സ്റ്റോക്കോം: പണ്ടൊക്കെ ദൈവം പിന്നെ പിന്നെ. ഇപ്പോ ദൈവം ഒരുവർഷം തികയും മുന്നേ.. ​ഗ്രാമങ്ങളിലെ സൗഹൃദ ചർച്ചകളിൽ ഉയരാറുള്ള ഈ വാചകം ഇപ്പോൾ സത്യമായിരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഹാസങ്ങൾക്ക് മുമ്പ് പാത്രമായവർക്കാണ്. തങ്ങളെ പരിഹസിച്ച അതേ വാചകങ്ങൾ ഉ​ദ്ധരിച്ചാണ് പലരും തോൽവി സമ്മതിക്കാൻ കൂട്ടാക്കാത്ത ട്രംപിനെ കളിയാക്കുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബർഗിന് തന്നെ കളിയാക്കിയ ട്രംപിനെ അതേ വാക്കുകൾ ഉപയോ​ഗിച്ച് കളിയാക്കാൻ 11 മാസം മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളു.

യുഎസ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് മൂന്നാം ദിവസവും ഫലത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ ജനവിധി പ്രതികൂലമാണെന്നു വ്യക്തമായതോടെ ട്രംപ് വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതിനെ വിമർശിച്ചാണ് ഗ്രെറ്റയുടെ ട്വീറ്റ്. ‘വിഡ്ഢിത്തം. തന്റെ ദേഷ്യം നിയന്ത്രിക്കാനുള്ള എന്തെങ്കിലും കാര്യങ്ങളാണ് ഡോണൾഡ് ചെയ്യേണ്ടത്. അതിനുശേഷം ഒരു സുഹൃത്തിനൊപ്പം പഴയ ഒരു സിനിമ പോയി കാണുക. ചിൽ ഡോണൾഡ്, ചിൽ' – എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്. ‘സ്റ്റോപ്പ് ദി കൗണ്ട്' എന്ന ട്രംപിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഗ്രെറ്റയുടെ പരിഹാസം.

ട്രംപിനെ നിരന്തരമായി വിമർശിക്കുന്നയാളാണ് ഗ്രെറ്റ. കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ട്രംപിന്റെ നിലപാടിന്റെ പേരിൽ ഇരുവരും കൊമ്പുകോർത്തിട്ടുണ്ട്. 2019 ഡിസംബറിൽ ടൈം മാഗസിന്റെ പഴ്സൻ ഓഫ് ദി ഇയർ ആയി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റയെ തിരഞ്ഞെടുത്തിരുന്നു. അന്ന് അതിനെ പരിഹസിച്ച് ഇതേ വാചകങ്ങളാണ് ട്രംപ് ഉപയോഗിച്ചത്.

‘വിഡ്ഢിത്തം. തന്റെ ദേഷ്യം നിയന്ത്രിക്കാനുള്ള എന്തെങ്കിലും കാര്യങ്ങളാണ് ഗ്രെറ്റ ചെയ്യേണ്ടത്. അതിനുശേഷം ഒരു സുഹൃത്തിനൊപ്പം പഴയ ഒരു സിനിമ പോയി കാണുക. ചിൽ ഗ്രെറ്റ, ചിൽ' – എന്നാണ് ട്രംപ് അന്ന് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ പരിഹാസ ട്വീറ്റിനു മറുപടി കൊടുക്കാൻ ഗ്രെറ്റയ്ക്ക് 11 മാസമേ കാത്തിരിക്കേണ്ടിവന്നുള്ളൂ.