ന്ത്യയിൽ മാത്രമാണ് ശൈശവിവാഹമെന്നാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ ഈജിപ്തിൽ ഇതാ 12കാരനായ ഒമാർ എന്ന കുട്ടി 11 കാരിയായ ഖരമിനെ വിവാഹം കഴിക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ട്. ഇവരുടെ മനസ്സമ്മതം ഒമാറിന്റെ പിതാവായ നാസ ഹുസൈൻ ആഘോഷമാക്കി നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.ഒമാറിന്റെ കസിനാണ് 11 കാരിയായ ഈ പെൺകുട്ടി. തന്റെ മൂത്ത മകന്റെ വിവാഹം ആഡംബരമായി നടത്തിയ ശേഷം ഈ സന്തോഷം ഇരട്ടിപ്പിക്കാനായി ഇളയമകന്റെ വിവാഹത്തിന്റെ എൻഗേജ്മെന്റ് കൂടി നടത്താൻ നാസർ തീരുമാനിക്കുകയായിരുന്നു. ഈജിപ്ഷ്യൻ നിയമമനുസരിച്ച് 18 വയസിന് താഴെയുള്ള വിവാഹങ്ങൾ കർക്കശമായി നിരോധിച്ചിട്ടുണ്ട്. ഇതിനാൽ നാസറിന്റെ നീക്കത്തിനെതിരെ ആക്ടിവിസ്റ്റുകൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ഇവരുടെ വിവാഹം നടത്തിയിട്ടില്ലെന്നും വെറും എൻഗേജ്മെന്റ് മാത്രമേ നടത്തിയിട്ടുള്ളുവെന്നുമാണ് പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. കെയ്റോയിൽ നിന്നും 75 മൈലുകൾ വടക്ക് മാറിയുള്ള പ്രദേശത്ത് വച്ചാണ് നാസറിന്റെ മൂത്ത മകന്റെ വിവാഹം നടന്നിരുന്നത്. തുടർന്ന് അപ്രതീക്ഷിതമായി ഇവിടെ വച്ച് തന്റെ ഇളയമകന്റെ എൻഗേജ് മെന്റ് നടത്തുന്ന കാര്യം നാസർ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോകൾ പ്രാദേശിക മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് വൻ വിവാദത്തിനിടയാക്കിയിട്ടുണ്ട്. വുമൺസ് സെന്റർ ഫോർ ലീഗൽ എയ്ഡ് ആൻഡ് കൗൺസിലിംഗിലെ റെഡ എൽഡാൻബൗകി ഇക്കാര്യം ഗവൺമെന്റ് ഏജൻസിയായ നാഷണൽ സെന്റർ ഫോർ ചൈൽഡ്ഹുഡ് ആൻഡ് മദർഹുഡിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടാതെ അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അറ്റോർണി ജനറലിനും പരാതി നൽകിയിട്ടുണ്ട്. കടുത്ത കുറ്റം ചെയ്ത മാതാപിതാക്കളെ ശിക്ഷിക്കണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെടുന്നു. ഇത്തരത്തിൽ നേരത്തെ വിവാഹിതയാകുന്നതോടെ പെൺകുട്ടിക്ക് വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കും ഉള്ള അവസരം നഷ്ടപ്പെടുമെന്നും സാമൂഹികമായി ഒറ്റപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.താൻ സ്വതന്ത്രനായ മനുഷ്യനാണെന്നും ഒരു തെറ്റും ചെയ്തില്ലെന്നും വിമർശനത്തെ ഭയമില്ലെന്നുമാണ് നാസർ പ്രതികരിച്ചിരിക്കുന്നത്.തന്റെ മകൻ ഒമാർ ഈ പെൺകുട്ടിയെ അഗാധമായി സ്നേഹിക്കുന്നുവെന്നും താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നുവെന്നും അതിനാലാണ് താനിതിന് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും നാസർ വിശദീകരിക്കുന്നു.അവർക്ക് പ്രായപൂർത്തിയാകുമ്പോൾ മാത്രമേ നിയമാനുസൃതം വിവാഹം കഴിക്കുകയുള്ളുവെന്നും നാസർ ഉറപ്പ് നൽകുന്നു.