പാലക്കാട്: എൻഡോസൾഫാൻ രോഗബാധയെന്ന് കേട്ടാൽ ആരും ആദ്യം വിരൽ ചൂണ്ടുക വടക്ക് കാസർകോട്ടേക്കായിരിക്കും. എന്നാൽ അതിനോടൊപ്പം തന്നെ ചേർത്ത് വായിക്കാവുന്ന പേര് തന്നെയാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടെ മുതലമടയും സമീപ പഞ്ചായത്തുകളും.മുതലമടയിലും പരിസരത്തെ 9 പഞ്ചായത്തുകളിലുമായി ഏതാണ്ട് 300ൽ അധികം എൻഡോസൾഫാൻ രോഗബാധിതരുണ്ടെന്നാണ് ഞെട്ടിക്കുന്ന വിവരം. ഇതിൽ 90% ലധികം കുട്ടികളും. വലിയ മാദ്ധ്യമശ്രദ്ധ ലഭിക്കാത്ത ഇവിടെ എൻഡോസൾഫാൻ എന്ന മാരകകീടനാശിനി പ്രയോഗിച്ചത് മൂലം അപൂർവ്വരോഗം ബാധിച്ചവരിൽ ചിലർ മരിച്ചതും ചെറിയ വാർത്തയിലൊതുങ്ങി.

കാസർകോട് കശുമാവിൻ തോട്ടങ്ങളിൽ ഭീകരമാംവിധം ഹെലികോപ്റ്റർ ഉപയോഗിച്ചാണ് വിഷമഴപെയ്യിച്ചതെങ്കിൽ ഇവിടെയും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. പ്രസിദ്ധമായ മുതലമടയിലെ മാന്തോപ്പുകളിൽ വലിയടാങ്കിൽ നിന്ന് നീളൻ പൈപ്പ് വച്ചാണ് എൻഡോസൾഫാൻ തെളിക്കുന്നത്. വിവാദവും എൻഡോസൾഫാൻ നിരോധനവും എല്ലാം ആയതിന് ശേഷവും നിർബാധം കീടനാശിനിയുടെ ഉപയോഗം തുടരുന്നുണ്ടെന്ന് എൻഡോസൾഫാൻ വിരുദ്ധസമിതി പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. മുതലമടയിൽ നിന്ന് ഏതാണ്ട് 15 കിലോമീറ്റർ മാത്രം അകലെയുള്ള തമിഴ്‌നാട് അതിർത്തിയിൽ നിന്ന് എൻഡോസൾഫാൻ ലഭിക്കുന്നുണ്ടെന്ന് ചിറ്റൂർ താലൂക്ക് എൻഡോസൾഫാൻ വിരുദ്ധസമിതി നേതാവ് അറുമുഖൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ വേണ്ടത്ര ജാഗ്രത പുലർത്താൻ ഭരണകൂടത്തിനോ, ജനപ്രതിനിധികൾക്കോ സാധിച്ചിട്ടില്ലെന്ന് ജനകീയ സമരസമിതി പ്രവർത്തകർ ആരോപിക്കുന്നു. 15 വർഷങ്ങൾക്ക് മുൻപ് എൻഡോസൾഫാൻ വിരുദ്ധപ്രവർത്തകർ കവലകൾ തോറും വിളിച്ച് പറഞ്ഞ് നടന്നത് സത്യമാണെന്ന് ബോധ്യപ്പെടാൻ രാഷ്ട്രീയപാർട്ടികൾക്ക് വർഷങ്ങൾ വേണ്ടിവന്നു.

എൻഡോസൾഫാൻ വിരുദ്ധപ്രവർത്തകരുടെ നിരന്തരപോരാട്ടത്തിന്റെ ഫലമായാണ് പേരിനാണെങ്കിലും സർക്കാർ സംവിധാനങ്ങൾ പ്രശ്‌നത്തിൽ ഇടപെട്ടുതുടങ്ങിയത്. മേൽ ഓഫീസുകളിൽ വരുന്ന നിർദ്ദേശങ്ങളിൽ ആരോഗ്യവകുപ്പ് ഇരകളെ ഇപ്പോഴും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ പ്രവർത്തകരായ അറുമുഖനും, മാരിയപ്പനും, ദേവനുമെല്ലാം തുടർച്ചയായ ഇടപെടലുകളാണ് ഈ വിഷയത്തിൽ നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും ജില്ലാ ഭരണകൂടം ഉടക്ക് തുടരുകയാണ്. മെഡിക്കൽ ക്യാമ്പ് നടത്തി എൻഡോസൾഫാൻ ഇരകളെ കണ്ടെത്താൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇതും കടലാസിൽ ഒതുക്കാനായിരുന്നു ജില്ലാ ആരോഗ്യവിഭാഗത്തിന്റെ ശ്രമം. അരദിവസം വീതമുള്ള രണ്ട് ക്യാമ്പുകൾ മാത്രം നടത്തി പ്രശ്‌നത്തിൽ നിന്ന് തടിയൂരാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം പക്ഷെ എൻഡോസൾഫാൻ വിരുദ്ധസമിതിയുടെ സമർത്ഥമായ ഇടപെടൽ മൂലം പൊളിയുകയായിരുന്നു.

വ്യാപകമായ പരാതികളും പ്രതിഷേധങ്ങളും ഉയർന്നുവന്നതിനെ തുടർന്ന് മുതലമടയുൾപ്പെടെയുള്ള 9 പഞ്ചായത്തുകളിൽ മെഡിക്കൽ ക്യാമ്പ് നടത്താൻ ജില്ലാകലക്ടർ നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മുതലമടയിൽ കഴിഞ്ഞദിവസം നടന്ന പ്രാഥമികപരിശോധനാ ക്യാമ്പിൽ പങ്കെടുത്ത 78 പേരിൽ 28 പേർക്കും എൻഡോസൾഫാൻ മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തുടർപരിശോധനകൾക്ക് ശേഷം മാത്രമേ രോഗബാധ സ്ഥിരീകരിക്കാൻ കഴിയൂവെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. ഇനി 8 ക്യാമ്പുകൾ കൂടി നടക്കാനുണ്ട്. മുതലമടയിൽ നടന്ന മെഡിക്കൽ ക്യാമ്പിന് വേണ്ടത്ര പ്രചരണം കൊടുക്കാൻ ആരോഗ്യവകുപ്പോ പഞ്ചായത്ത് അധികൃതരോ തയ്യാറായില്ല എന്നും ആരോപണമുണ്ട്. ഒരു ജനപ്രതിനിധിപോലും ക്യാമ്പ് നടക്കുന്നിടത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.

ബഗ്ലാമേട്ടിലെ ശരണ്യയും സഞ്ജുവും
വശ്യമായ സൗന്ദര്യത്തിനിടയിൽ തന്റെ രാക്ഷസരൂപം ഒളിച്ചുവച്ച താടകയെപ്പോലെ അതീവ മനോഹരമാണ് മുതലമടയും പരിസരപ്രദേശങ്ങളും എങ്ങും പനങ്കൂട്ടങ്ങളും, നെല്പാടങ്ങളും, അവിടെ പണിയെടുക്കുന്ന തൊഴിലാളികളും... മനസ്സിൽ പതിയുന്ന പാലക്കാടൻ ഗ്രാമീണക്കാഴ്ചകൾ കൊണ്ട് സമ്പന്നമാണിവിടം. തീത്തും നാട്ടിൻപുറം എന്നുവിളിക്കാവുന്ന ബംഗ്ലാമേട് മുതലമട-കൊല്ലങ്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ്. ഇവിടെയാണ് കൂലിപ്പണിക്കാരനായ ചന്ദ്രന്റെയും കുടുംബത്തിന്റെയും താമസം. ഓടിട്ട ചെറിയ വീട്ടിലേക്ക് നടക്കുമ്പോൾ വരമ്പിനിരുവശവും ജമന്തിപ്പൂക്കൾ വിരിഞ്ഞ് നിറംപൊഴിച്ച് നിൽക്കുന്നുണ്ടായിരുന്നു. മുറ്റത്തേക്ക് കയറുമ്പോൾ വരാന്തയിൽ കാത്തിരുന്നത് എൻഡോസൾഫാൻ നിറംകെടുത്തിക്കളഞ്ഞ ഒരു ജീവനായിരുന്നു. കാസർഗോഡ് എൻഡോസൾഫാൻ ബാധിതരിൽ കണ്ടുവരന്നത്‌പോലെ അമിതമായി വളർന്ന തലയും, തീരെ ശേഷിയില്ലാത്ത കാലുകളുമായി ജീവിതം തള്ളി നീക്കുന്ന ശരണ്യ. ഉച്ചമയക്കത്തിന് തടസ്സമുണ്ടാക്കിയ കോഴികളെപ്പറ്റി അമ്മയോട് പരാതി പറയുകയായിരുന്നു അവൾ. വീട്ടിനകത്തേക്ക് കയറി ചന്ദ്രനോട് സംസാരിച്ചിരിക്കവെയാണ് സഞ്ജുവിനെ കണ്ടത്. ശരണ്യയുടെ പേര് മാത്രമെ എൻഡോസൾഫാൻ രോഗബാധിതരുടെ കൂട്ടത്തിൽ ഞങ്ങൾ പറഞ്ഞുകേട്ടിരുന്നുള്ളൂ. എന്നാൽ എന്നാൽ സഞ്ജുവിനെക്കുറിച്ച് അറിഞ്ഞപ്പോഴാണ് യഥാർത്ഥ സ്ഥിതി ബോധ്യമായത്. സഞ്ജുവിന്റെ അവസ്ഥയും ഏതാണ്ട് ശരണ്യയെപ്പോലെ തന്നെ നടക്കാനാവും എന്നുമാത്രം.

ചന്ദ്രൻ-രുഗ്മിണി ദമ്പതികളുടെ നാല് മക്കളിൽ രണ്ടുപേരും എൻഡോസൾഫാൻ രോഗബാധമൂലം നരകിക്കുകയാണ്. മുതലമടയിലെ മാന്തോപ്പുകൾക്ക് സമീപമായിരുന്നു ചന്ദ്രന്റെ തറവാട്. ഭാര്യ രുഗ്മിണിയും ജനിച്ച് വളർന്നത് എൻഡോസൾഫാൻ ബാധിത മേഖലയിൽ തന്നെ. വിവാഹത്തിന് ശേഷം ഏതാണ്ട് ഒരു വർഷത്തിലധികം ചന്ദ്രൻ കാസർഗോഡും ജോലിക്ക് പോയിട്ടുണ്ട്. എൻഡോസൾഫാൻഎന്താണെന്നോ അതിന്റെ ദുരന്തചിത്രം എന്താണെന്നോ അറിയാത്ത അക്കാലത്ത് ഇപ്പോൽ ദുരിതം പേറുന്ന പ്രദേശങ്ങളിലെല്ലാം താൻ സിമന്റ് പണിക്കായി പോയിട്ടുണ്ടാകാമെന്ന് ചന്ദ്രൻ സമ്മതിക്കുന്നു. ചന്ദ്രന്റെ മൂത്തമകനായ സഞ്ജുവിന് ഇപ്പോൾ 16 വയസ്സുണ്ടെങ്കിലും എട്ടോ ഒൻപതോ വയസ്സിൽ കൂടുതൽ തോന്നില്ല. വേണ്ടത്ര ശാരീരികവളർച്ചയില്ലാത്ത സഞ്ജു കടുത്ത ഹെപ്പറ്റൈറ്റിസ് രോഗികൂടിയാണ്. ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ദിവസങ്ങൾ ആയിട്ടേയുള്ളൂ അതിന്റെ ക്ഷീണവും കൂടി ആ മുഖത്ത് കാണാം. ഇടയ്ക്കിടെ കൈകാലുകളിൽ കനത്തവേദയുണ്ടാകുമ്പോൾ കരയും എന്നല്ലാതെ സഞ്ജു അത് പറയാറില്ലെന്ന് അമ്മ രുഗ്മിണി പറയുന്നു. ചെറുപ്പം മുതൽ സംസാരശേഷിയില്ലാതിരുന്ന സഞ്ജു ശസ്ത്രക്രിയക്ക് ശേഷമാണ് ചെറിയ തോതിലെങ്കിലും സംസാരിച്ച് തുടങ്ങിയത്. അദ്ധ്യാപകരുടെയും സഹപാഠികളുടെയും സഹായം കൊണ്ടാണ് സഞ്ജു മുന്നോട്ട് പോകുന്നത്.

11 കാരിയായ ശരണ്യയുടെ സ്ഥിതി കൂടുതൽ ദയനീയമാണ്. ഈ ദുരവസ്ഥക്ക് കാരണം എൻഡോസൾഫാൻ എന്ന മാരകവിഷമാണെന്ന് പരിശോധനകളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് എൻഡോസാൾഫാൻ വിരുദ്ധ പ്രവർത്തകൻ ദേവൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ശരണ്യയുടെ പ്രാഥമികകാര്യങ്ങൾ സാധിക്കണെമെങ്കിൽ പോലും അമ്മയുടെ സഹായം കൂടിയേ തീരൂ. സ്ഥിതി ഇങ്ങനെയാണെന്നിരിക്കെ സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ ഭാഗത്തുനിന്ന് കാര്യമായ സഹായമൊന്നും ഉണ്ടായിട്ടില്ലെന്ന് ചന്ദ്രൻ പറയുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസത്തിലധികം പണിക്കുപോവാൻ സാധിക്കാത്ത ചന്ദ്രന്റെ റേഷൻ കാർഡ് ഇത്രയും കാലം പഞ്ചായത്തിന്റെ കണക്കിൽ 'ദാരിദ്ര്യ'രേഖക്ക് മുകളിലായിരുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ജനപ്രതിനിധികളും ഭരണകൂടവും എൻഡോസൾഫാൻ ഇരകളോട് സ്വീകരിക്കുന്ന ക്രൂരവും നിന്ദ്യവുമായ സമീപനത്തിന് ഉത്തമോദാഹരണമാണ് ചന്ദ്രനും കുടുംബവും. ഈയടുത്ത കാലത്ത് മാത്രമാണ് ചന്ദ്രനെ ബി പി എൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

ഇത് ചന്ദ്രന്റെ കുടുംബത്തിന്റെ മാത്രം കഥയല്ല. മുതലമടയിലും പരിസരത്തും ജീവിക്കുന്ന, ജനിക്കാനിരിക്കുന്ന ഒരുപാട് പേരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്. അടുത്തപ്രദേശങ്ങളിൽ തന്നെയുള്ള സ്‌നേഹയും, ശക്തിവേലുമെല്ലാം സമാനമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരാണ്. മാനസിക-ശാരീരിക വൈകല്യമാണ് സ്‌നേഹയുടെ പ്രശ്‌നമെങ്കിൽ തൊലി പൊട്ടിപ്പൊളിയുന്ന അപൂർവ്വരോഗമാണ് ശക്തിവേലിന് എൻഡോസൾഫാൻ നൽകിയത്. സാക്ഷരത തീരെകുറഞ്ഞ ആദിവാസി മേഖലയായതിനാൽ എൻഡോസൾഫാൻ പെയ്യുന്ന തോട്ടങ്ങളുമായുള്ള സമ്പർക്കവും, മാങ്ങയുടെ ഉപയോഗവും വളരെയധികമാണെന്നും, ഇതാണ് ശക്തിവേലിനെ രോഗിയാക്കിയതെന്നും സമരസമിതി പ്രവർത്തർ പറയുന്നു. സർക്കാർ സഹായം കിട്ടാക്കനിയായ ഇവിറ്റെ എപ്പോഴെങ്കിലുമെത്തുന്ന സുമനസ്സുകളുടെ കരുണമാത്രമാണ് ഇവർക്ക് ആശയം. പുളിയന്തോട് എന്ന സ്ഥലത്ത് രോഗം ബാധിച്ച് മരിച്ച കൃഷ്ണപ്രിയയെന്ന 7 വയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച 50000 രൂപയാണ് ഈ മേഖലയിൽ ലഭിച്ച ഏക സർക്കാർ സഹായം.

ഗർഭം അലസിപ്പിക്കുന്ന സ്ത്രീകൾ
ഇപ്പോൾ ഇവിടുത്തുകാർ പലരും തിരിച്ചറിഞ്ഞുതുടങ്ങി വിവാഹശേഷം കുഞ്ഞുങ്ങൾ വേണ്ടെന്നുവെക്കുന്നതാണ് കൂടുതൽ നല്ലതെന്ന്. കേരളത്തിലെ ആശുപത്രികളിൽ നിലനില്ക്കുന്ന കടുത്ത വ്യവസ്ഥകളെ മറികടക്കാനായി ഏതാനും കിലോമീറ്റർ മാത്രം അകലെ തമിഴ്‌നാട്ടിലെ ആശുപത്രികളിലാണ് വേദനകടിച്ചമർത്തി ഇനിയൊരു ദുരന്തം വേണ്ടെന്നുവെയ്ക്കുന്നത്.

സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ക്രിയാത്മകമായ ഇടപെടലുകൾ അനിവാര്യമാണെന്നതാണ് ഈ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ദേവനുമൊന്നിച്ച് തിരികെ നടക്കുമ്പോൾ സുഹൃത്തിന്റെ ഫോൺ ശബ്ദിച്ചു ''ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ, മലിനമായ ജലാശയം അതിമലിനമാമൊരു ഭൂമിയും.'' അറംപറ്റിയ റിങ്‌ടോൺ എവിടെയൊ തറഞ്ഞതുപോലെ...
അതെ മനുഷ്യരാശിയെതന്നെ കാർന്നുതിന്നേക്കാവുന്ന എൻഡോസൾഫാൻ അടക്കമുള്ളവ ഇപ്പോഴും മുതലമടയിൽ വിഷമഴയായി പെയ്യുന്നുണ്ട്. നാമമാത്രമായ ചെറുത്തുനില്പുകൾക്കപ്പുറത്തേക്കുള്ള രാഷ്ട്രീയ ഐക്യമാണ് മുതലമടയ്ക്ക് ആവശ്യം. ശരണ്യയുടെയും, സ്‌നേഹയെയും, ശക്തിവേലിനേയും പോലെ നൂറുകണക്കിനുപേർ ഈ തോട്ടംമേഖലയ്ക്ക് ചുറ്റും മരിച്ച് ജീവിക്കുന്നുണ്ട്. ഇനിയും ഏറെ ജീവിതങ്ങൾ വൈകല്യവുമായി പിറന്നുവീഴാതിരിക്കാൻ നിലനിൽപ്പിനായുള്ള സമരം തുടങ്ങാൻ വൈകിക്കൂടാ..