് ആഭരണങ്ങൾ മോഷ്ടിച്ചിരുന്നു. മോഷണത്തിനുവേണ്ടിയായിരുന്നു കൊല എന്നു വരുത്തിത്തീർക്കാനായിരുന്നു കാതുകൾ ഛേദിച്ചതെന്ന് പറഞ്ഞ പൊലീസ് ചിക്കുവിന്റെ ദേഹത്തുനിന്നോ വീട്ടിൽ നിന്നോ മറ്റ് ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞതും ദുരൂഹമായി. മെയ് രണ്ടിന് കൊച്ചിയിൽ നടന്ന ചിക്കുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോലും ലിൻസണ് ജാമ്യം നൽകിയില്ല.

ചിക്കുവിന്റെ പിതാവ് ഒമാൻ അധികൃതർക്ക് ആവർത്തിച്ച് എഴുതിയ കത്തുകളിൽ തന്റെ മകളുടെ ഘാതകൻ മരുമകൻ അല്ലേയല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അവൻ ഞങ്ങൾക്ക് മകനെപ്പോലെയാണെന്ന് ഈ കത്തുകളിലുടനീളം പറയുന്നുണ്ട്. അവൻ ഞങ്ങളുടെ മൂത്തമകനാണ്. എന്റെ മകളെ കൊല്ലാൻ അവനാവില്ല. ദയവായി അവനെ വിട്ടയയ്ക്കുക എന്ന അപേക്ഷ പക്ഷേ ഒമാനി അധികൃതർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.