- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടനില്ല; വാക്സിനേഷൻ ആരംഭിക്കുക മുതിർന്നവരുടേത് പൂർത്തിയായതിന് ശേഷമെന്ന് റിപ്പോർട്ട്; മാർഗ്ഗരേഖ അടുത്തമാസം പുറത്തിറക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗ സാധ്യതകൾ നിലനിൽക്കെ കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിക്കില്ലെന്ന് റിപ്പോർട്ട്. മൂന്നാംഘട്ടത്തിൽ കുട്ടികളെ രോഗം ബാധിക്കുമെന്നാണ് സൂചനകൾ.എങ്കിലും നിലവിൽ ശേഷിക്കുന്ന മുതിർന്നവരുടെ വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷമാവും കുട്ടികളുടെത് ആരംഭിക്കുക.ഇത് സംബന്ധിച്ച മാർഗ്ഗരേഖ അടുത്തമാസം കേന്ദ്രം പുറത്തിറക്കും.മുതിർന്നവർക്കുള്ള വാക്സിനേഷൻ പൂർത്തിയാക്കിയതിനുശേഷം മാത്രമേ കൗമാരക്കാർക്കും കുട്ടികൾക്കും സാർവത്രികമായി വാക്സിനേഷൻ ലഭ്യമാകൂ. സൈക്കോവ് ഡി വാക്സിൻ ഒക്ടോബറിൽ ആവശ്യത്തിന് ഡോസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഗുരുതര രോഗങ്ങളുള്ളവർ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർക്കാകും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. 12 മുതൽ 17 വരെ പ്രായമുള്ളവർക്കായുള്ള സൈഡസ് കാഡില്ലയുടെ സൈക്കോവ് ഡി വാക്സിനാണ് കേന്ദ്ര ഡ്രഗ്സ് റെഗുലേറ്റർ അനുമതി നൽകിയത്.ഈ മാസം അവസാനത്തോടെയോ, അല്ലെങ്കിൽ അടുത്ത മാസം ആദ്യമോ കുട്ടികൾക്കുള്ള കോവാക്സിന്റെ വാക്സിനും അംഗീകാരം കിട്ടിയേക്കുമെന്ന് ഇമ്യൂണൈസേഷൻ ദേശീയ സാങ്കേതിക ഉപദേശക സമിതി ചെയർമാൻ എൻ കെ അറോറ പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ രണ്ടു മുതൽ 17 വരെ പ്രായമുള്ളവർക്ക് ഉപയാഗിക്കാൻ കഴിയുന്നതാണ്.
മുതിർന്നവർക്കുള്ള വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം മാർച്ച് ഏപ്രിൽ മാസത്തിൽ അവസാനിച്ചതിന് പിന്നാലെ, ഭാരത് ബയോടെക് കുട്ടികൾക്കുള്ള വാക്സിന്റെ പരീക്ഷണം ആരംഭിക്കുകയായിരുന്നു. ഗുരുതരമായ രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ എല്ലാ മുതിർന്നവർക്കും പരിരക്ഷ ഉറപ്പാക്കിയശേഷം കുട്ടികൾക്ക് സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്ക് മുൻഗണന നൽകുമെന്നും അറോറ പറഞ്ഞു.
കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സെപ്റ്റംബർ അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ തിടുക്കപ്പെടേണ്ടതില്ലെന്നാണ് വാക്സിൻ സ്പെഷ്യലിസ്റ്റ് ചന്ദ്രകാന്ത് ലാഹരിയ അഭിപ്രായപ്പെട്ടത്.
കുട്ടികളിൽ കോവിഡ് മൂലമുള്ള ഗുരുതരമായ രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. ലഭ്യമായ വാക്സിനുകളൊന്നും പകർച്ചവ്യാധി തടയാൻ പ്രാപ്തമല്ല. ട്രാൻസ്മിഷൻ തടയുന്നതിൽ ഫലപ്രദമായ വാക്സിനുകൾ ഉള്ളപ്പോൾ മാത്രമേ അവരുടെ വാക്സിനേഷൻ പരിഗണിക്കാവൂ എന്നും ലാഹരിയ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ