മിസിസൗഗ: മിസിസൗഗ കേരള അസോസിയേഷൻ ശിശുദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. നവംബർ ഒമ്പതിനു (ഞായർ) ഉച്ചകഴിഞ്ഞ് ഒന്നിനു ഈഡൻ റോസ് പബ്ലിക് സ്‌കൂളിൽ നടന്ന മൽസരം പ്രൊവിൻഷ്യൽ പാർലമെന്റംഗം ഹരീന്ദർ മാൽഹി ഉദ്ഘാടനം ചെയ്തു. ഇന്തോ-കാനഡ ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ കൻവർ ധൻജാൽ പങ്കെടുത്തു. വിവിധ പ്രായ പരിധിയിൽപെട്ട കുട്ടികൾ ചിത്ര രചനാ മത്സരത്തിലും പ്രച്ഛന്ന വേഷ മത്സരത്തിലും പങ്കെടുത്തു.

സബ് ജൂണിയർ വിഭാഗത്തിൽ ഭദ്ര മേനോൻ, ജെൻ നോബിൾ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ടാനിയ ജോസഫിനു പ്രോൽസാഹന സമ്മാനവും ലഭിച്ചു. ജൂണിയർ വിഭാഗത്തിൽ ആദി ശങ്കർ, ആദിത്യ കണ്ടൻചാത്ത എന്നിവരും സീനിയർ വിഭാഗത്തിൽ ഗംഗ കണ്ടൻചാത്ത, ആദർശ് രാധാകൃഷ്ണൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി.

ഫാമിലി, മൈ സ്‌കൂൾ ആൻഡ് മൈ ഫ്രണ്ട്‌സ്, ഓട്ടം ഓർ ഫോൾ സീസൺ ഇൻ കാനഡ, അവർ കൾച്ചറലി ഡൈവേഴ്‌സ് കൺട്രി കാനഡ എന്നീ നാലു വിഷയങ്ങളിൽ നടത്തിയ ചിത്ര രചനാ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. വിജയികളെ പിന്നീട് പ്രഖ്യാപിക്കും.

മൽസരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ എംകെഎ പ്രസിഡന്റ് പ്രസാദ് നായർ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് മേജോ വർഗീസ്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ജെറി ഈപ്പൻ, റോസ് ജോൺസൺ എന്നിവർ പ്രസംഗിച്ചു. പ്രശാന്ത് പൈ, സണ്ണി വാലംപറമ്പിൽ, തോമസ് ചാക്കോ, ജോൺ തച്ചിൽ, അശോക് പിള്ള, നിഷ ഭക്തൻ, ജോർജ് വർഗീസ്, ജോളി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജയ്ശങ്കർ പിള്ള