ദുബായ്: ആറ്റുനോറ്റുണ്ടായ കുഞ്ഞുമകൾക്കുണ്ടായ ദുരന്തത്തിൽ ഹൃദയം തകർന്ന് ഒരു കുടുംബം. ദുബായിലാണ് ആരുടെയം മനസു പിടിച്ചുകുലുക്കുന്ന സംഭവമുണ്ടായത്.

അച്ഛൻ ഓടിച്ച കാറിനടിയിൽപ്പെട്ട് ഒന്നരവയസുകാരി ദാരുണമായി കൊല്ലപ്പെട്ടു. തൃശൂർ പുയൂർക്കുളം വടക്കേക്കാട് സ്വദേശി ആബിദ് അലിയുടെ മകൾ ഒന്നരവയസുകാരി സമയാണു മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ദുബായ് ഹോർ അൽ അൻസിലെ ഇവർ താമസിക്കുന്ന വില്ലയിലായിരുന്നു അപകടം.

കാറെടുക്കാനായി പോർച്ചിലെത്തിയ ആബിദിന് പിന്നാലെ സമയും ഓടിവന്നു. എന്നാൽ, പോർച്ചിലേക്കിറങ്ങിയ സമയെ ആരും ശ്രദ്ധിച്ചിരുന്നില്ല. മകൾ പിന്നിലുണ്ടെന്നറിയാതെ പോർച്ചിൽ നിന്ന് കാർ പുറത്തേക്കിറങ്ങുന്നതിനിടയിൽ കുഞ്ഞ് അടിയിൽ പെടുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ ചികിൽസക്ക് ശേഷമാണ് ഈ ദമ്പതികൾക്കു കുഞ്ഞു പിറന്നത്. ആറ്റുനോറ്റുണ്ടായ കുരുന്നിനാണ് അപകടമുണ്ടായത്. ആബിദും കുടുംബവും ദുബായിൽ സ്ഥിരതാമസക്കാരാണ്. പോസ്റ്റുമോർട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം നാട്ടിൽ എത്തിക്കും.