മസ്‌കത്ത്: ഒമാനിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. കൊലപാതകം സംബന്ധിച്ച് അന്വേഷണം തുടരുന്നതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല.

സലാലയിലാണു മലയാളി നഴ്‌സ് ചിക്കു റോബർട്ട് കൊല്ലപ്പെട്ടത്. ഭർത്താവ് ലിൻസനിൽനിന്ന് നാലാംദിവസവും അന്വേഷണസംഘം മൊഴിയെടുത്തു. കൊലപാതകത്തിൽ എല്ലാതരം സാധ്യതകളും സംശയിച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് ആർ.ഒ.പി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതു സംബന്ധിച്ച വിവരങ്ങളെക്കുറിച്ചു സംസ്ഥാന സർക്കാരും ആരാഞ്ഞിരുന്നു. അംബാസഡറും ടെലിഫോണിൽ ബന്ധപ്പെട്ടുവെന്നു ബന്ധുക്കൾ പറഞ്ഞു. കാര്യങ്ങൾ വേഗത്തിലാക്കാൻ ഇടപെടുന്നതിന് വിദേശകാര്യമന്ത്രിയുടെ ഓഫിസിൽനിന്ന് എംബസിയിൽ ഫാക്‌സ് സന്ദേശം ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതു സംബന്ധിച്ച് പൊലീസ് വൃത്തങ്ങൾ ഒന്നും അറിയിച്ചിട്ടില്ലെന്നാണു സൂചന.

മൊബൈൽ കാൾ റെക്കോഡുകൾ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന്റെ യഥാർഥ ചിത്രം ലഭ്യമല്ലാത്തതിനാൽ സലാലയിലെ പ്രവാസികളും ആശങ്കയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ഒമാനിലെ സലാലയിൽ നഴ്‌സായ ചിക്കുവിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ചിക്കുവിന്റെ ഭർത്താവ് ലിൻസനു പുറമെ അടുപ്പമുള്ള സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഒമാൻ പൊലീസ് കസ്റ്റഡിയിലുള്ള ലിൻസന് സുഹൃത്തുക്കൾ നിയമസഹായം ഏർപ്പാടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലിൻസനുവേണ്ടി ഒമാൻ സ്വദേശിയായ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നു.