ചെറിയൊരു പനി വന്നാൽ പോലും കുട്ടികൾക്ക് പാരസെറ്റാമോളോ ഇബുപ്രോഫെനോ കൊടുക്കുന്ന ആളാണോ നിങ്ങൾ? എന്നാൽ അതത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യവിഗദ്ധർ മുന്നറിയിപ്പ് നൽകുന്നത്. ചെറിയൊരു ഊഷ്മാവുണ്ടായാൽ പോലും കുട്ടികൾക്ക് ഈ വക മരുന്നുകൾ നൽകുന്നതിനാണ് രക്ഷിതാക്കൾ താൽപര്യപ്പെടുന്നത്. ഇതിനെ ഫീവർ ഫോബിയ എന്ന് വിളിക്കാമെന്നാണ് അമേരിക്കയിലെ ഒരു സംഘം ശിശുരോഗവിഗദ്ധർ പറയുന്നത്. ഇത്തരം മരുന്നുകൾ കൊടുക്കുന്നതിലൂടെ കുട്ടികളിൽ യാദൃശ്ചികമായി ഓവർഡോസ് മരുന്നുകൾ എത്താൻ സാധ്യതയുണ്ടെന്നും അത് അപകടം വരുത്തി വയ്ക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. 

പകുതിയിലധികം മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഡോസിൽ കവിഞ്ഞ മരുന്ന് നൽകുന്നുണ്ടെന്നാണ് ഈ ഡോക്ടർമാർ നടത്തിയ ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഉയർന്ന ഊഷ്മാവിലൂടെ ശരീരം ഇൻഫെക്ഷനെതിരെ പോരാടുകയാണെന്നും ഇതിനെ മരുന്ന് കഴിച്ച് ഇല്ലാതാക്കുന്നതിലൂടെ കുട്ടികളുടെ രോഗാവസ്ഥയെ നീട്ടുകയാണ് രക്ഷിതാക്കൾ ചെയ്യുന്നതെന്നുമാണ് ദി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഉപദേശിക്കുന്നത്. എന്തിനേറെ പറയുന്നു കുടുംബഡോക്ടർമാർ പോലും ഇത്തരം ശക്തിയേറിയ മരുന്നുകൾ കുട്ടികൾക്ക് നൽകാനാണ് രക്ഷിതാക്കളെ ഉപദേശിക്കുന്നതെന്നും ഇത്തരം മരുന്നുകളെ പൊതുവായി ആന്റി പൈറെറ്റിക്‌സ് എന്ന് വിളിക്കാമെന്നും ഇവർ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

പനിക്കുന്ന കുട്ടികളെയും കൊണ്ട് വരുന്ന രക്ഷിതാക്കളോട് ജിപിമാരും പാരസെറ്റമോളിന്റെയും ഇബുപ്രോഫെന്റെയും വ്യത്യസ്ത ഡോസുകൾ നൽകാനാണ് ആവശ്യപ്പെടുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഓരോ കുട്ടിയിലെയും പനിയുടെ സ്വഭാവത്തിനനുസരിച്ചായിരിക്കണം മരുന്നുകൾ ഉപയോഗിക്കുന്നതെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് ക്ലിനിക്കൽ എക്‌സലൻസ് (നൈസ്) നിർദേശിക്കുന്നത്. ഒരു പനി വന്നാൽ പ്രസ്തുത രണ്ട് മരുന്നുകളും കുട്ടികൾക്ക് സ്ഥിരമായി നൽകരുതെന്നും നൈസ് നിർദേശിക്കുന്നു. പാരസെറ്റമോളും ഇബുപ്രോഫെനും ഓരോ

വയസ്സിലുമുള്ള കുട്ടികൾക്ക് വ്യത്യസ്ത ഡോസുകളിൽ നൽകണമെന്ന് നിർദേശമുണ്ട്. എന്നാൽ മാതാപിതാക്കൾ ഇവ നൽകുമ്പോൾ ഇവ കൃത്യമായിരിക്കണമെന്നില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾക്ക് 24 മണിക്കൂറിനിടെ ശരിയായ അളവിലുള്ള നാല് ഡോസ് പാരസെറ്റമോളും ഇബുപ്രോഫെനും മാത്രമെ നൽകാൻ പാടുള്ളുവെന്ന് ബ്രിട്ടീഷ് നാഷണൽ ഫോർമുലറി മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് മരുന്നുകൾക്കും പാർശ്വഫലങ്ങളുണ്ടെന്നും ഇത് കാരണമുണ്ടാകുന്ന ആപത് സാധ്യത ഗൗരവമായെടുക്കണമെന്നുമാണ് ദി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് അതിന്റെ മാർഗനിർദേശത്തിൽ പറയുന്നത്.