മുളങ്കുന്നത്തുകാവ്: ഒക്കത്തിരുത്തി അമ്മ പാലു കൊടുക്കുന്നതിനിടെ താഴെ വീണ് പൊട്ടിയ ചില്ലുഗ്ലാസിൽ വീണ് കഴുത്തിൽ ചില്ലു തുളച്ചുകയറി പിഞ്ചു കുഞ്ഞ് മരിച്ചു. മുളങ്കുന്നത്തുകാവിലാണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. കഴുത്തിൽ തുളച്ചുകയറി രക്തം വാർന്നൊഴുകിയ നിലയിൽ കുഞ്ഞിനെയും ആശുപത്രിയിലേക്കു പോകുന്നതിനിടെ അച്ഛന്റെ ബൈക്ക് അപകടത്തിൽപ്പെട്ടു. തടസ്സങ്ങൾ മറികടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ലെന്നത് ദുരന്തമായി മാറി

കോളങ്ങാട്ടുകര പാറയിൽ ലെയിനിൽ ഇമ്മട്ടി വീട്ടിൽ ഷിബുവിന്റെ മകൻ ഒന്നര വയസ്സുകാരൻ ജോയൽ ഷിബുവാണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം. ഒക്കത്തിരുന്ന കുട്ടിക്ക് പാൽ കൊടുത്ത ശേഷം അമ്മ ലിസി ഗ്ലാസ് താഴെ വയ്ക്കുകയായിരുന്നു. അമ്മയുടെ കൈയിൽനിന്ന് പാൽഗ്ലാസ് താഴെ വീണു. ഒപ്പം ഒക്കത്തിരുന്ന കുഞ്ഞും വീണു. താഴെ വീണുപൊട്ടിയ ഗ്ലാസിന്റെ ചില്ലുകഷണങ്ങൾക്കു മുകളിലേക്കാണ് കുഞ്ഞുവീണത്. വീഴ്ചയിൽ കുട്ടിയുടെ കഴുത്തിൽ ചില്ലിന്റെ കഷണം തുളച്ചുകയറി. കഴുത്തിൽ കയറിയ ചില്ലുകഷണം അമ്മ വലിച്ചൂരി. ഉടനെത്തന്നെ ഭർത്താവ് ഷിബുവിനും മൂന്നുവയസ്സുള്ള മൂത്ത മകൾക്കുമൊപ്പം ഭർത്താവിന്റെ ബൈക്കിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു.

കുട്ടിയെ ആശുപത്രിയിലെത്തിക്കാനായി തിടുക്കത്തിൽ പോകുന്നതിനിടെയാണ് ഇവരുടെ ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ചത്. ഷിബുവിന് കാലിലും കൈയ്ക്കും പരിക്കേറ്റു. ബാക്കിയുള്ളവർക്ക് നിസ്സാര പരിക്കുണ്ട്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനുംശേഷം മൃതദേഹം കോളങ്ങാട്ടുകര പള്ളിയിൽ സംസ്‌കരിച്ചു. പരിക്കേറ്റ ഷിബുവിനെ ബന്ധുക്കൾ താങ്ങിക്കൊണ്ടുവന്നാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുപ്പിച്ചത്. അടുത്തിടെയായി ഷിബുവിനും ഭാര്യ ലിസിക്കും വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റിരുന്നു. അശ്വിനിയാണ് ജോയലിന്റെ സഹോദരി.