- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യസൽക്കാരത്തിൽ ബാലികയെ കൊണ്ട് ബീഫും അച്ചാറും വിളമ്പിച്ചതായി പിതാവിന്റെ പരാതി; ഫ്ളാറ്റ് അസോസിയേഷനിൽ പരാതിപ്പെട്ടപ്പോൾ നേരിട്ടത് അവഹേളനം; സംഭവത്തിൽ ബാലാവകാശ ലംഘനം നടന്നതായി ബാലസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്; എക്സൈസ് നിയമങ്ങളുടെ ലംഘനം നടന്നതായും കണ്ടെത്തൽ
കൊച്ചി: മദ്യസൽക്കാരത്തിൽ ബാലികയെക്കൊണ്ട് സ്നാക്സ് വിളമ്പിച്ചതായി പരാതി. ആലുവ മണപ്പുറത്തുള്ള ആൽത്തറ ജി.സിഡി.എ. റോഡിലെ ഫ്ളാറ്റിലെ താമസക്കാരനാണ് എക്സൈസ്, ശിശുക്ഷേമ മന്ത്രിമാർക്ക് പരാതി നൽകിയിട്ടുള്ളത്. 12 വയസ്സായ മകളെക്കൊണ്ട് മദ്യസൽക്കാരത്തിൽ ഭക്ഷണം വിളമ്പിച്ചതായ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണങ്ങൾ നടന്നത്. അന്വേഷണ റിപ്പോർട്ടുകൾ ബാലനീതി വകുപ്പിന് കൈമാറി.
2020 ഡിസംബർ 14ന് ഫ്ളാറ്റിലെ പെന്റ് ഹൗസ് ഉടമ ജലീൽ വേഴപ്പിള്ളിയുടെ മകൻ ആദിലിന്റെ വിവാഹ സൽക്കാരത്തോടനുബന്ധിച്ചാണ് ഫ്ളാറ്റിലെ റിക്രിയേഷൻ ഹാളിന്റെ മുകളിലെ ടെറസിൽ മദ്യ സൽക്കാരം നടന്നത്. വിവാഹ സൽക്കാരത്തിന് പരാതിക്കാരന്റെ കുടുംബം ഉൾപ്പെടെ ഫ്ളാറ്റിലെ എല്ലാ താമസക്കാരേയും വിളിച്ചിരുന്നു. അതിൽ പരാതിക്കാരന്റെ മകൾ മാതാവിനോടൊപ്പം പങ്കെടുത്തിരുന്നു.
വർഗ്ഗീസ് മേനാച്ചേരി, ഇ. എഫ്. ജോസഫ് എന്ന സന്തോഷ്, ജയകൃഷ്ണൻ, കൃഷ്ണകുമാർ, സുരേഷകുമാർ, എബി വർഗ്ഗീസ് എന്നിവർ സംഘം ചേർന്ന് ചടങ്ങിൽ മദ്യപിക്കുകയും ഇ. എഫ്. ജോസഫ് എന്ന സന്തോഷ് ടെറസിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മകളെക്കൊണ്ട് ആദ്യം ബീഫ്ഫ്രൈയും പിന്നീട് അച്ചാറും വിളമ്പിച്ചതായാണ് കുട്ടിയുടെ പിതാവിന്റെ പരാതി. ഇത് സാക്ഷിമൊഴികളുടെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതായി ബാല സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിൽ പേറയുന്നു. ഇതിൽ കുറ്റാരോപിതനായ വർഗ്ഗീസ് മേനാച്ചേരി ആലുവയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ മുൻ ഭാരവാഹികൂടിയാണ്.
പരാതിക്കാരനും അസ്സോസിയേഷനും ചില തർക്കങ്ങൾ ഉണ്ടെന്ന കുറ്റാരോപിതരുടെ വാദം തള്ളിയാണ് ബാലസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. അസ്സോസിയേഷനുമായുള്ള തർക്കവും ഈ പരാതിയും തമ്മിൽ ഒരു ബന്ധവുമില്ലായെന്നും ബാലസംരക്ഷണ വകുപ്പ് വിലയിരുത്തി. അസ്സോസിയേഷനുമായി ബന്ധപ്പെട്ട തർക്കം ഫ്ളാറ്റിലെ റിക്രിയേഷൻ ഹാളിൽ മദ്യം വിളമ്പാനുള്ള അസ്സോസിയേഷന്റെ വാർഷിക പൊതുയോഗ തീരുമാനത്തിനെതിരെയുള്ളതാണെന്നും ആ തീരുമാനം പരാതിക്കാരന്റെ നിയമ നടപടിമൂലം അസ്സോസിയേഷന് പിൻവലിക്കേണ്ടി വന്നതുമായ രേഖകൾ ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകുകയും അത് ബാലസംരക്ഷണ വകുപ്പ് ഗൗരവമായി പരിഗണിക്കുകയും ചെയ്തതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.
മാത്രവുമല്ല, സ്വന്തം മകൾക്കുണ്ടായ ദാരുണമായ സംഭവത്തിന് നിയമനടപടി സ്വീകരിച്ചതിന്റെ പേരിൽ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ രേഖകളും അന്വേഷണ ഏജൻസികൾക്ക് കൈമാറിയിരുന്നു. കുറ്റാരോപിതരിൽ ഒരാൾ കേരള പൊലീസിന്റെ ഓപ്പറേഷൻ കുബേരയിലെ പ്രതിയും, പണം പലിശയ്ക്ക് കൊടുത്ത് ഒരു കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിലെ കുറ്റാരോപിതനായതിന്റെ രേഖകളും ബാലസംരക്ഷണ വകുപ്പ് ഗൗരവമായി പരിഗണിച്ചിട്ടുണ്ട്.
അബ്കാരി നിയമങ്ങളുടെ ലംഘനം നടന്നതായി എക്സൈസ് റിപ്പോർട്ട് പറയുന്നുണ്ടെങ്കിലും റിപ്പോർട്ട് പൂർണ്ണമല്ല എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് മന്ത്രിക്ക് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആലുവ എക്സൈസ് സിഐ.ക്കെതിരെ വീണ്ടും പരാതി നൽകിയിരിക്കുകയാണ് കുട്ടിയുടെ പിതാവ്. പരാതിക്കാരനെ ഫ്ളാറ്റിന്റെ അസ്സോസിയേഷന്റെ വാട്സ്ആപ് ഗ്രൂപ്പിലൂടെ ട്രഷറർ ചിന്നമ്മ അവഹേളിച്ചുകൊണ്ട് ശബ്ദസന്ദേശം അയച്ചതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് പരാതിക്കാരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.