കണ്ണൂർ: ഒരു കുഞ്ഞിന്റെ ജീവൻ എടുക്കാൻ അരബക്കറ്റ് വെള്ളം മതിയെന്ന് എത്രയോ അനുഭവങ്ങൾ നമ്മളെ പഠിപ്പിച്ചിരിക്കുന്നു. കേരളത്തിൽ ഇതുരവരെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച കുഞ്ഞുങ്ങളുടെ കണക്കെടുത്താൽ അത് ഞെട്ടിക്കുന്നത് തന്നെയാകും. എന്നിട്ടും എന്തുകൊണ്ടാണ് കുരുന്നുകൾ ഉള്ള വീട്ടിൽ ബക്കറ്റ് നിറച്ചു വയ്ക്കുന്നത്. തലശ്ശേരിക്ക് സമീപം മമ്പറത്ത് നടന്ന അവസാനത്തെ ദുരന്തം പഠിപ്പിക്കുന്നത് എത്ര കൊണ്ടാലും മലയാളി പഠിക്കില്ല എന്നു തന്നെയാണ്.

കാടാച്ചിറ മൈമൂൻ വീട്ടിലെ റസാഖ് ജസ്മിന ദമ്പതികളുടെ ഒന്നരവയസുകാരനായ മകൻ ഹനാൻ ആണ് ബക്കറ്റിലെ വെള്ളത്തിൽ വീണ് ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ മമ്പറത്തെ ബന്ധുവീട്ടിൽ വച്ചായിരുന്നു സംഭവം. ബന്ധുവീട്ടിലെ വിരുന്ന് സൽക്കാരത്തിനെത്തിയതായിരുന്നു റസാഖും കുടുംബവും. സൽക്കാരത്തിന്റെ തിരക്കിനിടയിൽ കുഞ്ഞ് മുറിയിൽ ചുറ്റിനടന്നത് ഇവർ കണ്ടില്ല. തിരക്കിനിടെ കുഞ്ഞിനെ കാണാതെ പോയത് അന്വേഷിച്ച വേളയിലാണ് കുളിമുറിയിൽ ബക്കറ്റിൽ മുങ്ങിയ നിലയിൽ കാണപ്പെട്ടത്.

ഉടൻ തലശ്ശേരിയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ഷിനായ, മറീഷ്യ.