മലപ്പുറം: പേരമക്കളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ഏഴു വാസയുകാരിക്ക് പീഡനം. സംഭവം പെൺകുട്ടി വീട്ടിൽ പറഞ്ഞതോടെ നിയമനടപടിക്കൊരുങ്ങിയ വീട്ടുകാർക്ക് പണം നൽകി ഒതുക്കിത്തീർക്കാൻ ശ്രമം. ചൈൽഡ് ലൈൻ ഇടപെട്ടതോടെ പൊലീസ് കേസെടുക്കാൻ നിർബന്ധിതരായി. ഇതോടെ നാട്ടിലെ പൗരപ്രമുഖന്റെ മുഖമൂടിയാണ് വലിച്ചു ചീന്തപ്പെട്ടത്. സംഭവത്തിൽ പോക്സോ ആക്റ്റ് ചുമത്തി പ്രതി കമ്മാലി(70)ക്കെതിരെ കോളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ നാട്ടിലുണ്ടായിട്ടും പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.

കൊളത്തൂർ പടപ്പറമ്പിനടുത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് ലൈനിൽ ലഭിച്ച വിവരത്തെ തുടർന്ന് പൊലീസിന് റിപ്പോർട്ട് നൽകിയത് കഴിഞ്ഞ ആഴ്ചയിലാണ്. എന്നാൽ ഈ സമയം പ്രതി നാട്ടിലുണ്ടായിരുന്നെങ്കിലും പൊലീസ് പിടികൂടാൻ തയ്യാറായിരുന്നില്ല. സ്വാധീനവും ഉന്നത ബന്ധങ്ങളുമുള്ളയാളാണ് പ്രതി. അറസ്റ്റ് ചെയ്യാൻ സാഹചര്യമുണ്ടായിട്ടും പ്രതിയെ പൊലീസ് വെറുതെ വിടുകയായിരുന്നെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം വിവിധ പാർട്ടികളും യുവജന സംഘടനകളും സംഭവത്തിൽ മൗനം തുടരുകയാണ്.

പീഡനത്തിനിരയായ കുട്ടി ഉപ്പൂപ്പയെന്നാണ് പ്രതിയെ വിളിച്ചിരുന്നത്. പ്രതിയുടെ ചെറുമക്കളോടൊപ്പം പതിവുപോലെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയതായിരുന്നു കുട്ടി. ഇതിനിടെ പെൺകുട്ടിയോട് ഓരോ വിശേഷങ്ങൾ തിരക്കി വീട്ടിലേക്കു വിളിച്ചുവരുത്തി പ്രതിയോടൊപ്പമിരുത്തി. പിന്നീട് വീട്ടിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിൽ പിടിച്ചതായി കുട്ടി ചൈൽഡ് ലൈനിന്റെ കൗൺസിലിങിൽ പറഞ്ഞു. പീഡനത്തിനു ശേഷം വിവരം പുറത്തു പറയരുതെന്ന് പെൺകുട്ടിയോട് ഇയാൾ പറഞ്ഞിരുന്നു.

പെൺകുട്ടിയെ കുളിപ്പിക്കുന്നതിനിടെ ശരീരത്തിൽ രക്തം കണ്ട മാതാവ് കാര്യം തിരക്കിയപ്പോഴാണു വീട്ടുകാർ അറിഞ്ഞത്. സമപ്രായക്കാരുള്ള പ്രതിയുടെ വീട്ടുമുറ്റത്ത് പെൺകുട്ടി കളിക്കാൻ പോകാറുണ്ട്. മുറ്റത്തു കളിക്കുന്നതിനിടെ പ്രതി അകത്തേക്കു വിളിച്ചുകൊണ്ടുപോയി ഉപദ്രവിച്ചെന്നാണു പെൺകുട്ടി പൊലീസിലും മൊഴി നൽകിയിട്ടുള്ളത്. സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി അമ്മയോട് പറഞ്ഞു. എന്നാൽ കുട്ടി സംഭവം പറയാൻ തയ്യാറായിരുന്നില്ല. അമ്മ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കുട്ടി സംഭവങ്ങൾ വിവരിച്ചത്. നാട്ടിൽ മാന്യനും പ്രമുഖനുമായി നടന്ന ഈ വ്യക്തിയിൽ നിന്നും മകൾക്ക് പീഡനമേൽക്കേണ്ടി വന്നത് വീട്ടുകാർ ഞെട്ടലോടെയാണ് വിശ്വസിച്ചത്. വിവരം ഉടൻ ചൈൽഡ് ലൈനിൽ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസിലിംങിന് വിധേയമാക്കിയതോടെ പ്രതിയുടെ ലൈംഗിക വൈകൃതങ്ങൾ വ്യക്തമായി. തുടർന്ന് ചൈൽഡ് ലൈൻ കൊളത്തൂർ പൊലീസിൽ റിപ്പോർട്ട് നൽകി. പെൺകുട്ടിയുടെ വീട്ടുകാർ നിയമനടപടിക്കൊരുങ്ങുന്നതായി അറിഞ്ഞ പ്രതി കേസില്ലാതാക്കാൻ ചൈൽഡ് ലൈനിലും പൊലീസിലും സമ്മർദം ചെലുത്തിയിരുന്നു. കേസൊതുക്കി തീർക്കാനായി ഭാര്യയ്‌ക്കൊപ്പം ഇയാൾ വീട്ടിലെത്തി പണം കൊടുക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാർ പൊട്ടിത്തെറിച്ച് പണം വാങ്ങാതെ ഇറക്കിവിട്ടു. മാത്രമല്ല, പെൺകുട്ടിയുടെ വീട്ടുകാർ നിയമനടപടിയുമായി മുന്നോട്ടു പോയി. ചൈൽഡ് ലൈൻ റിപ്പോർട്ടിനു പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് പ്രതിക്കെതിരെ കേസെടുത്ത് പെരിന്തൽമണ്ണ സി.ഐ സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

അതേസമയം ഇരയായ കുട്ടിയുടെ വീട്ടുകാർക്ക് നാട്ടുകാരുടെയും രാഷ്ട്രീയപാർട്ടിക്കാരുടെയും പിന്തുണ ലഭിച്ചിട്ടില്ല. വീട്ടുകാരുടെ പരാതിപ്രകാരം പോക്‌സോ വകുപ്പ് ചേർത്ത് പ്രതിക്കെതിരേ ബാല പീഡനത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ ഉന്നതർ ഇടപെട്ട് അറസ്റ്റ് വൈകിപ്പിക്കാൻ സമ്മർദമുണ്ടെന്നാണ് വിവരം. ഇതിനിടെ വീട്ടുകാരുടെ മേൽ പരാതി പിൻവലിക്കാനുള്ള സമ്മർദവും ശക്തമായിട്ടുണ്ട്. അതേസമയം പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും സി.ഐ പറഞ്ഞു.