മലപ്പുറം: പത്ത് മാസം ചുമന്ന് നൊന്തുപെറ്റ കുഞ്ഞിനെ അമ്മ സ്വന്തം കൈകൾ കൊണ്ട് ഉപേക്ഷിക്കാൻ കൂടി തയ്യാറായപ്പോൾ ജന്മം നൽകിയ മാതാപിതാക്കൾ ആരെന്നറിയാതെ നിളയായി മാറാനായിരുന്നു അവളുടെ വിധി.. ശിശുക്ഷേമ സമിതിയുടെ അമ്മ തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട പെൺകുഞ്ഞിനെ ഇന്നലെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത്. കുഞ്ഞിനെ ഏറ്റെടുക്കാനെത്തിയപ്പോൾ അവൾക്ക് കരുതി വച്ച പേരായിരുന്നു നിള എന്നത്. ഭാരതപ്പുഴക്ക് പരിസരത്തായി അവൾ ഉപേക്ഷിക്കപ്പെട്ടപ്പോൾ നിളയെന്ന് പേരിടാൻ ശിശു ക്ഷേമ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ദൈനംദിനം ജന്മം നൽകിയവരാൽ ഉപേക്ഷിക്കപ്പെടുകയോ ജീവൻ നഷ്ടമാകുകയോ ചെയ്യുന്ന കുഞ്ഞുങ്ങളുടെ കണക്ക് നിരവധിയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ജനിച്ച് മൂന്നാം ദിവസം ഉപേക്ഷിക്കപ്പെട്ട നിള എന്ന പെൺകുഞ്ഞിന്റെ കഥ.

ശനിയാഴ്ച രാവിലെയായിരുന്നു മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പൊറ്റത്തപ്പടിയിലെ അമ്മതൊട്ടിലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിനെ ലഭിച്ചത്. ഉപേക്ഷിച്ചയാൾക്ക് മനസാക്ഷി നോവുണ്ടായതിനാലാകാം കുഞ്ഞിനോടൊപ്പം വിലപിടിപ്പുള്ള വസ്ത്രങ്ങളും പാൽകുപ്പിയുമെല്ലാം സമ്മാനിച്ച് കുഞ്ഞിനെ യാത്രയാക്കി കടന്നു കളഞ്ഞത്.

രാവിലെ ആറിനും ഏഴിനും ഇടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് അമ്മതൊട്ടിൽ സ്ഥിതിചെയ്യുന്ന വീട്ടുടമ പറഞ്ഞു. രാവിലെ ആറിന് വീട്ടു ജോലിക്കാർ അമ്മതൊട്ടിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടിരുന്നില്ല. ഏഴിന് വീണ്ടും വൃത്തിയാക്കാനായി എത്തിയപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. കുഞ്ഞിന്റെ ദേഹത്ത് ചെറിയ മുറിപാടുകളും കണ്ടെത്തിയിരുന്നു. വസ്ത്രങ്ങളടങ്ങിയ ബാഗ് കുഞ്ഞിന് സമ്മാനിച്ചായിരുന്നു ഉപേക്ഷിച്ചയാൾ സ്ഥലം വിട്ടത്. ബെഡ്ഷീറ്റുകൾ, രണ്ട് ജോഡി വസ്ത്രം, സോപ്പ്, പാൽകുപ്പി എന്നീ സാധനങ്ങളായിരുന്നു ബാഗിലുണ്ടായിരുന്നതെന്നും വീട്ടുടമ ഡോക്ടർ കുമാരി സുകുമാരൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

ഡോക്ടർ കുമാരി, പി. സുകുമാരൻ ദമ്പതികൾ 2006ലായിരുന്നു പൊറ്റത്തപടിയിലെ വീട്ടിനു മുന്നിൽ അമ്മതൊട്ടിൽ സ്ഥാപിച്ചത്. എട്ട് വർഷത്തിനിടയിൽ പത്താമത്തെ കുഞ്ഞിനെയാണ് ശനിയാഴ്ച ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഏഴ് ആൺകുഞ്ഞുങ്ങളെയും മൂന്ന് പെൺകുഞ്ഞുങ്ങളെയുമാണ് ഇതുവരെ ഇവിടെ നിന്നും ലഭിച്ചത്.

അമ്മതൊട്ടിലിൽ നിന്നും കുഞ്ഞിനെ ലഭിച്ചയുടനെ വിവരമറിയിച്ചതിനെ തുർന്ന് ജുവനൈൽ പൊലീസ് തലവൻ തീരൂർ സി.ഐ മുഹമ്മദ് ഹനീഫയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിക്കുകയായിരുന്നു. മൂന്ന് ദിവസം ആശുപത്രിയിലെ നേഴ്‌സുമാരുടെ പരിചരണത്തിൽ കുഞ്ഞ് കഴിഞ്ഞ ശേഷം ഇന്നലെ ശിശുക്ഷേമ ജുവനൈൽ ജസ്റ്റിസ് സമിതി ചെയർമാൻ അഡ്വ. ഷരീഫ് ഉള്ളത്തിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ആശുപത്രി അധികൃതർ കൈമാറുകയായിരുന്നു.

കൂടിനിന്നവരുടെ കണ്ണുകൾ നനയുന്നുണ്ടായിരുന്നു, രണ്ട് ദിവസം പരിചരിച്ച അടുപ്പമേ ഉള്ളൂ നേഴ്‌സുമാർക്ക് പക്ഷെ അവർക്ക് കുഞ്ഞിനെ കൈമാറാൻ മനസുവന്നില്ല. ജില്ലാ ആശുപത്രിയിലെ ശിശുരോഗ ഡോക്ടർ ബൈജു കുഞ്ഞിനെ കൈമാറുമ്പോൾ കൈകൾ അറിയാതെ വിറക്കുന്നുണ്ടായിരുന്നു. ഈ കാഴ്ചകളെല്ലാം ദൂരെ എവിടെയോ നിന്ന് തന്നെ ഉപേക്ഷിച്ചവർ കാണുന്നുണ്ടാകുമോ എന്നറിയാതെ അവൾക്ക് സമ്മാനിച്ച പുത്തനുടുപ്പും ധരിച്ച് ജില്ലാ ശിശു പരിപാലന കേന്ദ്രിലേക്ക് സുബദ്രാമ്മയോടൊപ്പം നിള യാത്രയായി.

രണ്ട് മാസക്കാലം ഇനി മലപ്പുറം കോഡൂരിലെ ശിശു പരിപാലനകേന്ദ്രത്തിലായിരിക്കും താമസിപ്പിക്കുക. ഇതിനോടകം കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനായി പൊലീസ് സ്വമേതയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി മതാപിതാക്കളെ കണ്ടെത്തെണം. ശേഷം ഇവർക്ക് ശിശു ക്ഷേമ സമിതി പ്രത്യേക കൗൺസിലിംങ് നൽകി കുട്ടിയെ തിരിച്ചുനൽകാൻ വഴിയൊരുക്കും. രണ്ട് മാസത്തിനകം ഇത് നടന്നില്ലെങ്കിൽ നിയമാനുസൃതം കുട്ടിയെ ദത്ത് നൽകുന്നതിനുള്ള സിറ്റിംങ് ശിശു ക്ഷേമ ബോർഡ് വിളിച്ചു ചേർക്കും. നിലവിൽ മലപ്പുറം ജില്ലയിൽ മാത്രം കുഞ്ഞുങ്ങളെ ദത്തെടുക്കാനായി അറുപതിലേറെ പേർ അപേക്ഷകൾ നൽകി കാത്തിരിക്കുകയാണെന്ന് ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ.ഷരീഫ് ഉള്ളത്തിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഈ വർഷം മറ്റുജില്ലകളിൽ നിന്നുൾപ്പടെയുള്ള 15 കുഞ്ഞുങ്ങളെയാണ് സമിതിക്ക് ലഭിച്ചത്. ഇതിൽ പതിമൂന്ന് കുഞ്ഞുങ്ങളെയും അമ്മമാർ നേരിട്ട് എത്തി സമ്മത പത്രം ഒപ്പിട്ട് ഉപേക്ഷിക്കാൻ തയ്യാറാവുകയാണ് ചെയ്തത്. തിരൂരിൽ നിന്നും ലഭിച്ചതുൾപ്പടെ രണ്ടു കുഞ്ഞുങ്ങളെയാണ് അമ്മതൊട്ടിലുകളിൽ ഉപേക്ഷിച്ചതായും കണ്ടെത്തിയതെന്ന്. ഇത്തരത്തിൽ കുഞ്ഞുങ്ങളെ ചവറ്റു കൂനയിലും അമ്മതൊട്ടിലുകളിലും ഉപേക്ഷിക്കാതെ നേരിട്ടെത്തി നിയമാനുസൃതം ഉപേക്ഷിക്കാനുള്ള അവസരങ്ങൾ ഇപ്പോഴുണ്ടെന്നും ഇത് കുട്ടിയുടെ ജീവിക്കാനുള്ള അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ എത്തുന്ന വിവരങ്ങൾ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു.സംഘത്തിൽ ശിശുക്ഷേമ സമിതി അംഗങ്ങളായ എം.മണികണ്ഠൻ, അഡ്വ.ഹാരിസ് പഞ്ചലി, ജില്ലാ പ്രൊട്ടക്ഷൻ ഓഫീർ സമീർ മച്ചിങ്ങൽ എന്നിവരുണ്ടായിരുന്നു.